- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആഗോള അയ്യപ്പ സംഗമത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ച് എന്‍എസ്എസ്; ആരോഗ്യ പ്രശ്നങ്ങളുള്ള ജി സുകുമാരന്‍ നായര്‍ പങ്കെടുക്കില്ല, പകരം പ്രതിനിധിയെ അയക്കും; അയ്യപ്പ സംഗമത്തില്‍ സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പിച്ചു ദേവസ്വം ബോര്‍ഡ്
ആഗോള അയ്യപ്പ സംഗമത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ച് എന്‍എസ്എസ്
പെരുന്ന: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ച് എന്‍എസ്എസും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പി എസ് പ്രശാന്ത് എന്‍എസ്എസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് പരിപാടിയിലേക്ക് എന്‍എസ്എസിനെ ക്ഷണിച്ചത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചത്. അതിനാല്‍ പരിപാടിയില്‍ നേരിട്ടു പങ്കെടുക്കില്ല. കരം എന്‍എസ്എസിന്റെ പ്രതിനിധിയെ ആയിരിക്കും അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അയക്കുക.
ജി സുകുമാരന്‍ നായര്‍ക്ക് പുറമെ വെള്ളാപ്പള്ളി നടേശനെയും പി എസ് പ്രശാന്ത് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി ക്ഷണിച്ചിരുന്നു. ഇരുവരും സംഗമത്തിന് പിന്തുണ നല്‍കിയെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നീക്കം ആണെന്ന് പറഞ്ഞ് പ്രതിപക്ഷം ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്. ഈ പശ്ചാത്തലത്തിലാണ് സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.
കൂടിക്കാഴ്ചയെ കുറിച്ച് പരസ്യ പ്രതികരണത്തിന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി തയ്യാറായില്ല. എന്നാല്‍ സംഘപരിവാര്‍ പന്തളത്ത് നടത്തുന്ന ബദല്‍ സംഗമത്തെ വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു. അയ്യപ്പ സംഗമത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച വെള്ളാപ്പള്ളി നടേശന്‍ ചടങ്ങ് ശബരിമലയ്ക്ക് ലോകപ്രസക്തി നല്‍കുമെന്നും പ്രതികരിച്ചു. ശബരിമലയുടെ വളര്‍ച്ച വലിയ വരുമാനസാധ്യതയാണ്. അയ്യപ്പസംഗമത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ല. അങ്ങനെ പറയുന്നവര്‍ കാടടച്ച് വെടിവെയ്ക്കുകയാണ്. ആഗോള അയ്യപ്പസംഗമത്തെ ഭക്തര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
കേരളത്തിനും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഒരുപാട് സമ്പത്ത് ലഭിക്കാന്‍ പോകുന്ന ബൃഹത്തായ പരിപാടിയാണ് ആഗോള അയ്യപ്പ സംഗമം. ജാതിമത വര്‍ണ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പോകാനും പ്രാര്‍ഥിക്കാനും കഴിയുന്ന ഇന്ത്യയിലെ തന്നെ ഏക ക്ഷേത്രമാണ് ശബരിമല. ശബരിമലയ്ക്ക് ഗുണം ചെയ്യുന്ന വിഷയത്തില്‍ കക്ഷിരാഷ്ട്രീയം, സ്ത്രീപ്രശ്‌നം, പിണറായി വിമര്‍ശനം എന്നിവയ്ക്ക് ഉപയോഗിച്ച് സമയം കളയുകയല്ല വേണ്ടത്. ചര്‍ച്ചകള്‍ നടക്കണം, നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉയരണം. പ്രായോഗികമായിട്ടുള്ളത് സ്വീകരിക്കും. അതിനെല്ലാവരും സഹകരിക്കുകയാണ് വേണ്ടത്. അവിടെയും ഇവിടെയും ഇരുന്ന് പത്രപ്രസ്താവന ഇറക്കിയിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണം എന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. കേസുകളില്‍പ്പെട്ടുപ്പോയ ഒരുപാട് നിരപരാധികളുണ്ട്. ആ കേസുകള്‍ പിന്‍വലിക്കണം. ഇക്കാര്യം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിക്കും എന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ശബരിമല വിഷയം ഉള്‍പ്പെടെ സിപിഎമ്മിനോട് കടുത്ത എതിര്‍പ്പുണ്ടായ സമയത്ത് നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 99 സീറ്റില്‍ വിജയിച്ച് പിണറായി പിന്നെയും മുഖ്യമന്ത്രിയായി. വിമര്‍ശകര്‍ കാടടച്ച് വെടിവെയ്ക്കുകയാണ്. മനുഷ്യന്റെ ബുദ്ധിയെ ചൂഷണംചെയ്യരുതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
അതേസമയം, എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും അനുനയിപ്പിച്ച സാഹചര്യത്തില്‍ മറ്റു സമുദായ നേതാക്കളെയും നേരിട്ട് കണ്ട് ക്ഷണിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഈ മാസം 20 നാണ് പമ്പയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം.ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമായി മാറ്റുക എന്ന പ്രധാന ലക്ഷ്യതോടെയാണ് പരിപാടി നടത്തുന്നത്.