ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ചോദ്യ പേപ്പറുകൾ പരീക്ഷയ്ക്ക് ഏറെ മുമ്പേ ചോരുന്നത് കേന്ദ്ര സർക്കാരിന് തലവേദനയാകുന്നു. ജൂൺ 25 മുതൽ 27 വരെ നടത്താനിരുന്ന സിഎസ്‌ഐആർ നെറ്റ് പരീക്ഷ റദ്ദാക്കിയതും ചോദ്യ പേപ്പർ ചോർന്നതുമൂലമാണ്. ചോദ്യ പേപ്പർ ചോർന്നതായി നേരത്തെ സൂചന ലഭിച്ചതിനാലാണ് പരീക്ഷ റദ്ദാക്കിയത്. നീറ്റിലും യുജിസി നെറ്റിലും ചോദ്യ പേപ്പർ ചോർച്ച ചർച്ചയായിരുന്നു. നെറ്റ് പരീക്ഷയുടെ ചോദ്യങ്ങൾ ടെലഗ്രാമിൽ വൈറലായി. ഇതെല്ലാം പരീക്ഷ നടത്തിപ്പിൽ വലിയ പ്രതിസന്ധിയായി മാറുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാണ് സിഎസ്‌ഐആർ നെറ്റ് പരീക്ഷ റദ്ദാക്കാൻ നിർദ്ദേശം നൽകിയത്. കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷാ ഫലവും വൈകാൻ സാധ്യതയുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച പരീക്ഷ മാറ്റിവച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിരുന്നു. ഒഴിവാക്കാനാകാത്ത സാഹചര്യം കാരണമാണു പരീക്ഷ നീട്ടുന്നതെന്നായിരുന്നു വിശദീകരണം. പുതുക്കിയ തീയതി പിന്നീട് വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്നും എൻടിഎ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ചോദ്യ പേപ്പർ ചോർന്നതിനാലാണ് പരീക്ഷ റദ്ദാക്കിയതെന്ന വിവരം ചർച്ചയായത്.

പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നെന്ന സംശയത്തെ തുടർന്ന് ജൂൺ 18ന് നടന്ന യുജിസി നെറ്റ് പരീക്ഷയും എൻടിഎ റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. നീറ്റ് യു.ജി പരീക്ഷാക്രമക്കേടിനു പിന്നാലെ ചോദ്യച്ചോർച്ചയെ തുടർന്ന് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കുക കൂടി ചെയ്തതോടെ, രാജ്യത്തെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷാ നടത്തിപ്പു സ്ഥാപനമായ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) സംശയമുനയിൽ ആയിരുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എൻ.ടി.എയുടെ പരീക്ഷാ നടത്തിപ്പിലുള്ള വിശ്വാസ്യതയും തകരുകയാണ്.

എൻജിനിയറിങ്, മെഡിസിൻ, മാനേജ്‌മെന്റ്, ഫാർമസി തുടങ്ങിയ പ്രധാന കോഴ്‌സുകളിലേക്കും കേന്ദ്ര സർവകലാശാലകളിലെക്കുള്ള പ്രവേശനവും എൻ.ടി.എ നടത്തുന്ന വിവിധ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്. ഏകദേശം 65 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം എൻ.ടി.എ നടത്തിയ വിവിധ പ്രവേശന പരീക്ഷകളെഴുതിയത്.സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) നടത്തിയിരുന്ന നീറ്റ് യു.ജി, ജെ.ഇ.ഇ മെയിൻ തുടങ്ങിയ പരീക്ഷകൾ 2019 മുതലാണ് എൻ.ടി.എ ഏറ്റെടുത്തത്. അന്നൊന്നും നേരിടാത്ത പ്രതിസന്ധിയാണ് പരീക്ഷാ നടത്തിപ്പിനു മാത്രമായി 2017-ൽ രൂപീകരിച്ച ഏജൻസി ഇപ്പോൾ നേരിടുന്നത്.

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി ബീഹാർ പൊലീസ് അതിവേഗ നടപടികളിലാണ്. കേസിലെ മുഖ്യ കണ്ണിയായ സഞ്ജീവ് മുഖിയക്കായി തെരച്ചിൽ പൊലീസ് തുടരുകയാണ്. ഇയാളുടെ മകൻ നിലവിൽ ബീഹാർ പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജയിലിലാണ്. സഞ്ജീവിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെയും സമാനമായ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ചോദ്യപേപ്പർ ചോർന്നത് ഝാർഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നാണെന്ന റിപ്പോർട്ടുകളുമുണ്ട്. ഇതിനിടെ, ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികൾക്കായുള്ള പുനഃപരീക്ഷ പുതിയ കേന്ദ്രങ്ങളിലായി നാളെ നടക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷ പുതിയ സെന്ററുകളിലാണ് പരീക്ഷ നടത്തുക. വിവാദമായ ഏഴ് സെന്ററുകളിൽ ആറെണ്ണത്തിലും മാറ്റം വരുത്തിയതായി എൻടിഎ അറിയിച്ചു. രണ്ട് പേർ മാത്രം പരീക്ഷ എഴുതുന്ന ചണ്ഡിഗഡിലെ സെന്റർ മാത്രം നിലനിർത്തിയിട്ടുണ്ട്. ഹരിയാന, മേഘാലയ, ഛത്തീസ്‌ഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് മറ്റ് ആറ് സെന്ററുകൾ.