ലണ്ടന്‍: ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു യൂണിവേഴ്സിറ്റിയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 80 ശതമാനം വരെയാണ് കുറവുണ്ടായതെന്നും കണക്കുകള്‍ പറയുന്നു. ഹൈയര്‍ എഡ്യൂക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സി (എച്ച് ഇ എസ് എ) യുടെ കണക്കുകള്‍ അനുസരിച്ച് 2023 - 24 അധ്യയന വര്‍ഷത്തില്‍ ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളില്‍ ആകെ 7 ശതമാനത്തോളം കുറവാണ് വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ അനുഭവപ്പെട്ടത്.

അതേസയം, യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള പോസ്റ്റ് ഗ്രാഡ്വേറ്റ് എന്റോളുമെന്റുകളില്‍ 10 ശതമാനത്തിന്റെ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് വിദ്യാഭ്യാസ മേഖലയുടെ പ്രധാന വിപണികളായ നൈജീരിയ, ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരിക്കുന്നത്. നൈജീരിയന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 36 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 15 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ചൈനയില്‍ നിന്നും 4 ശതമാനം വിദ്യാര്‍ത്ഥികള്‍ കുറഞ്ഞു. അന്താരാഷ്ട്ര വിദ്യാഭ്യാസ നിരീക്ഷക വെബ്‌സൈറ്റ് ആയ ഐ സി ഇ എഫ് മോണിറ്ററിലാണ് ഈ കണക്കുകള്‍ വന്നിട്ടുള്ളത്.

2023 - 2024 കാലഘട്ടത്തില്‍ മൊത്തം 7,32,285 വിദേശ വിദ്യാര്‍ത്ഥികളാണ് ബ്രിട്ടനിലെ വിവിധ യൂണിവേഴ്സിറ്റികളിലായി എന്റോള്‍ ചെയ്തത്. അതില്‍ 6,56,735 പേരും വന്നത് യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നായിരുന്നു. 1992 ന് ശേഷം നിലവില്‍ വന്ന യൂണിവേഴ്സിറ്റികളെയാണ് ഈ പ്രതിസന്ധി ഗുരുതരമായി ബാധിച്ചിരിക്കുന്നത്. ഇത്തരം നൂതന യൂണിവേഴ്സിറ്റികളില്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 15 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2024 ആരംഭം മുതല്‍ തന്നെ ഇന്ത്യയില്‍ നിന്നും നൈജീരിയയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞതോടെയാണ് ഈ പ്രതിസന്ധി ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഏറ്റവും അധികം കുറവുണ്ടായിരിക്കുന്നത് സ്റ്റഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റിയിലാണ്. 2022 - 23 അദ്ധ്യയന വര്‍ഷം 1205 വിദേശ വിദ്യാര്‍ത്ഥികള്‍ എന്റോള്‍ ചെയ്തപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് 255 ആയി കുറഞ്ഞു. അതായത്, 79 ശതമാനത്തിന്റെ കുറവാണ് വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇവിടെ ഉണ്ടായിരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ക്രിയേറ്റീവ് ആര്‍ട്ട്‌സ് (54 ശതമാനം), യൂണിവേഴ്സിറ്റി ഓഫ് വോഴ്സ്റ്റര്‍ (53 ശതമാനം) യൂണിവേഴ്സിറ്റി ഓഫ് സെന്‍ട്രല്‍ ലങ്കാഷയര്‍ (50 ശതമാനം) എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായ മറ്റ് യൂണിവേഴ്സിറ്റികള്‍.

മറ്റു പല യൂണിവേഴ്സിറ്റികളിലും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 40 ശതമാനമോ അതിലധികമോ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിതരെ കൊണ്ടു വരുന്നതിനു അനുമതി നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നയമാണ് ഈ ഇടി9വിന് കാരണമെന്നാണ് വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ പറയുന്നത്. ഇത് ഈ മേഖ്‌ലലയില്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിനും വഴിയൊരുക്കിയിട്ടുണ്ട്.