കോഴഞ്ചേരി: അണുബോംബിന്റെ മാരക പ്രഹരശേഷിയെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം? ഹിരോഷിമയിലും നാഗസാക്കിയിലും വീണ ബോംബ് അവശേഷിപ്പിച്ച ഞെട്ടിക്കുന്ന സത്യങ്ങൾ പങ്കു വയ്ക്കുകയാണ് ജപ്പാനിൽ നിന്നുള്ള ഗവേഷകയും മാധ്യമ പ്രവർത്തകയുമായ തമാമി കവകാമി. യുദ്ധവും തീവ്രവാദവും ഒന്നിനും ഒരു പരിഹാരമല്ലെന്നും ഇതുകൊണ്ട് പ്രകൃതിയെയും മനുഷ്യരാശിയെയും ഒരു പോലെ ഉന്മൂലനം ചെയ്യാൻ മാത്രമേ സാധിക്കുകയുള്ളൂവെന്നും അവർ പറഞ്ഞു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടക്കൊലയാണ് രണ്ടാം ലോകമഹാ യുദ്ധത്തിൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബാക്രമണത്തിലൂടെ അമേരിക്ക നടത്തിയത്.

ഗുരുതരമായ പ്രത്യാഘാതങ്ങൾ വർഷങ്ങൾക്ക് ശേഷം ഇപ്പോഴും അനുഭവിക്കാനാണ് ഇവരുടെവിധി. നാഗസാക്കിയിൽ ജീവിച്ച തന്റെ പിതാവും ബന്ധുക്കളും ആ ദുരന്തം കൺമുൻപിൽ കണ്ടവരാണ്. ആ നാടും നാട്ടുകാരും ഓർമ്മ മാത്രമായി. ദുരന്തത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പിതാവ് അതിന്റെ ദുരന്തവും പേറി പിന്നീട് ടോക്കിയോവിലേക്ക് മാറി. അണു ബോംബാക്രമണത്തിന് ഇരയായവരുടെ ഭൗതിക
അവശിഷ്ടങ്ങളിൽ നടത്തിയ പഠനത്തിൽ റേഡിയേഷന്റെ അളവ് ചിന്തിക്കുന്നതിലും അപ്പുറത്താണ്.

കൊല്ലപ്പെട്ടവരുടെ താടിയെല്ല് പരിശോധിച്ചപ്പോൾ 9.46 ഗ്രേ എന്നാണ് ലഭിച്ചത്. ഇതിന്റെ പകുതിയോളം ഉണ്ടെങ്കിൽ തന്നെ ഒരു മനുഷ്യ ശരീരം മാരകമായ റേഡിയേഷന് വിധേയമാകുമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ജപ്പാനിലെയും ഇന്്ത്യയിലെയും ഗ്രാമങ്ങളെയും ഗ്രാമീണ ആളുകളുടെ ജീവിത രീതി, കുടുംബ ബന്ധങ്ങൾ, സ്ത്രീ ശാക്തീകരണം എന്നിവയെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായിട്ടാണ് തമാമി കവകാമി കേരളത്തിൽ എത്തിയത്.

നിയമ വിദഗ്ധനായ വർഗീസ് മാമ്മൻ, സാമൂഹിക ശാസ്ത്ര ഗവേഷകനായ കെ.എൻ. തോമസ് കുറ്റിയിൽ, വിദ്യാഭ്യാസ വിദഗ്ധനും ആഫ്രിക്കയിലും നൈജീരിയിലും അദ്ധ്യാപകനുമായ ജോൺ കെ. കോശി, ഇരവിപേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോൺ, പൊതു പ്രവർത്തകനായ സുബിൻ നീറുംപ്ലാക്കൽ, സിവിൽ എൻജിനീയറായ തോമസ് ജോൺ വാഴുവേലിൽ എന്നിവരുമായി ചർച്ച നടത്തി. ഇരവിപേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബിന്റെ സഹായത്തോടെ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നേരിൽ സന്ദർശിച്ചു.

കേരളത്തിൽ സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് വേഗത്തിൽ ലഭിക്കുന്നതിനു വേണ്ടി സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ കുറിച്ചു പഠിക്കാനായി കുമ്പനാട് അക്ഷയ കേന്ദ്രവും ഇവർ സന്ദർശിച്ചു. പ്രദേശിക തലത്തിൽ സർക്കാർ സഹകരണത്തോടെയുള്ള ഇത്തരം പ്രവർത്തനങ്ങൾ മാതൃകയാണ്. പൊതു പ്രവർത്തകനും സുഹൃത്തുമായ സുബിൻ നീറുംപ്ലാക്കൽ കോവിഡ് കാലത്ത് അഞ്ച് ദിവസം പ്രായമുള്ള കുട്ടിയുടെ അടിയന്തര ശസ്ത്രക്രിയക്ക് വേണ്ടി നടത്തിയ മാനുഷികമായ ഇടപെടൽ ജപ്പാനിലെ ചില പ്രാദേശിക സോഷ്യൽ മീഡിയലേക്ക് തമാമി തർജമ ചെയ്തിട്ടുണ്ട്.