കൊച്ചി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതികരിച്ചു സിറോ മലബാര്‍ സഭ. കന്യാസ്ത്രീകളുടെ അറസ്റ്റ് നിയമവാഴ്ച്ചയോടുളള വെല്ലുവിളിയാണെന്ന് സിറോ മലബാര്‍ സഭ വ്യക്തമാക്കി. സഭാവസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ ഭയപ്പെടുന്ന സ്ഥിതിയാണെന്നും നിയമസംവിധാനങ്ങള്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും സിറോ മലബാര്‍ സഭ പറഞ്ഞു.

'സിസ്റ്റര്‍ വന്ദനയും സിസ്റ്റര്‍ പ്രീതിയും യാത്ര ചെയ്തിരുന്നത് ആവശ്യമായ രേഖകളോടെയാണ്. ആള്‍ക്കൂട്ട വിചാരണയും ദുരാരോപണവുമാണ് നടക്കുന്നത്. ആള്‍ക്കൂട്ടവും സംഘടനകളും ഭരണഘടനയ്ക്ക് മീതേ പോലും വളരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടല്‍ വേണം'-സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു.

ഛത്തീസ്ഗഡിലെ ദുര്‍ഗിലാണ് മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവരാണ് അറസ്റ്റിലായത്. റെയില്‍വെ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്.

19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍. റെയില്‍വെ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ചെയ്തു.

കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കി. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കി. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്റംഗ്ദളോ പൊലീസോ തയ്യാറായില്ല. തുടര്‍ന്നാണ് റെയില്‍വേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരു കന്യാസ്ത്രീകളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അതേസമയം ഇത്തരം പ്രശ്‌നങ്ങള്‍ പതിവായതോടെ പൊതുവിടങ്ങളില്‍ യാത്രചെയ്യുമ്പോള്‍ സഭാവസ്ത്രം ഉപേക്ഷിച്ച് സാധാരണവേഷം ധരിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് അനൗദ്യോഗിക നിര്‍ദേശം. ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന വൈദികര്‍തന്നെയാണ് വൈദികരുടെയും കന്യാസ്ത്രീകളുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്.

ഇതു ചെയ്യാറുണ്ടെങ്കിലും സഹോദരനൊപ്പം വരുന്ന പെണ്‍കുട്ടികളെച്ചൊല്ലി വിവാദമുണ്ടാകുമെന്നു കരുതിയില്ലെന്ന് മുതിര്‍ന്ന കന്യാസ്ത്രീ പറഞ്ഞു. ജോലിക്കുവരുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളെ കൂട്ടാനും അവരുടെ യാത്രാച്ചെലവ് വഹിക്കാനുമാണ് മറ്റൊരു നിര്‍ദേശം. ജാഗ്രത എന്ന നിലയില്‍ ഇങ്ങനെ അനൗദ്യോഗികമായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അമൃത്സറില്‍ പ്രവര്‍ത്തിക്കുന്ന ഫാ. സുരേഷ് മാത്യു പറഞ്ഞു.