- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്‍മോഹന്‍ സിംഗിന്റെ ഓര്‍മ്മകളില്‍ നീറി മോനിപ്പള്ളിക്കാരിയായ നഴ്‌സ് നിബി രഞ്ജിത്; ഇന്ന് ഡല്‍ഹിയില്‍ മന്മോഹന്റെ ചിത എരിയുമ്പോള്‍ ചെസ്റ്ററിലെ നിബിയുടെ മനസിലും ഓര്‍മ്മകളുടെ കനലെരിയും; ഹൃദയ ശാസ്ത്രക്രിയയ്ക്കും തുടര്‍ന്ന് വീട്ടിലെ വിശ്രമത്തിനും കൂട്ടായെത്തിയ നിബിക്ക് നെഞ്ചോട് ചേര്‍ത്ത് വയ്ക്കാന്‍ മന്‍മോഹന്‍ എഴുതിയ കത്ത് കൂട്ടിനുണ്ട്
മന്‍മോഹന്‍ സിംഗിന്റെ ഓര്‍മ്മകളില്‍ നീറി നഴ്‌സ് നിബി രഞ്ജിത്
കവന്‍ട്രി: ആധുനിക ഇന്ത്യയെ കൈപിടിച്ച് നടത്തിയ അതുല്യ പ്രതിഭയായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ഇന്ന് ഡല്‍ഹിയില്‍ അഗ്‌നി നാളങ്ങളില്‍ എരിഞ്ഞടങ്ങുമ്പോള്‍ അങ്ങകലെ ബ്രിട്ടനിലെ ചെസ്റ്ററില്‍ മലയാളി നഴ്‌സ് ആയ നിബി രഞ്ജിത് ഓര്‍മകളുടെ കനലില്‍ സ്വയം നീറുക ആയിരിക്കും. പതിന്നാലു വര്‍ഷം മുന്‍പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ഹൃദയ ശസ്ത്രക്രിയ വേണ്ടി വന്നപ്പോള്‍ ഡല്‍ഹി എയിംസില്‍ എത്തിയ മുംബൈയില്‍ നിന്നുള്ള സ്പെഷ്യല്‍ മെഡിക്കല്‍ ടീമിലെ അംഗം ആയിരുന്നു മലയാളി നഴ്‌സ് ആയ നിബി രഞ്ജിത്. ടീമില്‍ വേറെയും മലയാളി ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും അവരില്‍ നിബി മാത്രമാണ് ഇപ്പോള്‍ യുകെ മലയാളികള്‍ക്കിടയില്‍ എത്തിയിരിക്കുന്നത്.
മന്‍മോഹന്‍ സിംഗ് ചികിത്സാ കഴിഞ്ഞു വീട്ടില്‍ വിശ്രമിക്കാന്‍ പോയപ്പോഴും നിബിയെ കൂടെ കൂട്ടുക ആയിരുന്നു എന്നതാണ് ഏറ്റവും പ്രധാനമാകുന്നത്. ഒരു മാസത്തോളം അദ്ദേഹത്തെ വീട്ടില്‍ പരിചരിച്ച ശേഷം മടങ്ങുമ്പോഴേക്കും നിബി ഒരു കുടുംബാംഗത്തെ പോലെ ആയി മാറിക്കഴിഞ്ഞിരുന്നു. ഈ ഇഴപിരിയാത്ത ആത്മ ബന്ധമാണ് ഇപ്പോള്‍ ഡെല്‍ഹിയില്‍ അനേകായിരങ്ങള്‍ അശ്രുപൂജ അര്‍പ്പിക്കുമ്പോള്‍ ദൂരെ ദൂരെ ബ്രിട്ടനിലെ ചെസ്റ്ററിലുള്ള വീട്ടിലിരുന്നു മനസ് കൊണ്ട് പ്രാര്‍ത്ഥനയും വിട പറച്ചിലും നടത്താന്‍ നിബി തയ്യാറാകുന്നത്.
സ്പെഷ്യല്‍ ടീം തയ്യാറായത് മുംബൈയില്‍ നിന്നും, നിബിയടക്കമുള്ളവര്‍ മന്‍മോഹനെ ചികില്‍സിക്കാന്‍ സ്പെഷ്യല്‍ ഫ്ളൈറ്റില്‍ ഡല്‍ഹിയില്‍ എത്തിയത് രോഗിയാരെന്നറിയാതെ
ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ട്രാക് റെക്കോര്‍ഡ് ഉള്ള ആശുപത്രിയില്‍ ജോലി ചെയ്യാനായതാണ് നിബി ജോസഫിന്റെ നഴ്സിംഗ് ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ഹൃദയ ശസ്ത്രക്രിയ വേണ്ടി വന്നപ്പോള്‍ സ്വാഭാവികമായും രാജ്യത്തെ മികച്ച കാര്‍ഡിയാക് സര്‍ജനെയാണ് പ്രധാനമന്ത്രിയുടെ ഓഫിസ് തിരക്കിയത്. ആ അന്വേഷണം ചെന്നെത്തിയത് മുംബയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലിലെ സീനിയര്‍ സര്‍ജനായ ഡോ. രമാകാന്ത് പാണ്ഡെയിലാണ്. അദ്ദേഹത്തിന്റെ ടീമില്‍ ജോലി ചെയ്തിരുന്നതാണ് നിബിയെയും മന്‍മോഹനെ ചികിത്സിക്കാനുള്ള ടീമിലേക്ക് എത്തിച്ചതില്‍ പ്രധാന കാരണമായി മാറിയത്. 2009ല്‍ പ്രധാനമന്ത്രിയുടെ തിരക്കുള്ള കസേരയില്‍ നിന്നും നിര്‍ബന്ധപൂര്‍വം ആശുപത്രി ബെഡിലേക്ക് അദ്ദേഹത്തെ എത്തിക്കാന്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫിസ് വളരെ പണിപ്പെട്ടിരുന്നു.
എന്നാല്‍ രമാകാന്ത് പാണ്ഡെയുടെ നേതൃത്വത്തില്‍ ഉള്ള 11 അംഗ മെഡിക്കല്‍ സംഘം അതിവേഗം ഡല്‍ഹി എയിംസ് ഹോസ്പിറ്റലില്‍ എത്തി ചികിത്സയുടെ നിയന്ത്രണം ഏറ്റെടുക്കുകയും അധികം വൈകാതെ രോഗിയുടെ വേഷത്തില്‍ മന്‍മോഹന്‍ ആശുപത്രിയിലേക്ക് എത്തുകയും ആയിരുന്നു. അപ്പോള്‍ മാത്രമാണ് തങ്ങള്‍ ചികിത്സിക്കുന്നത് വി വിഐപി രോഗിയെ ആണെന്ന് നിബി അടക്കമുള്ള ടീമിലെ പലരും തിരിച്ചറിയുന്നത്. സുരക്ഷാ കാരണങ്ങള്‍ മൂലമാണ് അതീവ രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ചതെന്ന് അന്ന് ക്ഷമാപണത്തോടെയാണ് ഔദ്യോഗിക സംഘം നിബി അടക്കമുള്ളവരെ അറിയിച്ചതെന്നും ഓര്‍ത്തെടുക്കുകയാണ് കോട്ടയം മോനിപ്പള്ളി കൊച്ചുപറമ്പില്‍ കുടുംബത്തിലെ ഈ സ്‌പെഷ്യലിസ്റ്റ് നഴ്‌സ്.
ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക്, മറക്കാനാകാത്ത അനുഭവം
ആശുപത്രിയില്‍ പ്രധാനമായും സര്‍ജറിക്ക് ശേഷമുള്ള രോഗി പരിചരണം ആയിരുന്നു നിബി അടക്കമുള്ളവരുടെ ചുമതല. അന്ന് എയിംസിലെ സാധാരണ ജീവനക്കാരെ ആ പരിസരത്തേക്ക് പോലും അടുപ്പിച്ചിരുന്നില്ല എന്നാണ് ഇപ്പോള്‍ നിബി ഓര്‍ത്തെടുക്കുന്നത്. ഒരാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സാന്നിധ്യം അനിവാര്യം ആണെന്ന് മെഡിക്കല്‍ ടീം തീര്‍പ്പ് കല്‍പിച്ചപ്പോഴും നിബിയടക്കം രണ്ടു മലയാളി നഴ്സുമാര്‍ക്ക് തന്നെയാണ് നറുക്ക് വീണത്.
തലയില്‍ ടര്‍ബന്‍ പോലും ധരിക്കാതെ, ഒരു നാട്യവും ഇല്ലാതെ മുന്നില്‍ എത്തിയിരുന്ന മന്‍മോഹനും സാധാരണ വീട്ടമ്മയുടെ മട്ടും ഭാവവും ഉള്ള അദ്ദേഹത്തിന്റെ പത്‌നിക്കും ഒപ്പം ഒരു മാസത്തോളം അവര്‍ നല്‍കിയ ഗസ്റ്റ് ഹൗസില്‍ താമസിച്ചാണ് നിബിയും കൂട്ടുകാരിയും അദ്ദേഹത്തിന്റെ ദിനചര്യകള്‍ നിരീക്ഷിച്ചിരുന്നത്. ഒടുവില്‍ പ്രധാനമന്ത്രി പൂര്‍ണമായും സാധാരണ നിലയിലേക്കു മടങ്ങുന്നു എന്ന് ഉറപ്പായപ്പോള്‍ ജോലി അവസാനിപ്പിച്ച് ആശുപത്രിയിലേക്ക് മടങ്ങാന്‍ തീരുമാനിക്കുമ്പോള്‍ നിബിയും കൂട്ടുകാരിയും ആവശ്യപ്പെട്ടത് ഒരു ഫോട്ടോ മാത്രമാണ്.
എന്നാല്‍ അവരെ അമ്പരപ്പിച്ചു പിറ്റേന്ന് ജോലിക്ക് വരുമ്പോള്‍ സാധാരണ വേഷം ഒക്കെ മാറ്റി ഔദ്യോഗിക വേഷ വിധാനത്തോടെ ഭാര്യക്കൊപ്പം തന്നെ പരിചരിച്ച നഴ്സുമാരെ കാത്തു നില്‍ക്കുന്ന മന്‍മോഹനെയാണ് നിബിക്ക് കാണാനായത്. ഫോട്ടോഗ്രാഫറെയും അദ്ദേഹം തന്നെ തയ്യാറാക്കിയിരുന്നു. നിബിക്ക് എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള വികാര നിര്‍ഭരമായ ഒരു ഡയറി കുറിപ്പും അദ്ദേഹം അന്ന് സമ്മാനിച്ചിരുന്നു. ആ ഡയറി ഇപ്പോള്‍ കേരളത്തിലെ വീട്ടില്‍ ആണല്ലോ എന്ന കുണ്ഠിതമാണ് ഇന്നലെ നിബി മറുനാടന്‍ മലയാളിയോട് പങ്കുവച്ചത്.
എന്നാലും മന്‍മോഹന്‍ സിംഗും ഭാര്യയും നിബിക്ക് നന്ദി പറയുന്ന ഒരു ഔദ്യഗിക കത്ത് കൈമാറിയത് ലോകത്തെവിടെ പോയാലും ഒരു നിധി പോലെ കരുതുന്ന നിബി അത് വേദന പിടയുന്ന മനസോടെയാണ് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഒരു നഴ്‌സ് എന്ന നിലയില്‍ 20 വര്‍ഷത്തെ സേവന പാരമ്പര്യം ഉള്ള തനിക്ക് ലഭിക്കുന്ന അപൂര്‍വ ആദരവും അംഗീകാരവും ആയാണ് ആ കത്തിനെ കാണുന്നത് എന്നും നിബി പറയുന്നു.
ശസ്ത്രക്രിയക്ക് ശേഷം മന്‍മോഹന്‍ ആരോഗ്യത്തോടെ ജീവിച്ചത് നീണ്ട 16 വര്‍ഷങ്ങള്‍
മറ്റു കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും അല്‍പം റിസ്‌ക് എടുത്താണ് 76കാരനായ പ്രധാനമന്ത്രിക്ക് 2009ല്‍ രമാകാന്ത് പാണ്ഡേയും മറ്റൊരു സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ആയ പ്രദ്യോത് കുമാര്‍ രഥ്, വിജയ് ഡിസില്‍വ, നരേന്ദ്ര ഗാരച്ച എന്നിവരും അടക്കമുള്ള ടീമും ഹൃദയ ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ പ്രായം പരിഗണിക്കുമ്പോള്‍ ഇന്‍ഫെക്ഷന്‍ സാധ്യത വളരെ കൂടുതലായതിനാല്‍ കര്‍ക്കശ നിര്‍ദേശമാണ് നിബിക്ക് മെഡിക്കല്‍ സംഘം നല്‍കിയിരുന്നത്. നഴ്സിംഗ് പഠിച്ചിറങ്ങി അധികം കാലം ആയിട്ടില്ലാത്തതിനാല്‍ എന്ത് റിസ്‌കും ഏറ്റെടുക്കാന്‍ തയ്യാറാകുന്ന പ്രായത്തില്‍ ചെയ്ത ഉത്തരവാദിത്തങ്ങള്‍ ഇപ്പോള്‍ ഓര്‍ത്തെടുക്കുമ്പോള്‍ നെഞ്ചിനുള്ളില്‍ ഒരു പിരിമുറുക്കം തന്നെയാണെന്ന് നിബി അല്‍പം കളിയായും കാര്യമായും പറയുന്നു.
മുഴുവന്‍ മാധ്യമ ശ്രദ്ധയും അധികാരത്തില്‍ തിളങ്ങി നില്‍ക്കുന്ന പ്രധാനമന്ത്രിയില്‍ ആയിരുന്നതിനാല്‍ മെഡിക്കല്‍ ടീമിനുള്ള സമ്മര്‍ദ്ദവും ഏറെ വലുതായിരുന്നു. ഒരു ചെറിയ പനിയോ ജലദോഷമോ അദ്ദേഹത്തിനു പിടിപെട്ടാല്‍ പോലും മുംബൈയില്‍ നിന്നെത്തിയ മെഡിക്കല്‍ ടീമിനെ നിര്‍ത്തിപ്പൊരിക്കാവുന്ന സാഹചര്യമാണ്. എന്നാല്‍ മക്കളെക്കാള്‍ ഒക്കെ ചെറുപ്പമായ തങ്ങളോട് ഏതു നിര്‍ദേശവും അക്ഷരം പ്രതി അനുസരിക്കുന്ന കുട്ടികളെ പോലെയാണ് മന്‍മോഹന്‍ പെരുമാറിയിരുന്നതെന്നും വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്നലെ എന്ന പോലെ നിബി ഓര്‍ത്തെടുക്കുന്നു. അന്ന് നാട്ടിലൊക്കെ തങ്ങളെ കുറിച്ച് വാര്‍ത്തകള്‍ വന്ന കാര്യവും നിബി ഇപ്പോഴും അഭിമാനത്തോടെയാണ് പറയുന്നത്. പ്രധാനമന്ത്രിയുടെ അടുത്ത് വരെയെത്തിയ മലയാളി നഴ്‌സ് എന്നതായിരുന്നു നാട്ടിലൊക്കെ വിളിപ്പേര് തന്നെ.
കണ്ണൂര്‍ക്കാരനായ ഭര്‍ത്താവ് രഞ്ജിത്തിനും മക്കളായ നിഖാര, നീരവ് എന്നിവര്‍ക്കും ഒപ്പം യുകെയിലെ പുതു ജീവിതം ആസ്വദിക്കുകയാണ് നിബി. യുകെയില്‍ അടുത്തകാലത്തെത്തിയ മലയാളി തലമുറയുടെ പ്രതിനിധിയാണ് നിബിയും കുടുംബവും.നിബി