കോട്ടയം: കോട്ടയം സംക്രാന്തിയിലെ 'മലപ്പുറം കുഴിമന്തി' ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടലിലെ മുഖ്യപാചകക്കാരൻ അറസ്റ്റിൽ. മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് സിറാജുദ്ദീനെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലെ കാടാമ്പുഴയിൽ ഒളിവിൽ കഴിയവെയാണ് ഇയാളെ പിടികൂടിയത്.

പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി. ഏറ്റുമാനൂർ കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മരണം സംഭവിച്ച് ഒരാഴ്ച കഴിയുമ്പോഴാണ് ആദ്യ അറസ്റ്റ് ഉണ്ടാവുന്നത്.

ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ട രശ്മി രാജ് ഭക്ഷണം കഴിച്ചത് 'മലപ്പുറം കുഴിമന്തി' എന്ന ഹോട്ടലിൽ നിന്നുതന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഹോട്ടൽ ഉടമകളായ മൂന്ന് മലപ്പുറം സ്വദേശികൾ ഒളിവിലാണ്.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ രശ്മി രാജ് ഡിസംബർ 29-ാം തീയതിയാണ് മലപ്പുറം കുഴിമന്തിയിൽനിന്ന് അൽഫാം വാങ്ങി കഴിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ രാത്രിയോടെ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു.

ഇതോടെ ഹോസ്റ്റലിൽനിന്ന് സഹപ്രവർത്തകർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. അണുബാധ സ്ഥിരീകരിച്ചതോടെ പിന്നീട് ട്രോമാ കെയർ തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റി. നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഭക്ഷ്യവിഷബാധയെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് അണുബാധയുണ്ടായതാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പിന്നീട് വ്യക്തമായി. ഭക്ഷ്യവിഷബാധയേറ്റുള്ള രശ്മിയുടെ മരണത്തിൽ പൊലീസ് നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം നടത്തുന്നത്.

കോട്ടയം സംക്രാന്തിയിലുള്ള പാർക്ക് ഹോട്ടലിന്റെ അടുക്കള ഹോട്ടൽ നിലനിൽക്കുന്ന സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ അകലെയാണ് ഒരുക്കിയിട്ടുള്ളത്. അടുക്കള കെട്ടിടത്തിന് നഗരസഭയുടെ ലൈസൻസില്ല. ഒരു മാസം മുമ്പും ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ ഹോട്ടലിന് നോട്ടീസ് നൽകി. പക്ഷേ പിന്നീടും ഹോട്ടൽ നിർബാധം പ്രവർത്തിച്ചു. കൃത്യമായ പരിശോധനപോലും അന്നുണ്ടായില്ല. ഇതിന് പിന്നാലെയാണ് ഇവിടെ നിന്നും ഭക്ഷണം കഴിച്ച രശ്മി മരണമടഞ്ഞതും നിരവധിപ്പേർ ആശുപത്രിയിലായതും.

യുവതി മരിച്ച സംഭവത്തിൽ ഹോട്ടൽ പാർക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചു തകർത്തിരുന്നു. ബോർഡുകൾ, ചെടിച്ചട്ടികൾ എന്നിവ തകർത്ത പ്രവർത്തകരെ പൊലീസ് ഇടപെട്ടാണു പിന്തിരിപ്പിച്ചത്. രശ്മിയുടെ മരണകാരണം ആന്തരികാവയവങ്ങളിലെ അണുബാധയെന്നാണു പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കരൾ, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളിൽ അണുബാധ സ്ഥിരീകരിച്ചിരുന്നു.