- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരങ്ങൾ പലതായിട്ടും ചൂഷണത്തിന് തെല്ലും കുറവില്ല; ദിവസ വേതനം 1500 രൂപയാക്കണം, കരാർ നിയമനം നിർത്തലാക്കണം തുടങ്ങിയ ആവശ്യങ്ങളോട് മുഖം തിരിച്ച് ആശുപത്രി മാനേജ്മെന്റുകൾ; ജനുവരി അഞ്ചിന് തൃശൂർ ജില്ലയിലെ നഴ്സുമാർ പണിമുടക്കും; പരിഹാരം കണ്ടില്ലെങ്കിൽ സംസ്ഥാന വ്യാപക സമരമെന്ന് യുഎൻഎ
തൃശൂർ: ശമ്പള വർധനവ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ആവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ നഴ്സുമാർ പണിമുടക്ക് നടത്തുന്നു. യു.എൻ.എ(യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ) യുടെ നേതൃത്വത്തിൽ ജനുവരി 5 നാണ് ജില്ലയിലെ മുഴുവൻ നഴ്സുമാരും പണിമുടക്കുന്നത്.
ദിവസ വേതനം 1500 രൂപയാക്കണമെന്നാണ് പ്രധാന ആവശ്യം. ഒരുമാസം മുൻപ് ലേബർ ഓഫീസർക്ക് നൽകിയ പണിമുടക്ക് നോട്ടീസിനെ തുടർന്ന് ലേബർ കമ്മീഷ്ണർ വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. തൃശൂർ ജില്ലാ ലേബർ ഓഫീസർ വിളിച്ച ചർച്ചയിൽ മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തില്ല. സൂചനാ പണിമുടക്കാണിതെന്നും പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കേരളം മുഴുവൻ ശക്തമാക്കാനാണ് തീരുമാനമെന്നും യു.എൻ.എ സംസ്ഥാന സെക്രട്ടറി രശ്മി പരമേശ്വരൻ മറുനാടനോട് പറഞ്ഞു.
*പ്രതിദിന വേതനം 1500 രൂപയാക്കുക.
* കോൺട്രാക്ട് നിയമനങ്ങൾ നിർത്തലാക്കുക.
*ലേബർ നിയമനങ്ങൾ കർശനമായി നടപ്പിലാക്കാൻ ലേബർ ഡിപ്പാർട്ട്മെന്റ് തയ്യാറാവുക.
*മുഴുവൻ പ്രൈവറ്റ് ആശുപത്രികളിലും ഇൻസ്പെക്ഷൻ നടത്തുക.
*നിയമലംഘനങ്ങൾ നടത്തുന്ന മാനേജ്മെന്റുകൾക്കെതിരെ നടപടി എടുക്കുക.
* നിയമ ലംഘനങ്ങൾ നടത്തുന്ന ആശുപത്രികളുടെ പേരുകൾ നോട്ടീസ്ബോർഡുകളിലും പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തുക.
* ആശുപത്രികളിൽ കർശനമായി രോഗി- നഴ്സ് അനുപാതം നടപ്പിലാക്കുക.
*IRC കമ്മിറ്റികളിൽ മുൻ കാലങ്ങളിലെ പോലെ യു.എൻ.എ യുടെ രണ്ട് പ്രതിനിധികളെയെങ്കിലും ഉൾപ്പെടുത്തുക.
*ഇടക്കാലാശ്വാസമായ 50% ശബളവർദ്ധനയെങ്കിലും ഉടൻ നൽകുക.
എന്നീ ആവശ്യങ്ങളാണ് യു.എൻ.എ ആവശ്യപ്പെടുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ മാനേജ്മെന്റുകൾ തയ്യാറാവുന്നില്ല. സംസ്ഥാന തൊഴിൽ വകുപ്പിനെയും തൊഴിൽ നിയമത്തെയും വെല്ലുവിളിക്കുന്നതാണ് ആശുപത്രി ഉടമകളുടെ നിലപാടെന്ന് യുഎൻഎ ചൂണ്ടിക്കാട്ടി. സൂചനാ പണിമുടക്കിന് മുന്നേ അമ്പത് ശതമാനം ഇടക്കാല വർധനവ് നടപ്പിലാക്കുന്ന മാനേജ്മെന്റുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ തൃശൂരിൽ ചേർന്ന യു.എൻ.എ യോഗം തീരുമാനിച്ചു. ആവശ്യങ്ങൾക്ക് മേൽ തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ സെക്രട്ടേറിയേറ്റ് മാർച്ചും, സംസ്ഥാന തലത്തിലുള്ള അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള സമരമുറകളിലേക്ക് സംഘടനയ്ക്ക് കടക്കേണ്ടിവരുമെന്നും യു.എൻ.എ ഭാരവാഹികൾ പറഞ്ഞു.
സൂചനാ പണിമുടക്കിൽ പങ്കെടുക്കുന്ന മുഴുവൻ നഴ്സുമാരും അഞ്ചിന് തൃശൂർ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. ദേശീയ അധ്യക്ഷൻ ജാസ്മിൻഷാ പണിമുടക്ക് സമരം ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി സുധീപ് എം.വി മുഖ്യപ്രഭാഷണം നടത്തും. എ.ഐ.ഡി.വൈ.ഒസംസ്ഥാന സെക്രട്ടറി ഇ.വി. പ്രകാശ്, യു.എൻ.എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സംസ്ഥാന സെക്രട്ടറി രശ്മി പരമേശ്വരൻ, ജിനു ജോസ്, നിതിന്മോൻ സണ്ണി, ടിന്റു തോമസ് തുടങ്ങിയവർ സംസാരിക്കും. രാഷ്ട്രീയ, സംസ്‌കാരിക, സാമൂഹിക പ്രവർത്തകരും സമരത്തിന്റെ ഭാഗമാവുമെന്നും യു.എൻ.എ പ്രതിനിധികൾ അറിയിച്ചു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.