- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുച്ഛമായ ശമ്പളം നൽകി നഴ്‌സുമാരെ കൊണ്ട് അടിമപ്പണി എടുപ്പിച്ച കാലം പോയി; അവസരങ്ങൾ വർധിച്ചതോടെ മിടുക്കരായവർ വിദേശത്തേക്ക് ചേക്കേറി; സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമായതോടെ പരിഹാരം തേടി നെട്ടോട്ടമോടി മാനേജ്‌മെന്റുകൾ; ഇന്റേൺഷിപ്പുകാരെ ബോണ്ടു വ്യവസ്ഥയിൽ ജോലി ചെയ്യിക്കാനുള്ള ആലോചനയിൽ ആശുപത്രികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സിങ് ക്ഷാമം അതീവ രൂക്ഷമാകുന്നതായാണ് റിപ്പോർട്ടുകൾ. ഒരുകാലത്ത് നിരവധി പെൺകുട്ടികൾ ഈ മേഖലയിലേക്ക് കടന്നു വന്നിരുന്നു എങ്കിൽ കേരളത്തിൽ തുച്ഛമായ ശമ്പളം നൽകുന്ന പ്രൊഫഷണനായി മാറിയതോടെ ഈ മേഖലയിലേക്ക് കടന്നു വരുന്നവരുടെ എണ്ണം കുറഞ്ഞു. അതേസമയം പഠിച്ചിറക്കിയ മിടുക്കർ വിദേശത്തേക്ക് ചേക്കേറുകയും ചെയ്തതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാരെ ആവശ്യത്തിന് കിട്ടാനില്ലാത്ത അവസ്ഥയിലാണ്. ഭാവിയിൽ കാര്യങ്ങൾ കൂടുതൽ കുഴഞ്ഞു മറിയുമെന്ന അവസ്ഥ വന്നതോടെ സ്വകാര്യ ആശുപത്രികൾ യോഗം ചേർന്ന് ഭാവിയെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.
വിവിധ മേഖലകളിലായി തിരിഞ്ഞ് യോഗം ചേർന്നിട്ടുണ്ട്. തൊഴിൽ നൈപുണ്യ വകുപ്പും സ്വകാര്യ ആശുപത്രി വ്യവസായ ബന്ധ സമിതിയും ചേർന്നാണ് യോഗങ്ങൾ ചേർന്നത്. എറണാകളും അടക്കമുള്ള മേഖലയിൽ നടന്ന യോഗത്തിൽ നഴ്‌സിങ് ക്ഷാമം പരിഹരിക്കാനുള്ള മാർഗ്ഗങ്ങളും ചർച്ചയായി. മലയാളി നഴ്‌സുമാർ കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നത് കേരളത്തിലെ കാര്യങ്ങൾ അവതാളത്തിലാക്കുന്നു. അതിനാൽ ഇത് നിയന്ത്രിക്കണമെന്ന അഭിപ്രായം പോലും യോഗത്തിൽ ഉയർന്നതായാണ് റിപ്പോർട്ടുകൾ.
ഭാവിയിലെ നഴ്‌സിങ് ക്ഷാമം പരിഹരിക്കാൻ വേണ്ടി കരിക്കുലം വ്യവസ്ഥയിൽ ഇൻേണർഷിപ്പുകാരെ ബോണ്ട് വ്യവസ്ഥയിൽ ആശുപത്രികളിൽ കൂടുതൽ ജോലി ചെയ്യിക്കാൻ ആവശ്യമായ സഹായം ഒരുക്കുന്ന വിധത്തിൽ പാഠ്യവ്യവസ്ഥ പരിഷ്‌ക്കരിക്കുന്നത് അടക്കം സർക്കാർ ആലോചിക്കണമെന്നാണ് അഭിപ്രായം ഉയർന്നിരിക്കുന്നത്. സ്വകാര്യ നഴ്‌സിങ് കോളേജികളിൽ നിന്നും മെറിറ്റ് അടിസ്ഥാനത്തിൽ പഠിച്ചിറങ്ങുന്നവർ വിദേശത്തേക്ക് പോകുന്നത് തങ്ങളെ ബാധിക്കുന്നു എന്നാണ് ആശുപത്രി മാനേജ്‌മെന്റുകൾ ഉയർത്തിയിരിക്കുന്ന പരാതി. കോവിഡിനെ തുടർന്ന് നഴ്‌സിങ് മേഖലയിൽ കൂടുതൽ അവസരങ്ങൾ ആഗോള തലത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കേരളത്തിലെ നഴ്‌സുമാർക്ക് പുതിയ അവസരങ്ങൾ തുറക്കുന്നു. എന്നാൽ, മറുവശത്ത് കേരളത്തിലെ സ്വകാര്യ ആശുപത്രി രംഗത്ത് തിരിച്ചടായാകുകയും ചെയ്യുന്നു.
അതേസയം യുഎൻഎ അടക്കമുള്ളവരുടെ സമരങ്ങളുടെ ഫലമാണ് അൽപ്പമെങ്കിലും പ്രതിഫലം കേരളത്തിലെ നഴ്‌സുമാർക്ക് ഉയർത്തിക്കിട്ടിയത്. ഇക്കാര്യത്തിൽ വീണ്ടും വർധന വരുത്തിയാൽ കേരളത്തിൽ കുറച്ചെങ്കിലും നഴ്‌സുമാരെ പിടിച്ചു നിർത്താൻ കഴിയും. രാപ്പകിലില്ലാതെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ കൂലിക്ക് വേണ്ടി സെക്രട്ടറിയേറ്റിന് മുന്നിൽ 2017ൽ സമരം ചെയ്തത് മലയാളികൾക്ക് അത്രവേഗം മറക്കാനാകില്ല, ഞങ്ങൾ അടികളല്ലെന്നും മാന്യമായ ജോലിയാണ് ചെയ്യുന്നതെന്നും തൊണ്ട പൊട്ടി മുദ്രാവാക്യം വിളിച്ച മാലാഖമാർ അന്ന് കേരളത്തിന്റെ നൊമ്പരമായിരുന്നു.
5000 മുതൽ 6000 രൂപവരെ മാത്രം ശമ്പളം നൽകി നഴ്‌സുമാരെ ചൂഷണം ചെയ്ത ആശുപത്രി ഉടമകൾ കടുത്ത പ്രതിസന്ധിയിലാകുകയും കോടതിയിലെത്തുകയും ചെയ്തിരുന്നു. മിനിമം വേതനം 22000 രൂപയാക്കണമെന്നതായിരുന്നു അന്നത്തെ ആവശ്യം പിന്നാലെ പല ആശുപത്രി ഉടമകളും ആവശ്യം അംഗീകരിക്കാൻ തയ്യാറായി. എന്നാൽ അതോടെ സംസ്ഥാനത്ത് നഴ്‌സിങ് പഠനത്തിനുള്ള ആകർഷണം കുറഞ്ഞു. സംസ്ഥാനത്ത് സീറ്റ് കിട്ടിയാൽ പഠിക്കും. പുറത്ത് പോയി നഴ്‌സിങ് പഠനം നടത്താൻ കുട്ടികളോ അയക്കാൻ രക്ഷിതാക്കളോ തയ്യാറായില്ല. ഇതോടെപ്പം പഠിച്ചു കഴിഞ്ഞവരും നാട്ടി ജോലി ചെയ്തിരുന്നവരും മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി വിദേശത്തേക്ക് പോകാൻ തുടങ്ങി. ഇതാണ് നിലവിൽ സംസ്ഥാനം നേരിടുന്ന നഴ്‌സുമാരുടെ പ്രശ്‌നത്തിന് അടിസ്ഥാനം.
വർഷങ്ങൾക്ക് മുമ്പ് ഈ മേഖലയിൽ വൻകിട മുതലാളിമാർ നടപ്പാക്കിയ തെറ്റായ നയങ്ങളാണ് പ്രശ്ങ്ങൾക്ക് വഴിയൊരുക്കിയതെന്ന് നിസംശയം പറയാം. നഴ്‌സുമാരുടെ വിദേശത്തേക്കുള്ള ഒഴുക്ക് ശക്തമായത് കഴിഞ്ഞ ആറുമാസത്തിനിടെയായിരുന്നു. കൊവിഡാനന്തരം യൂറോപ്പ്യൻ രാജ്യങ്ങളെ കൂടാതെ ഗൾഫ് മേഖലകളിലും ആരോഗ്യമേഖലയ്ക്ക് മുന്തിയ പരിഗണന നൽകിയതോടെ കേരളത്തിന് പുറത്തേക്ക് നഴ്‌സുമാരുടെ വൻ ഒഴുക്ക് തുടങ്ങിയത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം കഴിഞ്ഞ ഒൻപത് മാസത്തിനിടെ 23,000 നഴ്‌സുമാർ കേരളത്തിന് പുറത്തേക്ക് പോയെന്നാണ് അനൗദ്ധ്യോഗിക കണക്ക്.സ്വകാര്യമേഖലയെ കൂടാതെ സർക്കാർ മേഖലയിൽ നിന്നും നഴ്‌സുമാർ വിട്ടുപോകുന്നു.
കേരളത്തിന്റെ ആരോഗ്യമേഖലയിൽ മുൻനിരയിലുള്ള കേന്ദ്രസ്ഥാപനമായ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്‌സ് അടുത്തിടെ ജോലി രാജിവച്ച് അമേരിക്കയിലേക്ക് പോയി. നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമായതോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രി 35,000 രൂപ അടിസ്ഥാന ശമ്പളം വാഗ്ദാനം ചെയ്ത് നഴ്‌സുമാരെ വിളിച്ചിരിക്കുകയാണ്. തൊഴിൽ വിസയിൽ പോകുന്നവരെക്കാൾ സന്ദർശക വിസയിൽ പോയ ശേഷം ജോലി നേടുന്നവരാണ് ഏറെയും.
ഡിസംബറോടെ ഈവർഷം മാത്രം കേരളം വിടുന്നവരുടെ എണ്ണം 35000 ആകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. മുൻവർഷങ്ങളിൽ പരമാവധി 15,000പേരായിരുന്നു ഇത്. പുതിയ സാഹചര്യത്തിന് അനുസരിച്ച് സംസ്ഥാനത്ത് നഴ്‌സിങ് വിദ്യാർത്ഥികൾ പഠിച്ചിറങ്ങുന്നില്ല.സർക്കാർ, സ്വകാര്യ മേഖലയിൽ ജനറൽ, ബി.എസ്.സി നഴ്‌സിങ് പഠനം വ്യാപകമാക്കാൻ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ മൂന്നു വർഷത്തിനുള്ളിൽ നഴ്‌സുമാരില്ലാത്തിനാൽ ആശുപത്രികൾ പൂട്ടുന്നു സ്ഥിതിയുണ്ടാകുമെന്ന് സ്വകാര്യമേഖയിലെ ആശുപത്രിയുടമകൾ പറയുന്നു.
ജനറൽ,ബി.എസ്.സി നഴ്‌സിങ് പഠിച്ചവർക്ക് പ്രവൃത്തിപരിചയം ഇല്ലെങ്കിലും വിദേശത്ത് തൊഴിൽ അവസരുണ്ട്. പഠിച്ചിറങ്ങുന്നവരെ പരിചാരകൻ (കെയർഗീവർ) എന്ന തസ്തികയിലാണ് റിക്രൂട്ട് ചെയ്യുന്നത്. ഐ.എൽ.ടി.എസ് പോലുള്ള യോഗ്യത പരീക്ഷകളും പലരാജ്യങ്ങളും ഒഴിവാക്കി തുടങ്ങി. ജോലി ലഭിക്കുന്ന രാജ്യത്തെത്തി പ്രവൃത്തിപരിചയവും ആവശ്യമായ പരീക്ഷകളും പാസായാൽ ഇരട്ടി ശമ്പളത്തിൽ സ്റ്റാഫ് നഴ്‌സായി മാറും.75,000രൂപ മുതൽ ശമ്പളം മൂന്നുലക്ഷം വരെയാണ് വിദേശത്ത് നഴ്‌സുമാരുടെ ശമ്പളം.
സർക്കാരിന്റെ നോർക്കെേ,ഒടപെക് തുടങ്ങിയ ഏജൻസികളിലൂടെ ദിവസനേ എത്തുന്ന അവസരങ്ങളും നിരവധിയാണ്. ഇത് കൂടാതെ നഴ്‌സുമാരെ കൊണ്ടുപോകാൻജപ്പാനും ജർമനിയും സംസ്ഥാന സർക്കാരുമായി കൈകോർത്തിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളെ കൂടാതെ ഇറ്റലി,ഹോളണ്ട്,ഇസ്രയേൽ,മാൾട്ട തുടങ്ങിയ രാജ്യങ്ങളും കേരളത്തിലെ നഴ്‌സുമാരെ വിളിക്കുകയാണ്. നിലവിൽ സ്വകാര്യ മേഖലയിൽ 6000 - 70000വരെ നഴ്‌സുമാർക്കാണ് അവസരമുള്ളത്. ഇതിൽ നാട്ടിൽ നിൽക്കുന്നവർ ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന്റെയും പരീക്ഷയെഴുതി കാത്തിരിക്കുകയാണ്. രണ്ടുവർഷത്തിനിടെ ഇതിൽ ഭൂരിഭാഗം പേരും സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതോടെ വീണ്ടും ക്ഷാമം രൂക്ഷമാകും.
വിദേശരാജ്യങ്ങളിലേക്ക് സംസ്ഥാനത്തെ നഴ്‌സുമാർ കൂട്ടത്തോടെ പോകാൻ തുടങ്ങിയതോടെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സിങ് തസ്തികൾ 20ശതമാനം ഒഴിഞ്ഞു. സംസ്ഥാനത്ത് സ്വകാര്യമേഖലയിൽ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 514സ്വകാര്യ ആശുപത്രികളിലായി 82,000നഴ്‌സുമാരുടെ തസ്തിതകയാണുള്ളത്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 16,500ഓളം തസ്തികകൾ ഒഴിഞ്ഞതായാണ് അനൗദ്ധ്യോഗിക കണക്ക്. ആറുമാസത്തിനുള്ളിൽ ഇനിയും 30ശതമാനം കുറവാണ് സ്വകാര്യ ആശുപത്രികൾ പ്രതീക്ഷിക്കുന്നത്. നിലവിൽ പഠനം കഴിഞ്ഞിറങ്ങിയവരെ കണ്ടെത്തിയാണ് ആശുപത്രികൾ പിടിച്ചു നിൽക്കുന്നത്.പരിചയസമ്പത്തില്ലാത്ത നഴ്‌സുമാരുടെ കുറവ് രോഗീപരിചരണത്തെ സാരമായി ബാധിക്കും.
നഴ്‌സുമാരുടെ വിദേശ ഒഴുക്ക് സംബന്ധിച്ച് കേരളത്തിലുണ്ടായ ഗുരുതരമായ സാഹചര്യം കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആരോഗ്യമന്ത്രിയുടെ ഓഫീസ് തൽസ്ഥിതി റിപ്പോർട്ട് തേടി. നഴ്‌സിങ് കൗൺസിലിനോടാണ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്.കൂടാതെ നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനുള്ള മാർഗങ്ങൾ അറിയിക്കാനും ആവശ്യപ്പെട്ടതായാണ് വിവരം.സ്വകാര്യ ആശുപത്രികളിൽ മതിയായ ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ സംസ്ഥാനത്തെ ആരോഗ്യസംവിധാനം അപകടത്തിലാകുമെന്നതിനാൽ സർക്കാരും ആശങ്കയിലാണ്. കൂടുതൽ ശമ്പളം നൽകി നഴ്‌സുമാരെ നാട്ടിൽ പിടിച്ചു നിറുത്തുകയല്ലാതെ മറ്റുപോം വഴികളില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ