കവന്‍ട്രി: ലേബര്‍ സര്‍ക്കാര്‍ വലിയ പ്രതീക്ഷയോടെ മുന്നോട്ട് വച്ച ശമ്പള വര്‍ധന തള്ളി യുകെയിലെ നഴ്സുമാര്‍ വോട്ട് രേഖപ്പെടുത്തി. സംഘടനാ ബന്ധമുള്ള നഴ്സുമാരില്‍ മൂന്നില്‍ രണ്ടുപേരും എതിര്‍ത്ത വോട്ടു ചെയ്തതിലൂടെ ശമ്പള പരിഷ്‌കരണം വീണ്ടും കീറാമുട്ടിയായി. ഡോക്ടര്‍മാര്‍ക്ക് വലിയ ശമ്പള വര്‍ധന പ്രഖ്യാപിച്ചതാണ് നഴ്സുമാരെ പ്രകോപിപിപ്പിച്ചതെന്നു വ്യക്തം. ജോലി സ്ഥലത്തെ അധ്വാനവും സമ്മര്‍ദ്ദവും കണക്കിലെടുക്കുമ്പോള്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഇടയില്‍ വലിയ അന്തരം കാണേണ്ടതില്ല എന്ന സാഹചര്യത്തിലാണ് നാമമാത്ര വര്‍ധന അംഗീകരിക്കണ്ട എന്ന് നഴ്സുമാര്‍ കൂട്ടത്തോടെ തീരുമാനിക്കാന്‍ കാരണം.

ഏറെക്കാലമായി സമര മുഖത്തുണ്ടായിരുന്ന നഴ്സുമാര്‍ക്ക് മാന്യമായ ശമ്പള വര്‍ധന ലഭിക്കും എന്ന് പ്രതീക്ഷിച്ചിടത്താണ് നക്കാപ്പിച്ച ശമ്പള വര്‍ധനയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്. ശമ്പളം പോരാ എന്ന പരാതിയുമായി ആയിരക്കണക്കിന് മലയാളി നഴ്സുമാര്‍ അടക്കമുള്ളവര്‍ ആസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലേക്ക് കുടിയേറുന്ന ട്രെന്റ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുകയാണ്. വിദേശ നഴ്സിങ് റിക്രൂട്‌മെന്റില്‍ മെല്ലെപ്പോക്ക് തുടരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ബ്രിട്ടീഷ് നഴ്സുമാര്‍ നടുവൊടിഞ്ഞു പണിയെടുക്കേണ്ടി വരുന്ന മാസങ്ങളാണ് കാത്തിരിക്കുന്നതും.

വര്‍ധിപ്പിച്ച ശമ്പളത്തിന്റെ കണക്കെടുക്കുമ്പോള്‍ ശരാശരി ഒരു ബാന്‍ഡ് ഫൈവ് നഴ്സിന് സര്‍ക്കാര്‍ എടുക്കുന്ന നികുതിക്ക് ശേഷം 150 പൗണ്ട് മാത്രമായിരിക്കും ഒരു മാസം അധികമായി കിട്ടുക എന്നും കണക്കുകള്‍ പുറത്തു വന്നിരുന്നു. ഈ അധിക പണം ജീവിതത്തതില്‍ ഒരു മാറ്റവും ഉണ്ടാക്കില്ല എന്ന ചിന്തയാണ് നഴ്സുമാര്‍ കൂട്ടത്തോടെ സര്‍ക്കാര്‍ ഓഫര്‍ എതിര്‍ക്കാന്‍ കാരണമായത് എന്നും കരുതപ്പെടുന്നു. ഏതാനും ആഴ്ച മുന്‍പ് ലിവര്‍പൂളില്‍ നടന്ന ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ എത്തി ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ നേരിട്ട് മന്ത്രിമാരോട് നഴ്സുമാരുടെ തീരുമാനം അറിയിച്ചെങ്കിലും ഇതുവരെ അനുകൂലമായോ എതിര്‍ത്തോ പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

സര്‍ക്കാര്‍ മൗനം വെടിയണം എന്നാവശ്യപ്പെട്ട് നിക്കോള ആരോഗ്യ സെക്രട്ടറിക്ക് കത്തും നല്‍കിയിട്ടണ്ട്. എന്നാല്‍ ഇതിനോടും സര്‍ക്കാര്‍ പ്രതികരണം ഉണ്ടായിട്ടില്ല. ആര്‍സിഎന്നിന്റെ ശബ്ദം പോലും സര്‍ക്കാര്‍ അവഗണിക്കുകയാണോ എന്ന ചോദ്യമാണ് ഇതിലൂടെ ബാക്കിയാകുന്നത്. തങ്ങള്‍ ബഹുമാനിക്കപ്പെടുന്നു എന്ന് ഓരോ നഴ്സിനും തോന്നിയാല്‍ മാത്രമേ ഗുണനിലവാരമുള്ള ജോലി അവരില്‍ നിന്നും പ്രതീക്ഷിക്കാനാകൂ എന്നും സംഘടന നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കണക്കിലെ കളിയില്‍ ജീവനക്കാര്‍ക്ക് കിട്ടുന്നതിനൊപ്പം സര്‍ക്കാരിനും വരുമാന നേട്ടം

ശമ്പള പരിഷ്‌കരണം നടപ്പാക്കുമ്പോള്‍ ഒരു സാധാരാണ നഴ്സിന് അധികമായി കയ്യില്‍ എത്തുക പ്രതിമാസം 250 മുതല്‍ 300 പൗണ്ടിന് അടുത്ത് വരെയാണ്. എന്നാല്‍ ഇതില്‍ നിന്നും നികുതിയും നാഷണല്‍ ഇന്‍ഷൂറന്‍സും അടക്കം ചോര്‍ന്നു കഴിയുമ്പോള്‍ വീട്ടിലേക്ക് എത്തുക വെറും 157 പൗണ്ട് മാത്രമാണ്. കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് വര്‍ഷങ്ങള്‍ ശമ്പള വര്‍ധന ചോദിച്ചു സമരം ചെയ്തും ബഹളം വച്ച ശേഷവും കിട്ടുന്ന തുകയാണിത്.

എന്നാല്‍ ശമ്പള വര്‍ധന നടപ്പാക്കി എന്ന പേരില്‍ ഓരോ നഴ്സില്‍ നിന്നും അധ്യാപകരില്‍ നിന്നും ശരാശരി 93 പൗണ്ട് നികുതി വിഹിതമായി സര്‍ക്കാരിനും ലഭിക്കും. ഈ നികുതി വരുമാനം തന്നെ ബില്യണ്‍ കണക്കിന് പൗണ്ട് ആയി സര്‍ക്കാരിലേക്ക് മടങ്ങി ചെല്ലുകയാണ്. ഒന്നും കിട്ടാത്തതില്‍ ഭേദമാണ് അധികമായി കിട്ടുന്ന നക്കാപ്പിച്ച എന്ന ആശ്വാസം മാത്രമേ ഈ ശമ്പള വര്‍ധനയില്‍ ഉള്ളൂ എന്ന് ചുരുക്കം. ഇത് തിരിച്ചറിഞ്ഞ നേഴ്സുമാര്‍ സര്‍ക്കാര്‍ വച്ച കെണിയില്‍ വീഴേണ്ട എന്ന് തീരുമാനിച്ചതാണ് ഇപ്പോള്‍ ഉണ്ടായ ബഹിഷ്‌കരണത്തിലൂടെ തെളിയുന്നത്.

ആര്‍സിഎന്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം ഏകദേശം 1,45,000 നഴ്സുമാരാണ് സര്‍ക്കാര്‍ ഓഫര്‍ തള്ളി വോട്ടു ചെയ്തത്. സംഘടനയുടെ സമീപകാല ചരിത്രത്തില്‍ തന്നെ ഇല്ലാത്ത വിധം എതിര്‍പ്പാണ് ഇത്തവണ ഉയര്‍ന്നത്. ആകെയുള്ള അംഗങ്ങളില്‍ 64 ശതമാനം പേരും എതിര്‍ത്ത് വോട്ടു ചെയ്തു എന്നത് സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ്. നഴ്സുമാര്‍ ഇനിയും സമരത്തിന് ഇറങ്ങിയാല്‍ ആശുപത്രി പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിക്കാന്‍ ഉള്ള സാധ്യതയാണ് ഈ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. സര്‍ക്കാര്‍ നഴ്സുമാരെ കളിപ്പാവകള്‍ ആക്കുന്നു എന്ന വിമര്‍ശമാണ് ശക്തിപ്പെടുന്നത്. എന്‍എച്ച്എസ് പേ റിവ്യൂ ബോഡി ശുപാര്‍ശ കൂടി കണക്കിലെടുത്താണ് ചാന്‍സലര്‍ ഇക്കഴിഞ്ഞ ജൂലൈ അവസാനത്തില്‍ ശമ്പള വര്‍ധന പ്രഖ്യാപിച്ചത്. ഏപ്രില്‍ മുതല്‍ ഉള്ള കുടിശിക ഒറ്റത്തവണ ആയി നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ഓഫറില്‍ ഒന്നും വീഴാന്‍ തങ്ങളില്ല എന്നാണ് ഇപ്പോള്‍ നഴ്സുമാര്‍ നല്‍കുന്ന മറുപടി.

നഴ്സുമാര്‍ക്ക് മുന്നില്‍ സമരത്തിനും സമയമെടുക്കും

സര്‍ക്കാര്‍ ഓഫര്‍ തള്ളിയെങ്കിലും നഴ്സുമാര്‍ക്ക് എടുത്തുചാടി സമരത്തിന് ഇറങ്ങാനുമാകില്ല. വീണ്ടും നോട്ടീസ് നല്‍കി വ്യക്തമായ പ്ലാനോടെ സമരം ആസൂത്രണം ചെയ്യാന്‍ മാസങ്ങള്‍ വേണ്ടിവരും. അതിനിടയില്‍ സര്‍ക്കാരിന് വീണ്ടുവിചാരം വന്നോ എന്നറിയാന്‍ ചര്‍ച്ചകളും നടക്കും. അതുവരെ നഴ്സുമാര്‍ക്ക് കഠിന അധ്വാനത്തിന് കുറവില്ലാതെ നിസാര ശമ്പളത്തിന് ജോലി ചെയ്യേണ്ടി വരും. സമരം ചെയ്ത റെയില്‍ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും എല്ലാം കൈ നിറയെ ശമ്പള വര്‍ധന ലഭിച്ചപ്പോള്‍ ചിറ്റമ്മ നയമാണ് സര്‍ക്കാര്‍ നഴ്സുമാരോട് ചെയ്തത് എന്ന അമര്‍ഷവും ശക്തമാണ്.

ആര്‍സിഎന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ ലോബിയിങ് വേണ്ടവിധം സര്‍ക്കാരിനെ ചിന്തിപ്പിക്കാന്‍ കാരണം ആയില്ല എന്നതിനാല്‍ നഴ്സിങ് സംഘടനകളോടും സാധാരണ നഴ്സുമാരുടെ എതിര്‍പ്പ് ഉയരുകയാണ്. ശമ്പളം ഉയര്‍ത്തി നല്‍കാന്‍ ധന - ആരോഗ്യ സെക്രട്ടറിമാരെ പ്രേരിപ്പിക്കാന്‍ ആര്‍സിഎന്‍, യൂനിസന്‍ അടക്കമുള്ള സംഘടനകള്‍ ശ്രമം നടത്തുന്നില്ല എന്ന പരാതിയും വ്യാപകമാണ്. കഴിഞ്ഞ വര്‍ഷവും ശമ്പളം തികയുന്നില്ല എന്ന പരാതി ഉന്നയിച്ചു കാല്‍ ലക്ഷത്തില്‍ അധികം നഴ്സുമാര്‍ ജോലി ഉപേക്ഷിച്ചെന്ന കണക്കുകളും പുറത്തു വന്നിരിക്കെ എന്തുകൊണ്ടാണ് സമ്മര്‍ദ്ദം ഉയര്‍ത്താന്‍ സംഘടനകള്‍ക്ക് കഴിയാതെ പോകുന്നത് എന്ന ചോദ്യവും നഴ്‌സുമാര്‍ക്കിടയില്‍ ബാക്കിയാവുകയാണ്.