- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരാർ നിയമനങ്ങൾ നിർത്തലാക്കും; 60 ശതമാനത്തോളം ശമ്പള വർദ്ധന; സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും ലേബർ ഓഫീസറും തമ്മിൽ നടത്തിയ ചർച്ച വിജയം; പത്തനംതിട്ട ജില്ലയിൽ നാളത്തെ നഴ്സുമാരുടെ പണിമുടക്ക് പിൻവലിച്ചതായി യുഎൻഎ; തൃശൂരിലെ സമര വിജയത്തിന് പിന്നാലെ ഈ വിജയം
പത്തനംതിട്ട: ശമ്പള വർധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ പത്തനംതിട്ട ജില്ലയിൽ നടത്താനിരുന്ന നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് പിൻവലിച്ചതായി യു.എൻ.എ അറിയിച്ചു. ആശുപത്രി മാനേജ്മെന്റും ലേബർ ഓഫീസറും നടത്തിയ ചർച്ച വിജയകരമായതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. അവധി ദിവസമായിട്ടും ലേബർ ഓഫീസർ യു.എൻ.എ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. ചർച്ചയിൽ 60 ശതമാനത്തോളം ശമ്പള വർദ്ധനവ് ആശുപത്രി മാനേജ്മെന്റുകൾ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ കോൺട്രാക്ട് നിയമനങ്ങൾ നിർത്തലാക്കുമെന്നും ഉറപ്പ് നൽകി. ഉറപ്പ് ലംഘിച്ചാൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് യു.എൻ.എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അറിയിച്ചു.
ദിവസ വേതനം 1500 രൂപയാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഒരുമാസം മുൻപ് ലേബർ ഓഫീസർക്ക് പണിമുടക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചർച്ചയിൽ ഫലം കണ്ടിരുന്നില്ല. സമരം തുടങ്ങാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് വൈകുന്നേരത്തോടെ ലേബർ ഓഫീസർ വിളിച്ചു ചേർത്ത ചർച്ച വിജയത്തിലേക്കെത്തിയത്. പുഷ്പഗിരി മെഡിക്കൽ കോളേജ്, ബിലീവേഴ്സ് ഹോസ്പിറ്റൽ, കെ.എം ചെറിയാൻ ഹോസ്പിറ്റൽ, തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ തുടങ്ങിയ ആശുപത്രികളായിരുന്നു ഇടഞ്ഞ് നിന്നിരുന്നത്. നാളെ സമ്പൂർണ്ണ പണിമുടക്ക് നടക്കും എന്ന സ്ഥിതി വന്നതോടെ ഇവർ ചർച്ചയ്ക്ക് തയ്യാറാവുകയും ലേബർ ഓഫീസറെ വിവരം അറിയിക്കുകയുമായിരുന്നു.
യു.എൻ.എയുടെ പ്രധാന ആവശ്യങ്ങൾ ഇതൊക്കെയാണ്.
>പ്രതിദിന വേതനം 1500 രൂപയാക്കുക.
> കോൺട്രാക്ട് നിയമനങ്ങൾ നിർത്തലാക്കുക.
> ലേബർ നിയമനങ്ങൾ കർശനമായി നടപ്പിലാക്കാൻ ലേബർ ഡിപ്പാർട്ട്‌മെന്റ് തയ്യാറാവുക.
> മുഴുവൻ പ്രൈവറ്റ് ആശുപത്രികളിലും ഇൻസ്‌പെക്ഷൻ നടത്തുക.
> നിയമലംഘനങ്ങൾ നടത്തുന്ന മാനേജ്‌മെന്റുകൾക്കെതിരെ നടപടി എടുക്കുക.
> നിയമ ലംഘനങ്ങൾ നടത്തുന്ന ആശുപത്രികളുടെ പേരുകൾ നോട്ടീസ്‌ബോർഡുകളിലും പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തുക.
> ആശുപത്രികളിൽ കർശനമായി രോഗി- നഴ്‌സ് അനുപാതം നടപ്പിലാക്കുക.
> ഐ.ആർ.സി കമ്മിറ്റികളിൽ മുൻ കാലങ്ങളിലെ പോലെ യു.എൻ.എ യുടെ രണ്ട് പ്രതിനിധികളെയെങ്കിലും ഉൾപ്പെടുത്തുക.
> ഇടക്കാലാശ്വാസമായ 50% ശബളവർദ്ധനയെങ്കിലും ഉടൻ നൽകുക.
തൃശൂരിലെ സമര വിജയത്തിന് പിന്നാലെയാണ് പത്തനംതിട്ടയിലും യു.എൻ.എ വിജയത്തിലെത്തിയത്. നഴ്സുമാർക്ക് അർഹതപ്പെട്ട ശമ്പളമാണ് ചോദിച്ചു വാങ്ങുന്നത് എന്ന് യു.എൻ.എ പറഞ്ഞു. സംസ്ഥാനമൊട്ടാകെ നഴ്സുമാർക്ക് ശമ്പളം വർദ്ധിപ്പിക്കാനുള്ള ശ്രമമാണ് നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തും കോഴിക്കോടും ഉടൻ സമര പ്രഖ്യാപനമുണ്ടാകുമെന്നും യു.എൻ.എ സംസ്ഥാന പ്രസിഡന്റ് അറിയിച്ചു. നാളെ പത്തനംതിട്ടയിലെ നഴ്സുമാർ യു.എൻ.എയുടെ നേതൃത്വത്തിൽ വിജയാഹ്ലാദ പ്രകടനം തിരുവല്ലയിൽ നടത്തുമെന്നും ഷോബി ജോസഫ് പറഞ്ഞു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.