ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടത് അമേരിക്കയിലെ പല വ്യവസായ പ്രമുഖര്‍ക്കും ഇനിയും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന. ശതകോടീശ്വരനായ റിയല്‍ എസ്റ്റേറ്റ് ഭീമന്‍ ബാരി സ്റ്റെര്‍ണ്‍ലിച്ച് തന്റെ സ്ഥാപനം ന്യൂയോര്‍ക്കില്‍ നിന്ന് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. മറ്റ് വ്യവസായികളും തന്നെ പിന്തുടരുമെന്നാണ് അദ്ദേഹം പറയുന്നത്. സ്റ്റാര്‍വുഡ് ക്യാപിറ്റല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായ സ്റ്റെര്‍ണ്‍ലിച്ച്, മംദാനി ഭരണകാലത്ത് നഗരം അടിസ്ഥാനപരമായി മുംബൈ ആയി മാറുമെന്നാണ് കുറ്റപ്പെടുത്തുന്നത്.

മുംബൈയിലെ പോലും ഇനി മുതല്‍ വാടകക്കാര്‍ വാടക തരാതിരിക്കാന്‍ ധൈര്യം കാട്ടുമെന്നും സ്റ്റെര്‍ണ്‍ലിച്ച് കളിയാക്കി. തീവ്ര ഇടതുപക്ഷക്കാര്‍ വാടകക്കാര്‍ പണം നല്‍കേണ്ടതില്ലെന്നാണ് പറയുന്നതെന്നും അവര്‍ പണം നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് അവരെ പുറത്താക്കാന്‍ കഴിയില്ല എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിങ്ങളുടെ അയല്‍ക്കാരന്‍ വാടക നല്‍കുന്നില്ലെന്ന് കണ്ടാല്‍ ആരും തന്നെ വാടക നല്‍കില്ലെന്നാണ് സ്റ്റെര്‍ണ്‍ലിച്ച് വാദിക്കുന്നത്. കുടിയാന്മാരെ കുടിയൊഴിപ്പിക്കലില്‍ നിന്ന് സംരക്ഷണം ശക്തിപ്പെടുത്തുമെന്ന് മംദാനി വ്യക്തമാക്കിയിരുന്നു.

ഇതെല്ലാം ഭൂവുടമകള്‍ക്ക് അവരെ കുടിയിറക്കാന്‍ കൂടുതല്‍ സമയമെടുക്കും എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ കുട്ടികള്‍ തെരുവുകളില്‍ സുരക്ഷിതരല്ലെന്ന് ആളുകള്‍ക്ക് തോന്നിയാല്‍, അവര്‍ അവരെ സ്‌കൂളില്‍ നിന്ന് പിന്‍വലിക്കുകയും സ്ഥലം വിട്ടുപോകുകയും ചെയ്യുമെന്നാണ് സ്റ്റെര്‍ണ്‍ലിച്ച് പറയുന്നത്. ന്യൂയോര്‍ക്ക് പോലീസിനവ് ആവശ്യത്തിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം 2020 ഡിസംബറില്‍, ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പണം പിന്‍വലിക്കുന്നതിനെ പിന്തുണച്ച് മംദാനി രംഗത്തെത്തിയിരുന്നു.

എന്നാല്‍ പിന്നീട് ഇക്കാര്യം പിന്‍വലിച്ചിരുന്നു. നിലവിലുള്ള പോലീസ് സ്റ്റാഫിംഗ് ലെവലുകള്‍ നിലനിര്‍ത്തുമെന്ന് വാഗ്ദാനവും ചെയ്തിരുന്നു. സ്റ്റാര്‍വുഡ് ക്യാപിറ്റലിന്റെ ന്യൂയോര്‍ക്ക് ഓഫീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ഇതിനകം തന്നെ പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സ്റ്റെര്‍ണ്‍ലിച്ച് കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ മിഡ്ടൗണ്‍ മാന്‍ഹട്ടനിലുള്ള സ്റ്റാര്‍വുഡ് ഓഫീസുകളില്‍ എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കമ്പനി ഇനിയും പ്രതികരിച്ചിട്ടില്ല. അമേരിക്കയിലും വിദേശത്തുമുള്ള 19 നഗരങ്ങളിലായി ഏകദേശം 7,000 ജീവനക്കാരാണ് കമ്പനിക്കുള്ളത്.

രണ്ട് ആഡംബര ഹോട്ടലുകള്‍ ഉള്‍പ്പെടെ നഗരത്തിലുടനീളം വാണിജ്യ, റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളും ഇതിലുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കോര്‍പ്പറേറ്റ് നികുതി നിരക്ക് 7.5 ശതമാനത്തില്‍ നിന്ന് 11.5 ശതമാനമായി ഉയര്‍ത്താനുള്ള മംദാനിയുടെ നീക്കത്തെ സ്റ്റെര്‍ണ്‍ലിച്ചിനെപ്പോലുള്ള വലിയ കോര്‍പ്പറേറ്റുകള്‍ ഭയപ്പെടുന്നുണ്ട്. കൂടാതെ ജൂത സമൂഹവും മംദാനി മേയറായതില്‍ ആശങ്കാകുലര്‍ ആണെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് അമേരിക്കയിലും ജൂത വംശജര്‍ക്കെതിരെ നേരത്തേ ആക്രമണങ്ങള്‍ നടന്നിരുന്നു.