ചെങ്ങന്നൂർ: ക്ഷേത്രങ്ങളിൽ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേളകൾ അലങ്കോലപ്പെടുത്തിയത് വിവാദമാകുന്നു. കാരയ്ക്കാട് ധർമശാസ്താ ക്ഷേത്രത്തിൽ പാട്ടുപുര ട്രുപ്പിന്റെ നാടൻ പാട്ട് മാപ്പിളപ്പാട്ട് പാടിയെന്നതിന്റെ പേരിൽ സംഘാടകർ തന്നെ തടസപ്പെടുത്തിയെന്ന് ആക്ഷേപം. തിരുവല്ല വള്ളംകുളം നന്നൂർ ദേവീക്ഷേത്രത്തിലെ ഗാനമേള സിപിഎം പ്രവർത്തകർ അലങ്കോലപ്പെടുത്തിയെന്നും പരാതി. കാരയ്ക്കാട്ട് മത്തായി സുനിൽ നയിച്ച നാടൻ പാട്ട് തടസപ്പെടുത്തിയതിനെതിരേ ഫോക്ലോർ അക്കാദമി ചെയർമാൻ ഓ.എസ്. ഉണ്ണികൃഷ്ണൻ രംഗത്തു വന്നു. ക്ഷേത്രമുറ്റത്ത് ഒരു മാപ്പിളപ്പാട്ട് പാടുമ്പോൾ അലിഞ്ഞു പോകുന്നതാണ് ഭക്തിയെങ്കിൽ എത്ര അയ്യപ്പഭക്തിഗാനങ്ങൾ നമുക്ക് മാറ്റി വയ്ക്കേണ്ടി വരുമെന്ന് ഉണ്ണികൃഷ്ണൻ ഫേസ് ബുക്ക് ലൈവിൽ ചോദിച്ചു.

രണ്ടു ദിവസം മുൻപാണ് മത്തായി സുനിലിന്റെ നേതൃത്വത്തിൽ കാരയ്ക്കാട് ക്ഷേത്രത്തിൽ പാട്ടുപുര ട്രൂപ്പ് നാടൻപാട്ട് അവതരിപ്പിച്ചത്. പരിപാടി പകുതിയാകുമ്പോഴേക്ക് 'ഒന്നാനാം നല്ലൊരിളം കവുങ്ങ്, അങ്ങനെ ഇലപിരിച്ചാടണ പാൽക്കവുങ്ങ് എന്ന പാട്ട് പാടുമ്പോഴാണ് സംഘാടകർ പാട്ട് തടസപ്പെടുത്തിയതെന്ന് ഓ.എസ്. ഉണ്ണികൃഷ്ണൻ പറയുന്നു. തന്റെ നാട്ടിൽ ഇത്തരമൊരു അനിഷ്ട സംഭവം ഉണ്ടായത് ഞെട്ടിച്ചുവെന്ന് ഉണ്ണികൃഷ്ണൻ ലൈവിന്റെ തുടക്കത്തിൽ പറയുന്നുണ്ട്. നേരത്തേ ആർഎസ്എസ് അനുഭാവിയായിരുന്ന ഉണ്ണികൃഷ്ണൻ സ്ഥാനലബ്ധിക്ക് വേണ്ടി മറുകണ്ടം ചാടിയെന്ന ആരോപണം കമന്റിൽ പലരും ഉന്നയിക്കുന്നുണ്ട്.

മാപ്പിളപ്പാട്ടുകൾ മാറ്റി നിർത്തി എങ്ങനെ പാട്ടരങ്ങ് പൂർണമാക്കാൻ കഴിയുമെന്നാണ് ഉണ്ണികൃഷ്ണൻ ചോദിക്കുന്നത്. മത്തായി സുനിലിന്റെ പാട്ടിന്റെ ഈണം കേട്ടിട്ടാണ് തടസപ്പെടുത്തിയതെങ്കിൽ ആ കലാകാരനോട് ചെയ്ത കൊടുംപാതകമാണ്. സമൂഹത്തിന്റെ ബഹുസ്വരത കൊണ്ട് പടുത്തുയർത്തിയതാണ് മാപ്പിളപ്പാട്ട്. അതിനെ ഏതെങ്കിലും ഒരു മതത്തിന്റെ കണ്ണിയിലേക്ക് വിളക്കി ചേർക്കാനുള്ള നീക്കം നല്ലതല്ല. പി. ഭാസ്‌കരനും കെ. രാഘവനുമൊക്കെ ഒരുക്കിയ യേശുദാസ് പാടിയിട്ടുള്ള നിരവധി ഗാനങ്ങൾ അമ്പലപ്പറമ്പുകളിൽ പാടി നടന്ന കാലമുണ്ടായിരുന്നു. അന്നൊന്നും അതിനെ ആരും തടസപ്പെടുത്തിയിരുന്നില്ലെന്നും ഉണ്ണികൃഷ്ണൻ പറയുന്നു. വിളിച്ചു വരുത്തി തിണ്ണമിടുക്ക് കാട്ടുന്നത് അഹങ്കാരമാണ്. കലയെയും കലാകാരനെയും അപമാനിക്കുന്നത് ശരിയല്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഏപ്രിൽ ഒന്നിന് വള്ളംകുളം നന്നൂർ ദേവി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ക്ലാപ്സ് ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയാണ് വിവാദമായത്. ക്ഷേത്രഭരണം ആർഎസ്എസ് അനുഭാവികളാണ് നടത്തുന്നത്. ഗാനമേളയിൽ ആദ്യം ആർഎസ്എസ് ഗണഗീതം ആലപിച്ചിരുന്നു. ഇത് കഴിഞ്ഞപ്പോൾ വിപ്ലവഗാനം പാടണം എന്നാവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ രംഗത്തു വന്നു. ബലികുടീരങ്ങളെ ആലപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം. പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. ബഹളം കനത്തതോടെ ഗാനമേള നിർത്തി വച്ചു. കർട്ടനുമിട്ടു. എന്നാൽ ബഹളക്കാർ സ്റ്റേജിലെ കർട്ടൻ വലിച്ചു കീറി. ക്ഷേത്ര കമ്മറ്റി ഭാരവാഹികളെ ഉൾപ്പെടെ അസഭ്യം പറഞ്ഞുവെന്നും പറയുന്നു. ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ തിരുവല്ല സ്റ്റേഷനിൽ നിന്നും എത്തിയ എസ് ഐ ഉൾപ്പടെ പത്തോളം വരുന്ന പൊലീസുകാർ കാഴ്ചക്കാരായി നിന്നുവെന്നാണ് പരാതി.

10 ദിവസം മുൻപ് നടന്ന പരിപാടിക്ക് കഴിഞ്ഞ ദിവസമാണ് പരാതി ലഭിച്ചതെന്ന് തിരുവല്ല എസ്എച്ച്ഓ പറഞ്ഞു. പൊലീസ് പരിപാടി നടക്കുന്ന സ്ഥലത്ത് കർശനമായ നടപടി സ്വീകരിച്ചിരുന്നു. കർട്ടനിട്ടതും ബഹളം നിയന്ത്രിച്ചതും പൊലീസാണ്. അതവിടെ കഴിയുകയും ചെയ്തു. ഇപ്പോൾ ലഭിച്ച പരാതി പ്രകാരം ഇരുകൂട്ടരെയും വിളിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ആർഎസ്എസിലെ വിഭാഗീയതയാണ് വിവാദത്തിന് പിന്നിലെന്ന് സിപിഎമ്മും സിപിഎമ്മിലെ ഗ്രൂപ്പിസമാണ് ക്ഷേത്രഭരണസമിതിയും ആരോപിക്കുന്നു. നിലവിൽ ക്ഷേത്രഭരണ സമിതി ആർഎസ്എസ് അനുഭാവികളുടെ കൈവശമാണ്. ഇനി വരുന്ന തെരഞ്ഞെടുപ്പിൽ ഇതിൽ എല്ലാ പാർ്ട്ടികളുടെയും പ്രതിനിധികൾ കടന്നു വരാനൊരുങ്ങുന്നുണ്ടെന്നും അതിന് തടയിടാൻ വേണ്ടി മനഃപൂർവം വിഷയം ഉണ്ടാക്കിയതാണെന്നുമാണ് സിപിഎമ്മുകാർ പറയുന്നത്. ഇതിന് അരങ്ങൊരുക്കാൻ വേണ്ടി മനഃപൂർവം ഗണഗീതം പാടിക്കുകയായിരുന്നുവത്രേ.

സംഭവം ഉണ്ടായതിന്റെ തൊട്ടടുത്ത ദിവസം ക്ഷേത്ര പരിപാടി ഉത്ഘാടനം ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്ത ഗോപൻ എത്തുന്നതിൽ ചില പ്രാദേശിക ഡി.വൈ.എഫ് ഐ പ്രവർത്തകർക്ക് എതിർപ്പ് ഉണ്ടായിരുന്നുവെന്നും മനഃപൂർവം പ്രശ്നം ഉണ്ടാക്കി അദ്ദേഹത്തെ പങ്കെടുപ്പിക്കാതിരിക്കാനുമാണ് ഈ പ്രശ്നം ഉണ്ടാക്കിയതെന്നുമാണ് ഭരണ സമിതിക്കാരുടെ ആരോപണം.