- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രത്തിലും പകൽക്കൊള്ള!; ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ ഭക്തരുടെ കാണിക്ക കൈക്കലാക്കി സ്ഥാനി കുടുംബങ്ങൾ; ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തട്ടിപ്പ് ക്ഷേത്ര ഭരണ സമിതിയുടെ അറിവോടെ; കാണിക്കയായി വീണ സ്വർണവും വിദേശ കറൻസികളും 'കൊള്ളയടിച്ചു'; കാണിക്ക വരുമാനം പൂർണമായി നാല് സ്ഥാനി കുടുംബങ്ങൾക്ക് പങ്കിട്ടുനൽകാൻ ഗൂഢനീക്കം
കൊല്ലം: ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിൽ ഭക്തർ നൽകുന്ന കാണിക്ക തട്ടിയെടുക്കുന്നതായി പരാതി. ക്ഷേത്രത്തിലെ ആൽത്തറകളിൽ നിൽക്കുന്ന സ്ഥാനികളാണ് (പരമ്പരാഗതമായി പൂജ ചെയ്യാൻ അവകാശമുള്ളവർ) ഭക്തരുടെ പക്കൽ നിന്നും കാണിക്ക വഞ്ചിയിൽ വീഴേണ്ട പണം കൈകളിൽ വാങ്ങി തട്ടിയെടുക്കുന്നത്. ഹൈക്കോടതി ഉത്തരവിൽ യാതൊരു കാരണവശാലും സ്ഥാനികൾ ഭക്തരുടെ കൈകളിൽ നിന്നും പണം വാങ്ങരുതെന്ന് നിർദ്ദേശമുള്ളതാണ്. എന്നാൽ ഉത്തരവ് കാറ്റിൽ പറത്തി ക്ഷേത്ര ഭരണ സമിതിയുടെ മൗനാനുവാദത്തോടെയാണ് തട്ടിപ്പ് നടന്നു വരുന്നത്.
പന്ത്രണ്ട് വിളക്ക് മഹോസ്തവം നടക്കുന്നതിനാൽ വലിയ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ. ക്ഷേത്രത്തിലെത്തുന്ന ഭക്തർ ദർശനം നടത്തുമ്പോൾ ആൾത്തറകളിൽ നിൽക്കുന്ന സ്ഥാനികൾ വിളക്ക് ഒരുക്കി വച്ച് തട്ടം കാണിച്ച് കാണിക്ക വാങ്ങിയെടുക്കുകയാണ്. കാണിക്ക വഞ്ചികളിൽ ഇതുമൂലം പണം വീഴുന്നില്ല. ഇത് ക്ഷേത്ര വരുമാനത്തെ ബാധിച്ചിട്ടുണ്ട്. സ്ഥാനികൾക്ക് കാണിക്ക വഞ്ചികളിൽ വീഴുന്ന പണത്തിന്റെ 50 ശതമാനം നിയമപ്രകാരം ക്ഷേത്ര സമിതി നൽകുന്നുണ്ട്. അതിന് പുറമേയാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നത്.
അതേ സമയം പരബ്രഹ്‌മ ക്ഷേത്രത്തിൽ വിശ്വാസികൾ കാണിക്കയായി സമർപ്പിക്കുന്ന വരുമാനം സ്ഥാനി വിഭാഗക്കാരായ നാല് കുടുംബങ്ങൾക്ക് പങ്കിട്ടുനൽകാൻ പക്ഷപാതപരമായ ഗൂഢനീക്കം നടക്കുന്നതായുള്ള പരാതികളും ഉയരുന്നുണ്ട്. ഹെക്കോടതി ഉത്തരവിന് വിരുദ്ധമായി സ്ഥാനി വിഭാഗക്കാർക്ക് ക്ഷേത്രത്തിലെ കിഴക്ക്, പടിഞ്ഞാറ് ആൽത്തറകളിലെ വരുമാനത്തിന്റെ പകുതി പങ്കിട്ടുനൽകണമെന്ന വ്യവസ്ഥ ഹൈക്കോടതി നിയോഗിച്ച അഡ്‌മിനിസ്ട്രേറ്റർ കരട് ബൈലോയിൽ ഉൾപ്പെടുത്തി.
സ്ഥാനിവിഭാഗക്കാർക്ക് വരുമാനം പങ്കിട്ടുനൽകണമെങ്കിൽ, അതിനുള്ള ആധികാരിക രേഖകൾ വിചാരണ കോടതിയെ ബോധിപ്പിച്ച ശേഷം ബൈലോയിൽ ഉൾപ്പെടുത്താനായിരുന്നു ഹൈക്കോടതി വിധി. എന്നാൽ വിചാരണ കോടതിയിൽ യാതൊരു ചരിത്രരേഖകളും തെളിവുകളും ഹാജരാക്കാതെയാണ് കരട് ബൈലോയിൽ വരുമാനം പങ്കിടൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് ആക്ഷേപം.
ക്ഷേത്ര വരുമാനത്തിന്റെ അമ്പത് ശതമാനം സ്ഥാനി വിഭാഗക്കാർക്ക് നൽകുന്ന കീഴ് വഴക്കത്തിനെതിരെ ഈ വിഭാഗക്കാരും മാറിവരുന്ന ഭരണസമിതികളും തമ്മിൽ വർഷങ്ങളായി കേസ് നടക്കുകയാണ്. ഏറ്റവും കൂടുതൽ കാണിക്ക വീഴുന്ന ഭണ്ഡാരങ്ങളിലെ വരുമാനം പങ്കിട്ടുപോകുന്നത് ക്ഷേത്ര വികസന പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. ഇതിനിടയിൽ ബൈലോയിൽ വ്യവസ്ഥയില്ലാതെ വരുമാനം പങ്കിട്ട് നൽകുന്നത് ശരിയല്ലെന്ന് ജില്ലാ കോടതി വിധി പുറപ്പെടുവിച്ചു.
ഇതിനെതിരെ സ്ഥാനി വിഭാഗക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിലാണ് ഹൈക്കോടതി ബൈലോ ഭേദഗതിക്ക് അഡ്‌മിനിസ്ട്രേറ്ററായി റിട്ട. ഹൈക്കോടതി ജഡ്ജി എ.വി. രാമകൃഷ്ണപിള്ളയെ നിയോഗിച്ചത്. ബൈലോയിൽ ഉൾപ്പെടുത്തി കീഴ്ക്കോടതിയിൽ ആധികാരികമായി സ്ഥിരീകരിച്ച ശേഷമേ വരുമാനം പങ്കിടാൻ പാടുള്ളുവെന്നായിരുന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി. ഈ വിധിയാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.
പ്രതിവർഷം 60 ലക്ഷം രൂപയോളമാണ് ക്ഷേത്ര വരുമാനത്തിൽ നിന്നും സ്ഥാനി സമുദായത്തിനായി പോകുന്നത്. അരിവണ്ണൂർ, പള്ളിയമ്പിൽകളയ്ക്കാട് എന്നീ രണ്ട് നായർ കുടുംബങ്ങൾക്ക് കിഴക്കേ ആൽത്തറയിലെയും, ഐക്കരവള്ളിൽ കുടുംബത്തിലെ ഒന്നും, രണ്ടും ഗ്രൂപ്പുകൾക്ക് പടിഞ്ഞാറെ ആൽത്തറയിലെയും വരുമാനത്തിന്റെ അൻപത് ശതമാനം വീതമാണ് നൽകിവന്നിരുന്നത്. ഈ രണ്ട് ആൽത്തറകളിലും പ്രതിവർഷം 1.20 കോടിയോളം രൂപ വരുമാനമുണ്ട്.
മാറി വന്ന ഭരണസമിതികൾക്ക് ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടാണ്. അതുകൊണ്ട് തന്നെ കുറച്ചുകാലമായി ഈ പണം സ്ഥാനികൾക്ക് വിതരണം ചെയ്യുന്നില്ല. പകരം പ്രത്യേക അക്കൗണ്ട് രൂപീകരിച്ച് അതിൽ നിക്ഷേപിച്ച് വരികയാണ്. നിലവിലെ ഭരണസമിതിക്ക് സ്ഥാനികൾക്ക് ക്ഷേത്ര വരുമാനത്തിന്റെ പകുതി നൽകുന്നതിനോട് യോജിപ്പില്ല. അതുകൊണ്ട് തന്നെ വരുമാനം പങ്കിടേണ്ടെന്ന നിർദ്ദേശമാണ് ബൈലോ രൂപീകരണവുമായി ബന്ധപ്പെട്ട് നിലവിലെ ഭരണസമിതി അഡ്‌മിനിസ്ട്രേറ്റർക്ക് നൽകിയത്. ഇത് പരിഗണിക്കാതെ ഏകപക്ഷീയമായി വരുമാനം പങ്കിടൽ ബൈലോയിൽ ഉൾപ്പെടുത്തുകയായിരുന്നു.
ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ കിഴക്ക്, പടിഞ്ഞാറ് ആൽത്തറകൾക്ക് മുന്നിലുള്ള ഭണ്ഡാരങ്ങളിൽ കാണിക്കയായി വീണ സ്വർണവും വിദേശ കറൻസികളും എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല. കോടികളുടെ മൂല്യമുള്ള സ്വർണവും കറൻസികളും ഈ വഞ്ചികളിൽ വീണിട്ടുണ്ടെന്നാണ് വിശ്വാസികൾ പറയുന്നത്. നോട്ടുകളും നാണയങ്ങളും മാത്രമാണ് ക്ഷേത്രത്തിന്റെ വരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഹൈക്കോടതി നിയോഗിച്ച ഏകാംഗ അഡ്വക്കേറ്റ് കമ്മിഷന്റെ നേതൃത്വത്തിലാണ് ഭണ്ഡാരത്തിലെ വരവ് എണ്ണിത്തിട്ടപ്പെടുത്തുന്നത്. സ്ഥാനി വിഭാഗക്കാർക്ക് കിഴക്ക്, പടിഞ്ഞാറ് ആൽത്തറ വഞ്ചികളിലെ വരുമാനത്തിന്റെ പകുതി പങ്കിട്ടു നൽകുന്ന കീഴ് വഴക്കത്തിനെതിരെ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വരവ് തിട്ടപ്പെടുത്താൻ അഡ്വക്കേറ്റ് കമ്മിഷനെ 2010ൽ നിയോഗിച്ചത്.
കേസ് തീർപ്പാകുന്നത് വരെ സ്ഥാനി വിഭാഗക്കാർക്കുള്ള വിഹിതം പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. മുമ്പ് ഭരണസമിതിയുടെ നേതൃത്വത്തിൽ തിട്ടപ്പെടുത്തിയിരുന്നപ്പോൾ ചില്ലറ നാണയങ്ങൾക്കും ഇന്ത്യൻ കറൻസിക്കുമൊപ്പം സ്വർണത്തിന്റെയും വിദേശ കറൻസികളുടെയും മൂല്യം നിശ്ചയിച്ച് വരുമാനത്തിൽ ഉൾപ്പെടുത്തുമായിരുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.