പാലക്കാട്: ഭൂഗര്‍ഭജലത്തിന്റെ നിരപ്പ് ഗുരുതരാവസ്ഥയിലായ മഴനിഴല്‍ പ്രദേശങ്ങളാണ് പാലക്കാടിന്റെ കിഴക്കന്‍മേഖല. പെരുമാട്ടി പഞ്ചായത്തിലാണ് ജലചൂഷണത്തിനെതിരായ കേരളത്തിലെ ആദ്യ ശബ്ദമുയര്‍ന്നത്. പ്ലാച്ചിമടയിലെ ലോക ജലസമ്മേളനം പ്രശ്‌നം ലോകശ്രദ്ധയിലുമെത്തിച്ചു. എലപ്പുള്ളിയുടെ തൊട്ടടുത്തുള്ള പുതുശ്ശേരിയിലും ജലചൂഷണത്തിനെതിരേ സമരം നടക്കുന്നിട്ടുണ്ട്. ഈ പ്രദേശത്താണ് എലപ്പുള്ളിയും. ഈ എലപ്പുള്ളിയിലേക്കാണ് വെള്ളമൂറ്റും ബ്രൂവറി വരുന്നത്. പെരുമാട്ടിയില്‍ കൊക്കകോളയ്ക്കെതിരെ ആയിരുന്നെങ്കില്‍ പുതുശ്ശേരിയില്‍ അത് പെപ്‌സിക്കെതിരെയായിരുന്നു. രണ്ടും പൂട്ടിയത് ചരിത്രം.

എലപ്പുള്ളിയില്‍ ഇനി സമര കാഹളമാണ്. പാലക്കാട്ടെ വ്യവസായ മേഖലയായ പുതുശ്ശേരി പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്താണ് എലപ്പുള്ളി. ആറ്, എഴ് വാര്‍ഡുകളിലായിക്കിടക്കുന്ന മണ്ണുക്കാട്ടെ പഴയ കരിമ്പുപാടമാണ് ഒയാസിസ് കമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് വില കൊടുത്തുവാങ്ങിയത്. തൊട്ടടുത്ത കൃഷിക്കാരുടെ വയലുകളുള്‍പ്പെടെ 24 ഏക്കര്‍ ഭൂമി. 600 കോടി മുതല്‍മുടക്കില്‍ 500 കിലോലിറ്റര്‍ ഉത്പാദനശേഷിയുള്ള എഥനോള്‍ പ്ലാന്റ് ഉള്‍പ്പെടെയുള്ള മദ്യക്കമ്പനിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ എലപ്പുള്ളി കേരളത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി. പാലക്കാട്ടെ ഹോട്ടല്‍വ്യവസായിയുടേതായിരുന്നു കരിമ്പുപാടം. തൊട്ടടുത്തുള്ള മൂന്നരയേക്കര്‍ ഭൂമികൂടി ഒയാസിസ് സ്വന്തമാക്കിയിട്ടുണ്ട്. ഈ നെല്‍വയല്‍ ആവശ്യത്തിന് വെള്ളംകിട്ടാത്തതിനെത്തുടര്‍ന്ന് തരിശിട്ടിരിക്കയായിരുന്നു. വെള്ളമില്ലാതെ കട്ടവിണ്ടുനില്‍ക്കുന്ന വയലുകളില്‍ ആളുയരത്തില്‍ മുള്‍ച്ചെടികളാണുള്ളതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പാലക്കാട്ടെ കാര്‍ഷികമേഖലകളിലൊന്നാണ് എലപ്പുള്ളി. മദ്യനിര്‍മാണശാല പ്രവര്‍ത്തിക്കാന്‍ വന്‍തോതില്‍ ജലമാവശ്യമാണെന്നിരിക്കേ, കുടിവെള്ളക്ഷാമം രൂക്ഷമായ ഈ പഞ്ചായത്തിലെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിനാണ് തയ്യാറെടുക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ കൊടുംവേനലില്‍ കുടിവെള്ളമെത്തിക്കാന്‍ എലപ്പുള്ളി പഞ്ചായത്തിന് ചെലവഴിക്കേണ്ടിവന്നത് 12 ലക്ഷംരൂപയാണ്. ഭൂഗര്‍ഭജലം വിനിയോഗിക്കില്ലെന്നും മലമ്പുഴ അണക്കെട്ടില്‍നിന്ന് വെള്ളമെത്തിക്കാന്‍ ജല അതോറിറ്റി സമ്മതിച്ചിട്ടുണ്ടെന്നുമാണ് കന്പനിയുടെ വാദം. അണക്കെട്ടിലെ വെള്ളം കൃഷിക്കും കുടിവെള്ളത്തിനുമാണ് ഉപയോഗിക്കേണ്ടത്. അതായത് സാധാരണക്കാര്‍ക്ക് കിട്ടേണ്ട വെള്ളമെല്ലാം ഓയാസിസുകാര്‍ മലമ്പുഴയില്‍ നിന്നും കൊണ്ടു പോകും.

2022 മുതല്‍ ഓയാസിസ് എലപുള്ളിയില്‍ സ്ഥലംവാങ്ങിത്തുടങ്ങി. ഇടനിലക്കാരിലൂടെയാണ് ഭൂവുടമകളെ സമീപിച്ചത്. ഒരു വര്‍ഷംമുമ്പ് എക്‌സൈസുകാര്‍ പരിശോധന തുടങ്ങി. ഇരുമ്പുരുക്ക് കമ്പനികളിലെ മാലിന്യം വയലിന് നടുവിലിട്ട് റോഡ് വികസിപ്പിച്ചു. കമ്പനിവാങ്ങിയ ഭൂമിയടക്കം മൂന്നരയേക്കറോളം ഭൂമി തരംമാറ്റാനുള്ള അപേക്ഷ കൃഷി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ആര്‍.ഡി.ഒ. നിരസിച്ചിട്ടുണ്ട്. റവന്യൂ-കൃഷി വകുപ്പുകള്‍ തരംമാറ്റാന്‍ അനുമതിനിഷേധിച്ച ഭൂമിയിലാണ് വ്യവസായ വകുപ്പ് ഏകജാലകസംവിധാനം വഴി അനുമതി നല്‍കിയത്. എല്ലാ ചട്ടങ്ങളും പാലിച്ചുതന്നെയാണ് ഭൂമിക്ക് അനുമതി നല്‍കിയതെന്ന സര്‍ക്കാര്‍ വിശദീകരണം നാട്ടുകാര്‍ തള്ളുന്നു. നെല്‍കൃഷിക്ക് വെള്ളമില്ല. കുടിവെള്ളത്തിനും ജനം മുട്ടുന്നു. ഇതിനിടെയാണ് ബ്രൂവറി ഈ മേഖലയിലേക്ക് വരുന്നത്. പ്രതിഷേധം ഉയരുമെന്നുള്ളതു കൊണ്ടാണ് ഒന്നും പഞ്ചായത്തിനെ പോലും സര്‍ക്കാര്‍ അറിയിക്കാത്തത്.

എലപ്പുള്ളി പഞ്ചായത്തില്‍ കമ്പനിക്കുള്ള 24 ഏക്കര്‍ ഭൂമിയിലാണ് 600 കോടിരൂപ മുതല്‍മുടക്കുള്ള മദ്യനിര്‍മാണശാല വരുന്നത്. മദ്യനിര്‍മാണശാല തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെക്കുറിച്ച് മന്ത്രിസഭാ തീരുമാനം വന്നശേഷം മാധ്യമങ്ങള്‍വഴിയാണ് പഞ്ചായത്ത് ഭരണത്തിലുള്ളവര്‍ അറിയുന്നത്. നിക്ഷേപം ആകര്‍ഷിക്കാനുള്ള 'ഈസ് ഓഫ് ഡൂയിങ്' വ്യവസ്ഥയനുസരിച്ച് വന്‍കിട വ്യവസായങ്ങളനുവദിക്കാന്‍ പ്രാരംഭഘട്ടത്തില്‍ പഞ്ചായത്തിന്റെ അനുമതിയാവശ്യമില്ലെന്നാണ് സര്‍ക്കാര്‍വാദം. മതിയായ രേഖകളും അനുമതിയുമൊക്കെ വ്യവസായവകുപ്പിന്റെ ഏകജാലകം പ്രയോജനപ്പെടുത്തി മൂന്നരവര്‍ഷത്തിനുള്ളില്‍ സമര്‍പ്പിച്ചാല്‍ മതി. പഞ്ചായത്തിന്റെ അനുമതിയുണ്ടെങ്കിലേ എക്‌സൈസ് ലൈസന്‍സ് ലഭിക്കൂ. റോഡുനിര്‍മാണം, നിലംനികത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും പഞ്ചായത്തിന്റെ അനുമതിവേണം.

ആറുമാസംമുന്‍പ് വ്യവസായവകുപ്പ് പഞ്ചായത്ത് സെക്രട്ടറിയോട്, കര്‍ഷകരോ നാട്ടുകാരോ ഒയാസിസ് കമ്പനിക്കെതിരേ എന്തെങ്കിലും പരാതിയോ പ്രതിഷേധമോ ആയി രംഗത്തുവന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചിരുന്നു. രേഖാമൂലം ഒരുപരാതിയും കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി മറുപടിനല്‍കി. ഈ ഘട്ടത്തിലും മദ്യനിര്‍മാണശാലയെക്കുറിച്ച് ഒരുസൂചനയും പഞ്ചായത്തിനുനല്‍കിയില്ല. അതായത് അതീവ രഹസ്യമായി ഫയല്‍ നീക്കുന്ന പദ്ധതിയെ കുറിച്ച് നാട്ടുകാര്‍ അറിയുന്നത് പോലും ഇപ്പോഴാണ്. നാലേക്കര്‍ ഭൂമി തരംമാറ്റാനായി കമ്പനി അപേക്ഷ നല്‍കിയപ്പോള്‍ കൃഷിഭൂമിയായതിനാല്‍ പഞ്ചായത്ത് അനുമതി നിഷേധിച്ചിരുന്നു. തരംമാറ്റത്തിന് ഒട്ടേറെ അപേക്ഷകള്‍ വരുന്നതിനാല്‍ ഒയാസിസിന്റെ വരവിനെക്കുറിച്ച് പഞ്ചായത്തധികൃതര്‍ സംശയിച്ചതുമില്ല.