ഹിന്ദി ഹൃദയ ഭൂമികയിൽ സംഘപരിവാർ രാഷ്ട്രീയത്തെ പടിക്ക് പുറത്ത് നിർത്തുന്ന ഒരു സംസ്ഥാനമാണ് ഒഡീഷ. 2000 മുതൽ തുടർച്ചയായ 24 വർഷം ഇവിടെ ബിജു ജനതാദൾ നേതാവ് നവീൻ പട്നായിക്കാണ് ഭരിക്കുന്നത്. 2000ത്തിൽ ബിജെപിക്കൊപ്പം സഖ്യം ചേർന്ന് ഒഡീഷ പിടിച്ച നവീൻ പട്നായിക്ക്, 2009-ൽ ബിജെപിയുമായി സഖ്യം പിരിഞ്ഞിട്ടും ഇവിടെ ജയിച്ചുകയറി. 2014-ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിലും ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിലും പട്‌നായിക് വൻ വിജയം നേടി. ഒഡീഷയിലെ 21 ലോക്‌സഭാ സീറ്റുകളിൽ 20 ഉം, 147 നിയസമഭാ സീറ്റുകളിൽ 117 ഉം പട്‌നായിക്കിന്റെ ബിജു ജനതാദൾ നേടി. 2019-ൽരാജ്യത്തുടനീളം ശക്തമായ ബിജെപി തരംഗമുണ്ടായിട്ടും, ഒഡീഷയിലെ നിയമസഭയിലെ 146ൽ 112 സീറ്റുകളിലും, 21 അംഗ ലോക്‌സഭയിൽ 12 സീറ്റുകളിലും നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിൽ ബിജു ജനതാദൾ വിജയിച്ചു.

ജ്യോതിബസുവിന് ശേഷം, ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ നേതാവാണ് നവീൻ. അതുകൊണ്ടുതന്നെ ഈ രാഷ്ട്രീയ അതികായനെ എന്ത് വിലകൊടുത്തും, ഒതുക്കുക എന്നാണ് മോദി- അമിത് ഷാ ടീം ലക്ഷ്യമിടുന്നത്. അതിന് അവർ ഇത്തവണ പുറത്തെടുത്തതാവട്ടെ ശക്തമായ മണ്ണിന്റെ മക്കൾ വാദമാണ്. വയസ്സ് 78ലേക്ക് കടന്നതോടെ ബിജു പട്നായിക്ക് കടുത്ത അനാരോഗ്യത്തിന്റെ പിടിയിലാണ്. അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ വി കെ പാണ്ഡ്യന്റെ കൈപിടിച്ച് സ്റ്റേജിലേക്ക് കയറുന്ന പട്നായിക്കിന്റെ ചിത്രങ്ങളാണ് ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്നത്. പട്നായിക്കിന്റെ അനാരോഗ്യം കാരണം ഈ തമിഴനാണ് സംസ്ഥാനം ഭരിക്കുന്നത് എന്നും ബിജെപി അധികാരത്തിൽ ഏറ്റിയാൽ ഒഡിയ ഭാഷ സംസാരിക്കുന്ന നേതാവിൻെ മുഖ്യമന്ത്രിയാക്കുമെന്നും പറയുന്നത്, പ്രാദേശിക നേതാക്കളല്ല. മോദിയും, അമിത് ഷായുമൊക്കെയാണ്. പട്നായിക്കിനെ ആരോഗ്യതകർച്ചക്ക് പിന്നിൽ പാണ്ഡ്യനാണെന്നും അവർ ആരോപിക്കുന്നു. 'ഒഡിയ അസ്മിത' (ഒഡിയ പ്രൈഡ്) വിഷയം ഉയർത്തിക്കാട്ടി മണ്ണിന്റെ മക്കൾ വാദം ഉയർത്തിയാണ് ബിജെപിയുടെ പ്രചാരണം. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്.

'അനാരോഗ്യം കണ്ടെത്താൻ സമിതി'

കഴിഞ്ഞ ദിവസം ഒഡീഷയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എടുത്തിട്ടത് ഇതേ വിഷയമാണ്. ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ നവീൻ പട്നായിക്കിന്റെ ആരോഗ്യം ക്ഷയിക്കുന്നതിന്റെ കാരണം കണ്ടെത്താൻ പ്രത്യേക കമ്മിറ്റിയെ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

'ഈയിടെയായി നവീൻ ബാബുവിന്റെ അഭ്യുദയകാംക്ഷികൾ വളരെ ആശങ്കയിലാണ്. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി എത്രത്തോളം വഷളായതാണെന്ന് നമ്മൾ കണ്ടതാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ എന്നെ കാണുമ്പോഴെല്ലാം നവീൻ ബാബുവിന്റെ ആരോഗ്യത്തെ കുറിച്ചാണ് ചർച്ച ചെയ്തിരുന്നത്. ഇനി നവീൻ ബാബുവിനെ കൊണ്ട് ഒന്നും ചെയ്യാൻ ആകില്ലെന്നാണ് അവർ പറയുന്നത്. പലരും വിശ്വസിക്കുന്നത് അദ്ദേഹത്തിന്റെ ആരോഗ്യം മോശമായതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ്," മോദി പറഞ്ഞു.

നവീൻ പട്നായിക്കിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അതറിയാനുള്ള അവകാശം ഒഡീഷയിലെ ജനങ്ങൾക്കുണ്ടെന്ന് മോദി പറഞ്ഞു. ഇനി നവീൻ ബാബുവിനെ കൊണ്ട് ഒന്നും ചെയ്യാൻ ആകില്ലെന്നാണ് അവർ പറയുന്നത്. അദ്ദേഹത്തിന്റെ പേരിൽ തിരശീലയ്ക്ക് പിന്നിലിരുന്ന് അധികാരം ആസ്വദിക്കുന്ന ഒഡീഷയിലെ ലോബികൾക്ക് ഇതിൽ പങ്കുണ്ടോയെന്ന് കണ്ടെത്തേണ്ടത് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ദുരൂഹത പുറത്തുകൊണ്ടുവരേണ്ടത് ആവശ്യമാണെന്നും അതിനാൽ ജൂൺ 10 ന് ഒഡീഷയിൽ ബിജെപി സർക്കാർ രൂപീകരിച്ച ശേഷം ഇത് അന്വേഷിച്ച് കണ്ടെത്താൻ ഒരു പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുമെന്നും മോദി പറഞ്ഞു.

തമിഴൻ മുഖ്യമന്ത്രിയാവുമെന്ന് പ്രചാരണം

നവീൻ പട്‌നായിക്കിനും അദ്ദേഹത്തിന്റെ അടുത്ത സഹായി വികെ പാണ്ഡ്യനുമെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആക്രമണം ശക്തമാക്കി. ഒഡീഷയിൽ മുഖ്യമന്ത്രിക്കു പുറകിൽ നിന്ന് ഒരു തമിഴനാണോ സർക്കാരിനെ നയിക്കേണ്ടതെന്നതാണ് അമിത് ഷാ ചോദിക്കുന്നത്. ഒഡീഷയിൽ ബിജെപി സർക്കാർ ജയിച്ചാൽ ഒഡിയ സംസാരിക്കുന്ന ഒരാൾ മുഖ്യമന്ത്രിയാകുമെന്നും അമിത് ഷാ വ്യക്തമാക്കി.

ഒഡീഷയിലെ ജനങ്ങൾ തങ്ങളുടെ അഭിമാനത്തിനായി അശോക ചക്രവർത്തിക്കെതിരെ ധീരമായി പോരാടി, നിരവധി ജീവൻ ബലിയർപ്പിച്ചു, എന്നിട്ടും അവർ ഒരിക്കലും തലകുനിച്ചില്ല. എന്നാൽ, ഇപ്പോഴത്തെ ഒഡീഷ മുഖ്യമന്ത്രി തമിഴ് മുഖ്യമന്ത്രിയെ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. നിങ്ങളുടെ (മിസ്റ്റർ. പട്‌നായിക്) നേതൃത്വത്തിൽ ഞങ്ങൾ വളരെയധികം സഹിച്ചു, പക്ഷേ നിങ്ങളുടെ പേരിൽ ഈ ഉദ്യോഗസ്ഥനെ ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല, 'ഭദ്രക് ലോക്‌സഭാ മണ്ഡലത്തിലെ ചാന്ദ്ബലിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഷാ പറഞ്ഞു.

'ജൂൺ 4 വരൂ, നവീൻ ബാബു ഇനി മുഖ്യമന്ത്രിയായി തുടരില്ല, അദ്ദേഹം മുൻ മുഖ്യമന്ത്രിയാകും... ഒഡീഷയിൽ 17 ലോക്‌സഭാ സീറ്റുകളും 75 നിയമസഭാ മണ്ഡലങ്ങളും ബിജെപി നേടും"- ഷാ പറഞ്ഞു. അടുത്ത മുഖ്യമന്ത്രി ഒടിയയിൽ പ്രാവീണ്യമുള്ളവനാണെന്നും സംസ്ഥാനത്തിന്റെ ഭാഷയും സംസ്‌കാരവും പാരമ്പര്യവും മനസ്സിലാക്കുന്നവനാണെന്നും ബിജെപി ഉറപ്പാക്കുമെന്നും ഷാ പറഞ്ഞു.

ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം ബിജെഡി കൊള്ളയടിച്ചുവെന്നും ബിജെപി ആരോപിക്കുന്നു. ഒഡീഷയിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വന്നാൽ ഭണ്ഡാരത്തിന്റെ താക്കോൽ നഷ്ടപ്പെട്ടതെങ്ങനെയെന്ന് കണ്ടെത്തുമെന്നും ബിജെഡി സർക്കാർ ഒളിപ്പിച്ചു വയ്ക്കാൻ ശ്രമിക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തു കൊണ്ടുവരുമെന്നും എല്ലാ റാലികളിലും മോദിയും, അമിത് ഷായും പറയുന്നുണ്ട്.