കാണ്ഡമാൽ: ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിൽ സ്‌കൂൾ നോട്ടീസ് ബോർഡിൽ നിന്ന് പിൻ വിഴുങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ അധ്യാപകർക്ക് വീഴ്ച സംഭവിച്ചതായും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി. ഫുൽബാനിയിലെ ആദർശ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ തുഷാർ മിശ്രയാണ് മരണപ്പെട്ടത്.

ഒക്ടോബർ 15-നാണ് തുഷാർ മിശ്ര എന്ന വിദ്യാർത്ഥി അബദ്ധത്തിൽ നോട്ടീസ് ബോർഡിൽ നിന്ന് പിൻ എടുത്ത് വിഴുങ്ങിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട തുഷാറും സഹപാഠികളും ഉടൻതന്നെ അധ്യാപകരായ സീമയെയും ഫിറോസിനെയും വിവരം അറിയിച്ചിരുന്നു. എന്നാൽ, കുട്ടികൾ നുണ പറയുകയാണെന്ന് പറഞ്ഞ് അധ്യാപകർ ഇവരെ അവഗണിച്ച് തിരിച്ചയച്ചതായി പരാതിയിൽ പറയുന്നു. അതിലുപരി, കുട്ടിയുടെ അവശനില മനസ്സിലാക്കാതെ, പിൻ വിഴുങ്ങിയ വിദ്യാർത്ഥിക്ക് വെറും വെള്ളവും ഭക്ഷണവും നൽകിയെന്നും ഇത് പിൻ കൂടുതൽ ആഴങ്ങളിലേക്ക് പോകാൻ കാരണമായെന്നും കുടുംബം ആരോപിക്കുന്നു.

വീട്ടമ്മയുടെ സഹോദരൻ്റെ വീട്ടിലാണ് തുഷാർ താമസിച്ചിരുന്നത്. വൈകുന്നേരത്തോടെ വയറുവേദന സഹിക്കാനാവാതെ വന്നതോടെ വീട്ടുകാർ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചാണ് കുട്ടി താൻ പിൻ വിഴുങ്ങിയ വിവരം വീട്ടുകാരോട് വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ എക്‌സ്-റേ പരിശോധനയിലാണ് കുട്ടിയുടെ ശ്വാസകോശത്തിൽ പിൻ തറഞ്ഞുകിടക്കുന്നതായി കണ്ടെത്തിയത്.

തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തുഷാറിനെ ഭുവനേശ്വറിലെ ക്യാപിറ്റൽ ആശുപത്രിയിലേക്കും പിന്നീട് കട്ടക്കിലെ ശിശു ഭവനിലേക്കും മാറ്റി. ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ശ്വാസകോശത്തിൽ നിന്ന് പിൻ നീക്കം ചെയ്യാൻ സാധിച്ചെങ്കിലും, ആരോഗ്യനില വഷളായി കുട്ടി കോമയിലേക്ക് പോയി. ഒക്ടോബർ 26-ന് ചികിത്സയിലിരിക്കെയാണ് തുഷാർ മിശ്ര മരണപ്പെട്ടത്.

സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ, അടുത്ത ദിവസം കുട്ടിയുടെ പിതാവ് പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തിൽ അധ്യാപകർക്ക് വീഴ്ച സംഭവിച്ച കാര്യം തങ്ങൾ സ്ഥിരീകരിക്കുന്നതായി പോലീസ് അറിയിച്ചു.

പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇതുവരെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആർക്കെതിരെയും കേസെടുത്തിട്ടില്ല. കുട്ടിയുടെ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.