- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പരിക്കേറ്റവർക്ക് രക്തം നൽകാൻ ആശുപത്രികളിലേക്ക് ഒഴുകിയെത്തി ആളുകൾ; ദുരന്ത മുഖത്തും ഒരുമയോടെ ഒഡിഷ ജനത; അപകടത്തിൽ ആവശ്യമുള്ളവർക്ക് രക്തം എത്തിക്കൂ എന്ന് ആരാധകരോട് അഭ്യർത്ഥിച്ചു ചിരഞ്ജീവിയും; രാജ്യത്തെ നടുക്കിയ ദുരന്തമുഖത്ത് സഹായ ഹസ്തമെത്തുന്നു
ഭുവനേശ്വർ: ഒഡീഷയിലുണ്ടായ ട്രെയിൻ ദുരന്തത്തിന്റെ മരവിപ്പാലാണ് രാജ്യം മുഴുവനും. അതിദാരുണമായ അപകടം ഇരുന്നൂറിലധികം ജീവനുകൾ കവർന്നപ്പോൾ ശ്വാസം നിലയ്ക്കാത്തവർക്ക് സഹായഹസ്തവുമായി നിരവധിപ്പേർ ഓടിയെത്തി. പരിക്കേറ്റവർക്കു രക്തം നൽകാനായി ആളുകൾ ആശുപത്രികളിലേക്ക് ഒഴുകിയെത്തുകയായിരുന്നെന്നാണ് ആശുപത്രിയിൽ നിന്നുള്ള രംഗങ്ങൾ പങ്കുവച്ചുകൊണ്ട് വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തത്.
'ഇന്ന് രാവിലെ ഞാൻ ഇവിടെ എത്തിയപ്പോഴാണ് ബാലസോറിലെ അപകടത്തെക്കുറിച്ച് അറിഞ്ഞത്. ഒരുപാട് പേർ മരിച്ചുപോയി. ഇവിടേക്ക് പരിക്കേറ്റ ധാരാളം പേരെ എത്തിക്കുന്നുണ്ട്. അവരുടെ അവസ്ഥ ദയനീയമാണ്. പലർക്കും കൈകാലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവിടെ രക്തം ആവശ്യമാണെന്ന് എനിക്ക് മനസ്സിലായി, അതുകൊണ്ടാണ് രക്തദാനം നടത്തിയത്. ആർക്കെങ്കിലും രക്ഷപെട്ട് അവരുടെ വീടുകളിലേക്ക് മടങ്ങാനായാലോ... കഴിയുന്നവരെല്ലാം രക്തം ദാനം ചെയ്യാനെത്തണം, സുധാൻഷു എന്നയാൾ പറഞ്ഞു.
സുഹൃത്തുക്കൾക്കൊപ്പമെത്തിയാണ് വിഭൂതി ശരൺ എന്ന യുവാവ് രക്തം നൽകിയത്. ആശുപത്രിയിലെ കാഴ്‌ച്ച വളരെയധികം സങ്കടപ്പെടുത്തുന്നതാണെന്നും എല്ലാവരും സുഖം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങട്ടെയെന്നാണ് പ്രാർത്ഥിക്കുന്നതെന്നും വിഭൂതി ശരൺ പറഞ്ഞു. അതിനിടെ അപകടമേഖലയുടെ പരിസരത്തുള്ള തന്റെ ആരാധകരോട് നടൻ ചിരഞ്ജീവി നടത്തിയ ആഹ്വാനമാണ് അതിൽ ശ്രദ്ധേയം. രക്തം ആവശ്യമുള്ളവർക്ക് അതെത്തിച്ചുനല്കണമെന്നും രക്തം ദാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒഡീഷയിലെ ദാരുണമായ കോറോമാണ്ടൽ എക്സ്പ്രസ് അപകടത്തിലും മരണത്തിലും ഞെട്ടിയെന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു. ജീവൻ രക്ഷിക്കാൻ രക്ത യൂണിറ്റുകളുടെ അടിയന്തിര ആവശ്യമുണ്ടെന്ന് താൻ മനസ്സിലാക്കുന്നു. രക്തം ദാനം ചെയ്യുന്നതിന് സാധ്യമായ എല്ലാ സഹായവും നൽകാൻ എല്ലാ ആരാധകരോടും സമീപ പ്രദേശങ്ങളിലെ സുമനസുകളോടും അഭ്യർത്ഥിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ദാരുണമായ ട്രെയിൻ അപകടത്തിൽ മരിച്ച കുടുംബങ്ങൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും അനുശോചനമറിയിക്കുന്നതായി ജൂനിയർ എൻ.ടി.ആർ പ്രതികരിച്ചു. തന്റെ ചിന്തകൾ ഈ വിനാശകരമായ സംഭവത്തിൽ ബാധിതരായ ഓരോ വ്യക്തിയോടും ഒപ്പമാണ്. ഈ പ്രയാസകരമായ സമയത്ത് ശക്തിയും പിന്തുണയും അവർക്കുണ്ടാകട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ബോളിവുഡ് താരം സൽമാൻ ഖാനാണ് സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ മറ്റൊരു താരം. അപകടത്തെ കുറിച്ച് കേട്ടപ്പോൾ ശരിക്കും സങ്കടമുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മരിച്ചവരുടെ ആത്മാവിന് ദൈവം ശാന്തി നൽകട്ടെ. ഈ നിർഭാഗ്യകരമായ അപകടത്തിൽ നിന്ന് പരിക്കേറ്റവരുടെ കുടുംബങ്ങളെ സംരക്ഷിക്കുകയും ശക്തി നൽകുകയും ചെയ്യട്ടെയെന്നും അദ്ദേഹം എഴുതി.
വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. യശ്വന്ത്പുരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്(12864), ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ്(12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തിൽപ്പെട്ടത്. യശ്വന്ത്പുരിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡൽ എക്സ്‌പ്രസ് ഈ കോച്ചുകളിലേക്ക് വന്ന് ഇടിച്ചതോടെയാണ് അപകടം ഗുരുതരമായത്. ഇതിലേക്ക് ഒരു ചരക്കുതീവണ്ടിയും വന്നിടിച്ചു.
ഒഡിഷയുടെ നാല് ദ്രുതകർമസേനാ യൂണിറ്റുകളും 15 അഗ്‌നിരക്ഷാ സേനാ യൂണിറ്റുകളും 30 ഡോക്ടർമാർ, 200 പൊലീസുകാർ, 60 ആംബുലൻസുകൾ എന്നിവ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് ഒഡിഷ ചീഫ് സെക്രട്ടറി വ്യക്തമാക്കി.




