- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇനിയും തിരിച്ചറിയാൻ കഴിയാതെ 187 മൃതദേഹങ്ങൾ; പ്ലാസ്റ്റിക് ബാഗുകളിലും തറയിൽ കിടത്തിയിരിക്കുന്ന മൃതദേഹങ്ങൾ ജീർണിച്ചു തുടങ്ങി; തിരിച്ചറിയുന്ന മൃതദേഹങ്ങൾ ബാലസോറിൽ സംസ്‌ക്കരിച്ചു ബന്ധുക്കൾ; നഷ്ടപരിഹാര ഇനത്തിൽ ഇതുവരെ നൽകിയത് 3.22 കോടി രൂപ
ബാലസോർ: ബാലസോർ അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാൻസാധിക്കാത്തത് വലിയ പ്രതിസന്ധിയായി മാറുന്നു. ഇനിയും തിരിച്ചറിയാത്ത 187 മൃതദേഹങ്ങളുണ്ട്. ഇത് എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് അധികൃതർ. താൽക്കാലിക മോർച്ചറിയാക്കി മാറ്റിയ നോർത്ത് ഒഡീഷ ചേംബർ ഓഫ് കൊമേഴ്‌സ് ബിസിനസ് പാർക്കിൽ പ്ലാസ്റ്റിക് ബാഗുകളിലും അല്ലാതെയുമായി തറയിൽ കിടത്തിയിരിക്കുന്ന മൃതദേഹങ്ങൾ ജീർണിച്ചു തിരിച്ചറിയാൻ കഴിയാത്തവിധമായിട്ടുണ്ട്.
ബംഗാൾ, തമിഴ്‌നാട്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നു നൂറുകണക്കിനാളുകളാണ് ബാലസോറിലെത്തിയത്. മൃതദേഹങ്ങളുടെ കഴിഞ്ഞദിവസമെടുത്ത ഫോട്ടോകൾ നോക്കിയാണ് പലരും ഉറ്റവരെ തിരിച്ചറിയുന്നത്. ചിത്രങ്ങൾ പ്രത്യേക വെബ്‌സൈറ്റിലും നൽകിയിട്ടുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഭുവനേശ്വറിലേക്കുമാറ്റി മോർച്ചറിയിൽ സൂക്ഷിക്കും. തിരിച്ചറിയുന്ന മൃതദേഹങ്ങൾ തന്നെ പലരും ബാലസോറിൽ സംസ്‌കരിക്കുന്നു അവസ്ഥയുമുണ്ട്.
അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കുമുള്ള നഷ്ടപരിഹാര ഇനത്തിൽ ഇതുവരെ 3.22 കോടി രൂപ നൽകിയെന്നു റെയിൽവേ ബോർഡ് അംഗം ജയ വർമ അറിയിച്ചു. മരിച്ചവരിൽ 11 പേരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവരിൽ ഗുരുതരാവസ്ഥയിലുള്ള 50 പേർക്കും അത്ര ഗുരുതരമല്ലാത്ത പരുക്കേറ്റ 224 പേർക്കുമായി ആകെ 285 യാത്രക്കാരുടെ കാര്യത്തിലാണ് നഷ്ടപരിഹാരം കൈമാറിക്കഴിഞ്ഞത്. സോറോ, ഖരഗ്പുർ, ബാലസോർസ ഖണ്ഡപാര, ഭദ്രക്, കട്ടക്, ഭുവനേശ്വർ എന്നിങ്ങനെ ഏഴിടങ്ങളിലാണു നഷ്ടപരിഹാരം വിതരണം ചെയ്യുന്നത്.
അപകടത്തിൽപെട്ട ട്രെയിനുകളിലെ യാത്രക്കാരിൽ ടിക്കറ്റ് എടുക്കാത്തവർക്കും ദുരന്ത നഷ്ടപരിഹാരം ലഭിക്കും. സുപ്രീം കോടതി മുൻ ഉത്തരവുപ്രകാരമാണിതെന്നു റെയിൽവേ അധികൃതർ അറിയിച്ചു. യാത്രാടിക്കറ്റ് എടുത്തശേഷം ട്രെയിനിൽ കയറിയവർക്കു മാത്രമല്ല, ടിക്കറ്റില്ലാതെ യാത്ര ചെയ്തവർക്കും നഷ്ടപരിഹാരം ലഭിക്കുമെന്നു റെയിൽവേ വക്താവ് അമിതാഭ് ശർമ പറഞ്ഞു.
ട്രെയിനപകടത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും ബന്ധുക്കളെ കണ്ടെത്താൻ റെയിൽവേ ഒരുക്കിയിരിക്കുന്നതു വിപുലമായ സംവിധാനം. പരുക്കേറ്റ് ആശുപത്രിയിലുള്ള ഓരോരുത്തർക്കുമൊപ്പം സ്‌കൗട്, ഗൈഡ് പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ നഷ്ടപ്പെട്ടതിനാൽ വീട്ടുകാരുമായി ബന്ധപ്പെടാനാകാത്ത അവസ്ഥയിലാണു പലരും. ബന്ധുക്കളുടെ യാത്രയും മറ്റു ചെലവുകളും റെയിൽവേ വഹിക്കും.
അതേസമയം ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷിക്കുന്നുണ്ട്. റെയിൽവെ ബോർഡാണ് ഇക്കാര്യം ശുപാർശ ചെയ്തതെന്ന് റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ട്രെയിൻ അപകടത്തിന് പിന്നാലെ പ്രതിപക്ഷം വിമർശനം ശക്തമാക്കിയതോടെയും അട്ടിമറി സംശയിക്കുന്നതും കണക്കിലെടുത്താണ് സിബിഐ അന്വേഷണം. രക്ഷാപ്രവർത്തനം പൂർത്തിയായി എന്ന് അറിയിച്ച അശ്വിനി വൈഷ്ണവ്, .റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തികൾ തുടരുകയാണെന്നും അറിയിച്ചു. ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രധാന ലൈനിലൂടെ വന്ന കൊറോമാൻഡൽ എക്സ്‌പ്രസ് ഇരുമ്പയിര് നിറച്ച ചരക്ക് തീവണ്ടി നിർത്തിയിട്ടിരുന്ന ലൂപ് ലൈനിലേക്ക് കടന്നിരുന്നു. ട്രെയിൻ നമ്പർ 12841 ( കൊറോമാൻഡൽ) ന് സിഗ്‌നൽ ഒന്ന് കൊടുത്ത ശേഷം പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അട്ടിമറിയാണെന്നും സംശയിക്കുന്നു. ഈ ക്രിമിനൽ പ്രവത്തിക്ക് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായും റെയിൽവെ മന്ത്രി പറഞ്ഞു. ഇലക്ടോണിക് ഇന്റർലോക്കിങ്ങൽ വരുത്തിയ വ്യതിയാനമാണ് അട്ടിമറി സംശയിക്കാൻ കാരണം. റെയിൽവെക്കുള്ളിൽ നിന്നോ പുറത്തുനിന്നോ ഉള്ള അട്ടിമറി തള്ളിക്കളഞ്ഞിട്ടില്ല.
പച്ച സിഗ്‌നൽ കിട്ടിയ ശേഷമാണ് ട്രെയിൻ മുന്നോട്ടുകുതിച്ചതെന്ന് കൊറോമാൻഡൽ എക്സ്‌പ്രസിന്റെ ഡ്രൈവർ. സിഗ്‌നൽ തെറ്റിക്കുകയോ, അമിതവേഗത്തിലോ ആയിരുന്നില്ല ട്രെയിൻ. ഒഡിഷ ബാലസോർ അപകടത്തിൽ, റെയിൽവെയുടെ വിശദീകരണം വന്നപ്പോൾ, ഒരുട്രെയിൻ മാത്രമാണ് കൂട്ടിയിടിച്ചതെന്ന് ഊന്നി പറഞ്ഞു. മൂന്നുട്രെയിനുകൾ കൂട്ടിയിടിച്ചിട്ടില്ലെന്നും കൊറോമാൻഡൽ എക്സ്‌പ്രസ് മാത്രമാണ് അപകടത്തിൽ പെട്ടതെന്നും ബഹനഗ ബസാർ സ്റ്റേഷനിലെ ദുരന്തത്തെ കുറിച്ച് റെയിൽവേ ബോർഡ് അംഗം ജയ വർമ സിൻഹ അറിയിച്ചു.
എന്തോ കാരണത്താൽ ആ ട്രെയിൻ അപകടത്തിൽ പെട്ടു. ലൂപ്പ് ലൈനിൽ ഇരുമ്പയിരു നിറച്ചുകിടന്നിരുന്ന ചരക്കുതീവണ്ടിയലേക്കാണ് കൊറോമാൻഡൽ ഇടിച്ചുകയറിയത്. നല്ല ഭാരമുണ്ടായിരുന്നതുകൊണ്ട് തന്നെ ചരക്കുതീവണ്ടി ആ ആഘാതം താങ്ങി. കൊറോമാൻഡലിന്റെ കോച്ചുകൾ മൂന്നാമത്തെ ട്രാക്കിലേക്ക് തെറിച്ചുവീഴുകയും, ഹൗറയിൽ നിന്ന് നല്ല വേഗത്തിൽ വരികയായിരുന്ന ട്രെയിനിന്റെ ഏതാനും കോച്ചുകളിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. എൽഎച്ച്ബി കോച്ചുകളുള്ള ട്രെയിനാണ്. ഇത്തരം കോച്ചുകൾ ഒരിക്കലും തലകീഴായി മറിയില്ല. അപകടത്തിന്റെ ആഘാതം കൂടിയത് ഇരുമ്പയിര് നിറച്ച ചരക്കുതീവണ്ടിയിൽ ഇടിച്ചതു കൊണ്ടാണ്. .
ഷാലിമാർ-ചെന്നൈ സെൻട്രൽ കൊറോമാൻഡൽ ചെന്നൈയിൽ നിന്ന് ഹൗറയിലേക്കും, ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് ഹൗറയിൽ നിന്നും വരികയായിരുന്നു. ഇരുമെയിൻ ലൈനുകളിലും സിഗ്‌നൽ പച്ചയായിരുന്നു. കൊറോമാൻഡൽ, 128 കിലോമീറ്റർ വേഗത്തിലും, ഹൗറ 126 കിലോമീറ്റർ വേഗത്തിലുമായിരുന്നു. ഈ റൂട്ടിലെ വേഗ പരിധി 130 കിലോമീറ്ററാണ്. അതുകൊണ്ട് അമിതവേഗത്തിലായിരുന്നു ട്രെയിനുകൾ എന്ന പ്രചാരണത്തിൽ കഴമ്പില്ലെന്ന് ജയ വർമ സിൻഹ പറഞ്ഞു. ചരക്കുതീവണ്ടി പാളം തെറ്റിയില്ല. ഗുഡ്സ് ട്രെയിനിൽ ഇരുമ്പയിരായതിനാൽ, പരമാവധി ആഘാതം ഏറ്റതുകൊറോമാൻഡലിനാണ്. ഇതാണ് കൂടുതൽ മരണത്തിലേക്കും പരിക്കുകളിലേക്കും നയിച്ചത്. കൊറൊമാൻഡൽ, യശ്വന്ത്പൂർ എക്സ്‌പ്രസിന്റെ അവസാന രണ്ടുകോച്ചുകളിലാണ് ഇടിച്ചത്.
അപകടമുണ്ടായ സ്റ്റേഷനിൽ ആകെ നാല് ട്രാക്കുകളാണുള്ളത്. അതിൽ രണ്ടെണ്ണം നേരെയുള്ള മെയിൻ ലൈനുകളാണ്. ഈ ട്രാക്കുകളിൽ ട്രെയിനുകൾ നിർത്താറില്ല. ശേഷിക്കുന്ന രണ്ടു ലൈനുകൾ ലൂപ് ലൈനുകളാണ്. ഈ സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തേണ്ടി വന്നാൽ ലൂപ് ലൈനുകളാണ് അതിനായി തിരഞ്ഞെടുക്കുക. അപകടം നടക്കുന്ന സമയത്ത് ഇരു ദിശകളിലേക്കുമായി രണ്ട് മെയിൽ എക്സ്‌പ്രസ് ട്രെയിനുകളാണ് സ്റ്റേഷനിലൂടെ കടന്നുപോയിരുന്നത്.' ജയ വർമ വിശദീകരിച്ചു. അപകടം സംഭവിച്ച സ്റ്റേഷനിലെ പ്രധാന ട്രാക്കുകൾ രണ്ടും നടുവിലാണ്. ഇവയുടെ രണ്ടു വശത്തായിട്ടാണ് ലൂപ് ലൈനുകൾ. അപകട സമയത്ത്, ഇവിടെ രണ്ട് ചരക്കുതീവണ്ടികൾ ട്രെയിനുകൾ ഇരുവശത്തായുള്ള ലൂപ്പ് ലൈനുകളിൽ പിടിച്ചിട്ടിരുന്നു.




