- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രഞ്ജിനി വല്ലാതങ്ങ് തടിച്ചുപോയി അല്ലേ' എന്ന ബ്രിട്ടാസിന്റെ ചോദ്യത്തിന് 'ഞാനും തടിച്ചതല്ലേ' എന്ന് പറഞ്ഞ മോഹൻലാൽ; നടി ഐശ്വര്യലക്ഷ്മിയുടെ ചക്കര വിളി കരിപ്പെട്ടിയാക്കി വർണ്ണം കലർത്തിയ മമ്മൂട്ടി; ഇതിൽ ഏതാണ് സവർണ്ണത? രണ്ട് മെഗാ സ്റ്റാറുകളുടെ ഓഫ് സ്ക്രീൻ വർത്തമാനങ്ങൾ ചർച്ചയാവുമ്പോൾ
കോഴിക്കോട്: ചലച്ചിത്ര താരങ്ങളുടെ സിനിമകളിലെ കഥാപാത്രങ്ങളേക്കാൾ അവരുടെ അഭിമുഖങ്ങളിലെ അഭിപ്രായങ്ങൾ അടക്കമുള്ള ഓഫ് സ്ക്രീൻ പ്രസൻസ് സജീവ ചർച്ചയാവുന്ന കാലമാണിത്. തീയേറ്റിൽ പൊളിഞ്ഞുപോയ സിനിമകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങൾ പോലും ലക്ഷക്കണക്കിന് ആളുകൾ ആണ് കാണുന്നത്. താരങ്ങളുടെ അഭിപ്രായങ്ങളിലെ പൊളിറ്റിക്കൽ കറക്റ്റ്നസ്സ് നോക്കിയും വിവാദം ഉണ്ടവാറുണ്ട്. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോൾ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും രണ്ടു അഭിമുഖങ്ങിലെ പരാമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുന്നത്.
കൈരളി ടീവിയിൽ പണ്ട് , ജോൺ ബ്രിട്ടാസിന് അനുവദിച്ച അഭിമുഖത്തിൽ 'നടി രഞ്ജിനി തടിച്ചുവോ' എന്ന ബോഡി ഷെയിമിങ്ങ് ചോദ്യത്തിന് നടിയെ ചേർത്ത് പിടിക്കുന്ന രീതിയിൽ ആയിരുന്നു, മോഹൻലാലിന്റെ മറുപടി. ഞാനും തടിച്ചിട്ടാണ് അതുകൊണ്ടെന്താണ് കുഴപ്പം എന്നാണ് ലാൽ ചോദിക്കുന്നത്. ഇത് നടി ഐശ്വര്യ ലക്ഷ്മി, ചക്കര എന്ന് വിളിച്ചപ്പോൾ അത് കരിപ്പെട്ടിയാക്കി മമ്മൂട്ടി നടത്തിയ പരാമർശവുമാണ് താരതമ്യം ചെയ്യപ്പെടുന്നത്.
ആരാണ് സവർണ്ണൻ?
വർഷങ്ങൾക്ക് മുമ്പ് ജോൺ ബ്രിട്ടാസിന്റെ ജെ ബി ജംഗ്ഷൻ എന്ന പ്രോഗ്രാമിലാണ് മോഹൻലാൽ അതിഥിയായി എത്തിയത്. ഈ അഭിമുഖത്തിൽ മോഹൻലാലിനോട് രഞ്ജിനി ഒരു ചോദ്യമായി എത്തി, 'ചേട്ടാ നമ്മൾ ഒരുമിച്ചു രണ്ടുമൂന്നു സിനിമകളിൽ അഭിനയിച്ചല്ലോ എന്തെങ്കിലും ചേട്ടനെ എന്നോട് ചോദിക്കാനുണ്ടോ''. അതിനു മോഹൻലാൽ മറുപടി പറയുന്നതിന് മുൻപ് തന്നെ അവതാരകൻ ഇടക്ക് കയറി പറഞ്ഞു, രഞ്ജിനി അങ്ങ് തടിച്ചു അല്ലെ എന്ന്. അപ്പോൾ മോഹൻലാൽ പറയുന്നു. ബ്യൂട്ടി ലൈസ് ഇൻ ഫ്ളെഷ്, നോട്ട് ഇൻ ബോൺസ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
അതോടു കൂടി മോഹൻലാലിന്റെ സൗന്ദര്യ വീക്ഷണം മനസിലായല്ലോ എന്ന് ബ്രിട്ടാസ് പറഞ്ഞു. എന്നാൽ തക്ക മറുപടി മോഹൻലാൽ പറഞ്ഞു, 'ഞാൻ അങ്ങനെയല്ല പറഞ്ഞതിന്റെ അർഥം. അവർ തടിവെച്ചെന്നും പറഞ്ഞു അവരുടെ സൗന്ദര്യത്തിന് വല്ല കുഴപ്പവുമില്ലല്ലോ, തടിക്കുമുണ്ട് ഒരു സൗന്ദര്യം, ഞാൻ തടിച്ച ആളാണല്ലോ അപ്പോൾ എന്നെ കുറിച്ചും അങ്ങനെയാണോ വിചാരിക്കുന്നത് ''- മോഹൻലാൽ പറഞ്ഞു. ഈ അഭിമുഖവും കരിപ്പെട്ടി വിവാദവും കൂട്ടിക്കെട്ടിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
മമ്മൂട്ടി നടത്തിയ കരിപ്പെട്ടി പ്രയോഗം വല്ല സുരേഷ് ഗോപിയോ മോഹൻലാലോ നടത്തിയിരുന്നെങ്കിൽ സവർണ്ണനും സംഘിയും ആയേനെയെന്ന് പലരും വിമർശിക്കുന്നു. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് സജീവ് ആല ചൂണ്ടിക്കാട്ടുന്നു.' ബ്യൂട്ടി ലൈയ്സ് ഇൻ ഫ്ളഷ് നൊട്ട് ഇൻ ബോൺസ്, വളരെ പെട്ടെന്നായിരുന്നു ലാലിന്റെ പ്രതികരണം. കേവലമൊരു ആംഗലേയ വാക്യത്തിലൂടെ പഴയ വിഷ്ണു, തന്റെ കല്യാണിക്കുട്ടിയെ ചേർത്തുപിടിക്കുകയായിരുന്നു. രഞ്ജിനി തീരെ മെലിഞ്ഞു ക്ഷീണിച്ച് പോയിരുന്നെങ്കിൽ 'മാംസളതയിലല്ല സൗന്ദര്യം' എന്ന് ഇതേ ലാൽ തന്നെ പറയുമായിരുന്നു.
ഇനി മറ്റൊരു ടെലിവിഷൻ പ്രോഗ്രാം, മമ്മുക്ക ചക്കരയെന്ന് നടി ഐശ്വര്യാ ലക്ഷ്മി. എല്ലാരും ചക്കരേന്ന് വിളിക്കും വെളുത്ത പഞ്ചസാരേന്ന് ആരും വിളിക്കില്ല. ചക്കര എന്നാൽ കരിപ്പെട്ടി കറുത്ത കരിപ്പെട്ടി. ആരെങ്കിലും കരിപ്പെട്ടീന്ന് വിളിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാകുമോ. എന്റെ ചക്കരേ ഏന്ന തേൻ തുളുമ്പുന്ന വാക്യത്തെയാണ് മമ്മൂട്ടി 'വർണ്ണം' കലർത്തി അപനിർമ്മിച്ചത്. ഈ കരിപ്പെട്ടി പ്രയോഗം വല്ല സുരേഷ് ഗോപിയോ മോഹൻലാലോ നടത്തിയിരുന്നെങ്കിൽ സവർണ്ണവിരുദ്ധ അന്ത:ക്ഷോഭത്താൽ ഫേസ്ബുക്ക് പൊട്ടിത്തെറിക്കുമായിരുന്നു.
ഒരു വ്യക്തിയുടെ നൈസർഗികാർദ്രത തിരിച്ചറിയാൻ അവരുടെ ചില സ്പൊണ്ടേനിയസ് റിയാക്ഷൻ മാത്രം ശ്രദ്ധിച്ചാൽ മതിയാകും.''- സജീവ് ആല ചൂണ്ടിക്കാട്ടുന്നു.
കരിപ്പെട്ടിക്ക് വിമർശനം
നേരത്തെയും ഇത്തരം 'പൊളിറ്റിക്കൽ കറക്ട്നസ്' ചർച്ചയിൽ മമ്മൂട്ടി കുടുങ്ങിയിരുന്നു. സംവിധായകൻ ജൂഡ് ആന്റണിയുടെ കഷണ്ടിയെക്കുറിച്ച് മമ്മൂട്ടി നടത്തിയ തമാശയാണ് വിവാദമായത്. അന്ന് മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു കരിപ്പെട്ടി വിവാദം ഉണ്ടായത്. സിനിമയിൽ മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ഐശ്വര്യ ലക്ഷ്മിയും ചേർന്നുള്ളതായിരുന്നു പരിപാടി. മമ്മൂട്ടിയെ മുൻപ് ഐശ്വര്യ ചക്കരയെന്ന് വിശേഷിപ്പിച്ചിരുന്നല്ലോയെന്നതായിരുന്നു അഭിമുഖത്തിലെ ചോദ്യം. അതെ മമ്മൂട്ടി ചക്കര തന്നെയെന്ന് ഐശ്വര്യ ആവർത്തിച്ചു.
പഞ്ചസാരയും ചക്കരപ്പെട്ടിയും ഇതിനിടയിൽ മമ്മൂട്ടി ഇടപെട്ടു. 'നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ, കറുത്ത ശർക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാൽ കരുപ്പെട്ടിയാണ്, അറിയാവോ?, ആരേലും അങ്ങനെ ഒരാളെപ്പറ്റി പറയുമോ? ഞാൻ തിരിച്ചു പറഞ്ഞാൽ എങ്ങനെയുണ്ടാവും, കരുപ്പെട്ടിയെന്ന്?', എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
എന്നാൽ മമ്മൂട്ടിയുടേത് പൊളിറ്റിക്കലി കറക്ടായൊരു പരാമർശം അല്ലെന്നും ഇതിനെ ഒരു തമാശയായി വ്യാഖ്യാനിക്കാൻ ആകില്ലെന്നുമാണ് സോഷ്യൽ മീഡിയ ചൂണ്ടുക്കാട്ടുന്നത്. തമാശകൾ എന്ന പേരിൽ മുൻപ് ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട പരാമർശങ്ങൾ തിരുത്തി ഉത്തരവാദിത്തതോടെ മുൻപോട്ട് പോകാനാണ് മമ്മൂട്ടിയെ പോലുള്ളവർ ശ്രമിക്കേണ്ടതെന്നും പലരും പറയുന്നു. വിഷയത്തിൽ ഡോക്ടർ ഷിംന അസീസ് നടത്തിയ പ്രതികരണം ഇങ്ങനെ- 'മിക്കവരും ഉള്ളിന്റെയുള്ളിൽ ഈ ഇൻകറക്ട്നസുള്ളവരാണ്. ചിലർ പഠിച്ചത് തിരുത്താൻ തയ്യാറായി ബോഡി ഷെയിമിങ്ങും ഈ ജാതി ഒലക്കമ്മലെ താരതമ്യങ്ങളെയും മറികടന്ന് മറുകര ചേർന്നു. പലരും ഇപ്പഴും അക്കരെ നിന്ന് വള്ളം കിട്ടാതെ സ്റ്റക്കായി നിൽക്കുന്നു. 'എവർ യൂത്തൻ' എന്ന വിളിപ്പേര് മാത്രമേ ഇക്കാക്ക് ഉള്ളൂ, വയസ്സ് കുറേയായി. ജനറേഷൻ വേറെയാണ്. പഠിച്ചതേ അവിടുന്ന് പാട്ടായി പുറത്ത് വരൂ. അതാണ് ഇടക്കിടക്ക് മൂപ്പർ ഇങ്ങനെ പെടുന്നത്.ഏത് നിറമുള്ളവരും ഒരേ പോലെയാണെന്നും എല്ലാവരും മനുഷ്യരാണെന്നും ഇനിയങ്ങോട്ട് ഉള്ള ജനറേഷനെങ്കിലും പാഠമായി പകർന്ന് കൊടുക്കാൻ നമുക്കാവണം. അതാകണം ഇത്തരം പ്രശസ്തരുടെ തെറ്റുകൾ നമുക്ക് പകർന്ന് തരുന്ന ഗുണപാഠം.
അപ്പോ മമ്മൂക്കയുടെ ''പഞ്ചാരവിറ്റ്?'പറഞ്ഞിട്ട് കാര്യല്ല കുട്ടീ... ഇന്നലെ കഷണ്ടി, ഇന്ന് പഞ്ചാര, നാളെ വേറെ വല്ലോം പറയും...പറഞ്ഞില്ലേ, പഠിച്ചതേ പാടൂ', -ഷിംന അസീസ് കുറിച്ചു. പക്ഷേ താരങ്ങൾ പറയുന്ന നിസ്സാരമായ തമാശകൾ പോലും പർവതീകരിച്ച് വെറുതെ 'പൊകവാദം' ഉയർത്തുകയാണ് ചിലർ ചെയ്യുന്നത് എന്നും വിമർശനം ഉണ്ടായിട്ടുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ