റാന്നി: ലൈഫ് പദ്ധതിയിലേക്ക് വീടിന് അപേക്ഷ നൽകിയ തൊഴിലാളിയെ ഉദ്യോഗസ്ഥർ പട്ടികയിൽ നിന്നും വെട്ടിപ്പുറത്താക്കി. തൊട്ടു പിന്നാലെ അയാളുടെ നിലവിലുള്ള വീട് തകർന്നു വീണു. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.

നാറാണംമൂഴി ഗ്രാമ പഞ്ചായത്തിൽ തോമ്പിക്കണ്ടം വലിയപതാൽ മാവുങ്കൽ എം.എ വിജയന്റെ വീടാണ് തകർന്നു വീണത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടാണ് വലിയ ശബ്ദത്തോടെ വീട് തകർന്നത്. സംഭവ സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. നേരത്തേ മേൽക്കൂരയിലെ ഓടുകളും പട്ടികയും പോയിരുന്നതിനാൽ പടുത ഉപയോഗിച്ചാണ് ഇവർ മഴയും വെയിലും ഏൽക്കാതെ കഴിഞ്ഞിരുന്നത്.

വേനൽ മഴ പെയ്തതോടെ ഭിത്തി നനഞ്ഞു വീട് തകരുകയായിരുന്നു. ലൈഫ് പദ്ധതിയിൽ പല തവണ വിജയൻ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അനാവശ്യ വാദങ്ങൾ നിരത്തി ഓരോ തവണയും ഉദ്യോഗസ്ഥർ തള്ളുകയായിരുന്നു എന്ന് പറയപ്പെടുന്നു. ടാപ്പിങ് തൊഴിലാളിയായ വിജയന് റേഷൻ കാർഡിലെ വരുമാനം അധികമാണെന്നും താമസയോഗ്യമല്ലാത്ത പഴയ വീടിന്റെ വിസ്തീർണം വലുതാണെന്നും കാട്ടിയാണ് പദ്ധതിയിൽ നിന്നും ഒഴിവാക്കിയത് എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇതേ ഉദ്യോഗസ്ഥർ മാനദണ്ഡം കാറ്റിൽ പറത്തി പല വാർഡുകളിലും വീടുകൾ അനുവദിച്ച സംഭവം ഉണ്ടെന്നും പരാതി ഉയരുന്നുണ്ട്.

തകർന്ന വീട്ടിൽ കുടുങ്ങി ആർക്കെങ്കിലും ജീവഹാനി സംഭവിച്ചിരുന്നെങ്കിൽ അത് മാധ്യമങ്ങൾക്ക് വാർത്തയും സർക്കാരിന് മാനക്കേടും ആകുമായിരുന്നു. ഇത്രയും വലിയ അവഗണന നേരിടേണ്ടി വന്ന താൻ ഇനി എങ്ങോട്ടു പോകുമെന്ന് വിജയന് അറിയില്ല. ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയും ഈ പാവം ടാപ്പിങ് തൊഴിലാളിക്ക് നഷ്ടമായിക്കഴിഞ്ഞു.