കവന്‍ട്രി: നെഹ്രുവിന്റെ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും ഇന്നത്തെ ഇന്ത്യയില്‍ എന്ത് പ്രസക്തി എന്ന വിഷയത്തില്‍ അര മണിക്കൂര്‍ വീതം രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കറും കേംബ്രിഡ്ജ് മേയറായ അഡ്വ. ബൈജു വര്‍ക്കി തിട്ടാലയും നടത്തിയ ഗഹന പ്രഭാഷങ്ങള്‍ ചിന്തകളുടെ തീപ്പൊരി ചിതറി കടന്നു പോയപ്പോള്‍ സദസില്‍ പിന്നീട് തീമഴയായി കത്തി പടര്‍ന്നത് കേരളത്തില്‍ വിവാദമായി നിറയുന്ന വഖഫ് ചര്‍ച്ച.

നെഹ്റുവിനെ വാസ്തവത്തില്‍ മറന്നത് ഇന്ത്യയല്ല ഇന്ത്യയിലെ കോണ്‍ഗ്രസുകാര്‍ ആണെന്ന് ചെറു തോണ്ടലും സംഘാടകരായ ഒഐസിസി യുകെയെ തേടി എത്തിയപ്പോഴും കവന്‍ട്രിയിലെ ടിഫിന്‍ ബോക്‌സിലെ കോണ്‍ഫറന്‍സ് ഹാളില്‍ രാഷ്ട്രീയ ഭേദമെന്യേ എത്തിയ ശ്രോതാക്കള്‍ക്ക് അറിയാനും സംവദിക്കാനും പ്രധാനമായും ഉണ്ടായിരുന്നത് വഖഫ് വിഷയം തന്നെയാണ്. ഒരിക്കല്‍ നെഹ്റു സ്വയം മുസ്ലീം ആയി ജനിക്കേണ്ടത് ആയിരുന്നു എന്നതടക്കമുള്ള പെരുംനുണകള്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ ലോകത്താണ് നാം ജീവിക്കുന്നത് എന്നും ജയശങ്കര്‍ വാദിച്ചപ്പോള്‍ കൂരമ്പുകള്‍ ചെന്ന് തറച്ചത് സംഘപരിവാര്‍ ആശയങ്ങളിലേക്കാണ്.

ഗാന്ധി രാഷ്ടപിതാവാണെങ്കില്‍ നെഹ്റു തന്നെയാണ് രാഷ്ട്ര ശില്‍പി

നെഹ്‌റുവിയന്‍ ചിന്തകളുടെ അതിരറ്റ സ്രോതസായ ജയശങ്കര്‍ നെഹ്റു എങ്ങനെ ഇന്ത്യയ്ക്ക് പുറത്തു അന്താരാഷ്ട്രീയമായി ഒരു ഐക്കണ്‍ ആയി മാറിയതും ഒടുവില്‍ അദ്ദേഹത്തിന്റെ ചിന്തകളില്‍ നിന്നും കോണ്‍ഗ്രസ് തന്നെ തീവ്ര വലതു പക്ഷ വ്യതിയാനത്തിലേക്ക് എത്തിയതും എല്ലാം സോദാഹരണത്തോടെയാണ് സദസിനു വിവരിച്ചത്. കടുകട്ടിയായ വിഷയം വളരെ സരളമായി അവതരിപ്പിക്കുന്നതിലാണ് ചിന്തകന്‍ എന്ന നിലയില്‍ ജയശങ്കര്‍ മിടുക്ക് കാട്ടിയത്. സ്വതന്ത്ര ഇന്ത്യയില്‍ ആരാകണം ആദ്യ പ്രധാനമന്ത്രി എന്ന ചര്‍ച്ച നടക്കുമ്പോള്‍ ബഹുഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവിശ്യ കമ്മിറ്റികളും ഒക്കെ അനുകൂലിച്ചത് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ തന്നെയാണ്. എന്നാല്‍ ഗാന്ധിയുടെ മനസ് പൂര്‍ണമായും നെഹ്‌റുവിന് ഒപ്പം ആയിരുന്നു. ഇക്കാര്യം സര്‍ദാര്‍ പട്ടേലിനെ ബോധ്യപ്പെടുത്തിയതും ഗാന്ധി തന്നെയാണ്.

നെഹ്റുവിനെ ഉയര്‍ത്തി കാട്ടാന്‍ കാരണങ്ങള്‍ പലതുണ്ടാകാമെങ്കിലും വാസ്തവത്തില്‍ ബ്രിട്ടനില്‍ എത്തി പഠിക്കുക വഴി അദ്ദേഹം ആര്‍ജ്ജിച്ച പൊതു ബോധവും ബ്രിട്ടന്‍ ഉയര്‍ത്തുന്ന മതേതര മൂല്യവും ഒക്കെ അടുത്തറിഞ്ഞ ആള്‍ എന്നതാണ് ഏറ്റവും അനുകൂലം ആയി മാറിയത്. ഈ ഗുണമേന്മകള്‍ അന്ന് അവകാശപ്പെടാന്‍ മറ്റധികം നേതാക്കള്‍ ഉണ്ടായിരുന്നില്ല. സര്‍ദാര്‍ പട്ടേലും ബ്രിട്ടനില്‍ എത്തി പഠിച്ചിട്ടുണ്ടെങ്കിലും നെഹ്‌റുവിനു കിട്ടിയ അവസരങ്ങള്‍ പട്ടേലിന് ലഭിച്ചിരുന്നില്ല എന്നതും ഇരുവര്‍ക്കും ഇടയില്‍ വലിയൊരു വന്മതില്‍ രൂപപ്പെടുത്താന്‍ കാരണമായിട്ടുണ്ട്. കേംബ്രിഡ്ജില്‍ പ്രശസ്തമായ ട്രിനിറ്റി കോളേജില്‍ ചര്‍ച്ചകളും സംവാദവും ഒക്കെയായി ഏഴു വര്‍ഷം പഠിച്ച നെഹ്റുവിലെ രാഷ്ട്ര തന്ത്രജ്ഞനെ ബ്രിട്ടന്‍ വാസ്തവത്തില്‍ ഭാവി ഇന്ത്യയ്ക്ക് വേണ്ടി നിര്‍മ്മിച്ചെടുക്കുക ആയിരുന്നു.

നെഹ്റുവിനെ ചതിച്ചത് അമിതമായ ചൈനീസ് സ്‌നേഹം; കമ്മ്യൂണിസ്റ്റുകള്‍ പറഞ്ഞത് നെഹ്റു ബ്രിട്ടീഷ് ചാരനെന്ന്

നെഹ്റുവിനെ വാസ്തവത്തില്‍ വേഗത്തില്‍ മരണത്തിനു വിട്ടു നല്‍കിയത് അദ്ദേഹത്തിന്റെ അമിതമായ ചൈനീസ് പ്രേമമാണ്. ചൈന ചതിക്കും എന്ന് അദ്ദേഹത്തെ ഉപദേശിക്കാത്തവരില്ല. എന്നാല്‍ ചൈനയെ നെഹ്റു പ്രണയിക്കുമ്പോള്‍ അമേരിക്കയും മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷെ തികച്ചും അപ്രതീക്ഷിതമായി ചൈന ആക്രമിച്ചത് നെഹ്റുവിനെ മാനസികമായും ശാരീരികമായും തകര്‍ത്തു കളയുക ആയിരുന്നു, ഇന്ന് കാണുന്ന ഇന്ത്യയുടെ ഭൂപടത്തില്‍ വടക്കു കിഴക്കന്‍ ഭാഗത്തെ പല പ്രദേശവും ചൈനയുടെ കയ്യിലാണ്. കയ്യേറിയ സ്ഥലം ഉപയോഗപ്പെടുത്താതെ മടങ്ങും വഴി ആക്രമിക്കുന്ന പൊറുക്കാനാകാത്ത പാതകം തന്നെയാണ് അന്ന് ചൈന നടത്തിയത്.

എന്നിട്ടും നെഹ്റുവിനെ ബ്രിട്ടന്റെ ചാരന്‍ എന്നാണ് കമ്മ്യൂണിസ്റ്റുകള്‍ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ തന്നെയാണ് കമ്മ്യൂണിസത്തിന്റെ ശത്രുക്കള്‍ എന്ന് നെഹ്റു അടക്കമുള്ളവര്‍ തിരിച്ചും കമ്മ്യൂണിസത്തെ വിലയിരുത്തി. ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടിയില്ല, ബ്രിട്ടന്‍ നെഹ്റുവിനെ ഡമ്മിയാക്കി കളിക്കുകയാണ് എന്ന് വരെ കമ്മ്യൂണിസ്റ്റുകള്‍ പറഞ്ഞു പരത്തി. സായുധ വിപ്ലവം നടത്തി വേണം ഇന്ത്യയെ മോചിപ്പിക്കാന്‍ എന്നായിരുന്നു കമ്മ്യൂണിസ്റ്റ് വിഡ്ഢിത്തം. ഇതാണ് ഇന്ത്യയുടെ മനസ്സില്‍ കമ്മ്യൂണിസ്റ്റുകള്‍ ഇല്ലാതാകാന്‍ കാരണവും.

കാശ്മീര്‍ ഇന്ത്യയില്‍ ചേര്‍ത്ത് നിര്‍ത്തിയത് നെഹ്റുവിന്റെ മതേതര മനസ് മൂലം

ഇന്ത്യ ആഗ്രഹിച്ച പല ഭാഗങ്ങളും പാക്കിസ്ഥാനും ബംഗ്ലാദേശും കൊണ്ട് പോയപ്പോള്‍ കുറെ താഴ്‌വരകളും മലകളും കുന്നുകളും നിറഞ്ഞ കാശ്മീര്‍ ഇന്ത്യക്ക് എന്തിന് എന്നാണ് അന്ന് പട്ടേല്‍ അടക്കം ഉള്ളവര്‍ ചോദിച്ചത്. പക്ഷെ കാശ്മീര്‍ രാജാവിനോടുള്ള പ്രത്യേക മമതയും തന്റെ പൂര്‍വികര്‍ കാശ്മീരികള്‍ ആയിരുന്നു എന്ന വൈകാരിക ബന്ധത്തിനും അപ്പുറം മുസ്ലിം ഭൂരിപക്ഷം ഉള്ള ഒരു സംസ്ഥാനം എങ്കിലും ഇന്ത്യയില്‍ വേണം എന്ന നെഹ്‌റുവിന്റെ ഉയര്‍ന്ന മാനവിക ചിതയും മതേതര മൂല്യവുമാണ് കാശ്മീരിനെ ഇന്ത്യയോട് ചേര്‍ത്ത് നിര്‍ത്തിയതും പിന്നീട് ദശകങ്ങളോളം അതിന്റെ പേരില്‍ ഇന്ത്യയും പാക്കിസ്ഥാനും പോരടിച്ചതും. വാസ്തവത്തില്‍ വെറും രണ്ടു വര്‍ഷം കൊണ്ട് തകര്‍ന്നു പോയ ഭരണഘടനാ പാരമ്പര്യം ഉള്ള പാക്കിസ്ഥാന്റെ മുന്നില്‍ നെഹ്‌റുവിന്റെ ഇന്ത്യ എത്രയോ ഉയരത്തിലാണ്. ഇന്നും ഇന്ത്യയില്‍ ജനാധിപത്യം ആഘോഷമാകുന്നതും സൈനിക ഭരണം ഇല്ലാതെ പോയതും ഒക്കെ നെഹ്‌റുവിന്റെ കൂടി ഇഷ്ടമറിഞ്ഞു തയാറായ ഭരണഘടനയുടെ ശക്തി കൊണ്ടാണ്. അതിനി തകര്‍ക്കാന്‍ ആര് വിചാരിച്ചാലും സാധിക്കുകയുമില്ല.

ആര്‍എസ്എസിനെ നിരോധിച്ച പട്ടേലിന് ബിജെപി പ്രതിമ പണിയുന്നത് ബഹുമുഖ തന്ത്രം

ആര്‍എസ്എസിനെ നിരോധിക്കാന്‍ മുന്‍കൈ എടുത്ത സര്‍ദാര്‍ പട്ടേലിനെ ഇന്ന് മോദി സര്‍ക്കാര്‍ പൊക്കിപ്പിടിക്കുന്നതാണ് ആധുനിക ഇന്ത്യയിലെ ഏറ്റവും വലിയ തമാശയെന്നും ജയശങ്കര്‍ പരിഹസിച്ചു. വാസ്തവത്തില്‍ പട്ടേലിനോടുള്ള സ്‌നേഹമല്ല, മറിച്ചു നെഹ്റുവിനെ ഇകഴ്ത്തിക്കാട്ടുക എന്നതാണ് പട്ടേല്‍ സ്‌നേഹം കൊണ്ട് ബിജെപി ഉദ്ദേശിക്കുന്നത്. നെഹ്റു ഒതുക്കിക്കളഞ്ഞ പട്ടേലിനെ തങ്ങള്‍ ഉയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കാനാകുമോ എന്നതും അവരുടെ ഉദ്ദേശമാണ്. ലോകമറിയുന്ന ഗുജറാത്തിലെ പട്ടേല്‍ പ്രതിമ മാത്രമല്ല ഗുജറാത്തില്‍ എവിടെ ചെന്നാലും പട്ടേല്‍ പ്രതിമകള്‍ കാണാം. ഒരു പക്ഷെ ഗാന്ധി പ്രതിമകളേക്കാള്‍ പട്ടേല്‍ പ്രതിമകള്‍ കണ്ടെന്നു വരാം. ഗുജറാത്തിലെ പ്രബല സമുദായമായ പട്ടേല്‍ വര്‍ഗക്കാരെ പ്രീണിപ്പിക്കുക എന്ന നയവും ഇതില്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ തുറന്നു പറയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയുന്നില്ല എന്നും ജയശങ്കര്‍ വ്യക്തമാക്കി.

കത്തിപ്പടര്‍ന്ന വഖഫ് ചര്‍ച്ച, തെളിഞ്ഞത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ നടത്തിയ ഒളിച്ചുകളി, നിസാര്‍ കമ്മീഷന്‍ കൂലിത്തല്ലുകാരന്‍

മലബാറില്‍ മുസ്ലീം വോട്ടുകള്‍ അടര്‍ത്തിയത് പോലെ മധ്യകേരളത്തില്‍ ലാറ്റിന്‍ കത്തോലിക്കാ വോട്ടുകള്‍ അടര്‍ത്താനുള്ള കേവലം രാഷ്ട്രീയ മോഹത്തില്‍ സൃഷ്ടിക്കപ്പെട്ട ശല്യം മാത്രമാണ് വഖഫ് ഭൂമി തര്‍ക്കം കേരളത്തില്‍ എങ്കിലും കാണേണ്ടത് എന്നും ജയശങ്കര്‍ നിരീക്ഷണം നടത്തി. ഇതിനോട് ചേര്‍ന്ന് നിന്ന് പള്ളിപ്പുറം ലോക്കല്‍ കമ്മിറ്റി വഖഫ് വിഷയത്തില്‍ ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയത് മുഖ്യ പ്രഭാഷകനായ ബൈജു തിട്ടാലയും ചോദ്യം ചെയ്തു. ചുരുക്കത്തില്‍ അച്യുതാന്ദന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നടന്ന ഗൂഢശ്രമങ്ങള്‍ പിണറായി സര്‍ക്കാരിന്റെ കാലം ആയപ്പോള്‍ വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കാന്‍ ഇറങ്ങിയതാണ് ഇപ്പോഴത്തെ വിവാദത്തിന്റെ കേന്ദ്ര ബിന്ദു.

പുണ്യാളന്‍ കഴിഞ്ഞാല്‍ സോണിയ ഗാന്ധി എന്ന് കരുതുന്ന ലാറ്റിന്‍ ക്രൈസ്തവരുടെ നിഷ്‌കളങ്കതയാണ് ഇപ്പോള്‍ വഖഫ് തര്‍ക്കത്തില്‍ കോണ്‍ഗ്രസിന് നഷ്ടമാകാന്‍ പോകുന്നത്. 1935 ബ്രിട്ടീഷ് ഭരണകാലത്തെ വഖഫ് നിയമത്തിന്റെ പേരിലാണ് ഇന്നും കോണ്‍ഗ്രസുകാര്‍ തെറിവിളി കേള്‍ക്കുന്നത്. മാര്‍ക്‌സിറ്റ് സര്‍ക്കാര്‍ നിയമിച്ച കളങ്കിത ജഡ്ജി എന്ന് വിശേഷിപ്പിക്കാവുന്ന നിസാര്‍ കമ്മീഷന് ഒരു കൂലിത്തല്ലുകാരന്റെ റോള്‍ മാത്രമേ ഈ വിഷയത്തില്‍ നല്‍കേണ്ടതുള്ളൂ. ഫാറൂഖ് കോളേജ് തുടങ്ങാന്‍ മദ്രാസ് യൂണിവേഴ്സിറ്റിക്ക് നല്‍കേണ്ട അന്നത്തെ അഞ്ചു ലക്ഷം രൂപയ്ക്ക് വേണ്ടി നല്‍കിയ കൊളാറ്ററല്‍ സെക്യൂരിറ്റി ആയ മുനമ്പത്തെ 400 ഏക്കര്‍ സ്ഥലം പാട്ടത്തിനു നല്‍കിയ സംഭവമാണ് ഇപ്പോള്‍ വഖഫ് ഭൂമിയെന്ന തര്‍ക്കത്തില്‍ പെട്ടിരിക്കുന്നത്.

ഈ ഭൂമിക്ക് ഫാറൂഖ് കോളേജ് അവകാശവാദം ഉന്നയിച്ചിട്ടില്ല എന്നതും രസകരമാണ്. ഇപ്പോള്‍ വഴിയേ പോകുന്നവരാണ് വഖഫ് ഭൂമിക്ക് വേണ്ടി കൊടി പിടിക്കുന്നത്. തീറാധാരം കയ്യില്‍ ഉള്ള, നികുതി അടക്കുന്ന ഭൂമിക്ക് വേണ്ടി വഖഫ് നിയമം പറയുന്നത് വലിയ തമാശ തന്നെ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ വിശദമായ വീഡിയോ ചെയ്തപ്പോളാണ് ചില വൈദികര്‍ പോലും കാര്യം മനസിലാക്കി തന്നെ വിളിച്ചത് എന്നും ജയശങ്കര്‍ പറഞ്ഞു. ഇന്നലെ കവന്‍ട്രിയില്‍ നടന്ന ചര്‍ച്ചയില്‍ അനേകം ആളുകളാണ് വഖഫ് സംബന്ധിച്ച ആശങ്ക ഉയര്‍ത്തി സംസാരിച്ചത്.