കോഴിക്കോട്: വഴിയോര വിശ്രമകേന്ദ്രങ്ങൾ തുടങ്ങാൻ രൂപീകരിച്ച ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡിന്റെ (ഓകിൽ) മാനേജിങ് ഡയറക്ടറുടെ നിയമനം വിവാദമായതിന് പിന്നാലെ ഡോ. ബാജു ജോർജ് സ്വയം ശമ്പളം നിശ്ചയിക്കാനും ശ്രമിച്ചതായി രേഖകൾ.

ഓകിൽ മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്ക് മുഖ്യമന്ത്രി വഴി നിയമിക്കപ്പെട്ടതിനു പിന്നാലെ ഡോ. ബാജു ജോർജ് സ്വയം ശമ്പളം നിശ്ചയിക്കാനും ശ്രമിച്ചിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 3.22 ലക്ഷം രൂപ മാസശമ്പളം വേണമെന്നുമുള്ള ബാജുവിന്റെ ആവശ്യം നോർക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അതേപടി മുന്നോട്ടുവച്ചെങ്കിലും പ്രവാസികാര്യ വകുപ്പ് തടയിടുകയായിരുന്നു. ഇത്രയും ഉയർന്ന ശമ്പളം കേരളത്തിൽ ആർക്കും നൽകുന്നില്ലെന്നും തത്തുല്യമായ ശമ്പള സ്‌കെയിൽ ഇല്ലെന്നും വ്യക്തമാക്കിയായിരുന്നു വകുപ്പിന്റെ നടപടി.

സംസ്ഥാനത്ത് ചീഫ് സെക്രട്ടറിക്കു വരെ രണ്ടര ലക്ഷത്തിനടുത്ത് ശമ്പളം നൽകുമ്പോഴാണ് സ്വകാര്യ കമ്പനിയുടെ എംഡി സ്വയം 3.22 ലക്ഷം രൂപ ശമ്പളം ആവശ്യപ്പെട്ടത്. മാസത്തിൽ 15 ദിവസം യുഎഇയിലും 15 ദിവസം കേരളത്തിലും ജോലി ചെയ്യാൻ അനുവദിക്കണമെന്ന വിചിത്രമായ ആവശ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതും നോർക്ക എതിർത്തു.

ഉയർന്ന ശമ്പളത്തിന്റെ കാര്യത്തിൽ ഫയൽ പിന്നെയും ധനവകുപ്പിന്റെ പരിഗണനയ്ക്കു പോയി. 74% സ്വകാര്യ ഓഹരിയുള്ള കമ്പനിയുടെ കാര്യത്തിൽ ധനവകുപ്പിന് ഒന്നും ചെയ്യാനില്ലെന്നും കമ്പനി ഡയറക്ടർ ബോർഡിന് എംഡിയുടെ ശമ്പളം നിശ്ചയിക്കാമെന്നും എഴുതി. ഇതിനുശേഷമാണ് 'ഓക്കി'ൽ 100% സർക്കാർ ഓഹരിയുള്ള കമ്പനിയാക്കുന്നത്.

അതോടെ സംസ്ഥാനത്തെ 'എ' ക്ലാസ് പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർക്ക് നിശ്ചയിച്ചിരിക്കുന്ന ഒന്നര ലക്ഷത്തിനടുത്ത ശമ്പളം ബാജു ജോർജിനും നൽകാൻ സർക്കാർ തീരുമാനിച്ചു. പുതുതായി ആരംഭിച്ച സ്വകാര്യ സംരംഭത്തിലെ ഉദ്യോഗസ്ഥനാണ് ഇത്രയും ഉയർന്ന ശമ്പളം നിശ്ചയിക്കുന്നത് എന്നത് സർക്കാർ പരിഗണിച്ചതേ ഇല്ല.

പരമാവധി ഒരു വർഷത്തേക്കോ, നടപടിക്രമങ്ങൾ പാലിച്ച് പുതിയ ആളെ നിയമിക്കുന്നതു വരെയോ ആണ് 2019 സെപ്റ്റംബർ 30ന് ബാജു ജോർജിനെ നിയമിച്ചിരുന്നത്. വിജിലൻസ് അനുമതി ഉൾപ്പെടെ വാങ്ങേണ്ടിയിരുന്നെങ്കിലും അതൊന്നും ഇല്ലാതെയാണ് 2020 നവംബർ നാലിന് ബാജു ജോർജിന്റെ നിയമനം മറ്റൊരുത്തരവ് ഉണ്ടാവുന്നതു വരെ ദീർഘിപ്പിച്ചതും.

ബാജു ജോർജിന്റെ നിയമനത്തിനായി നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ വഴി നൽകിയ അപേക്ഷ രണ്ട് ദിവസം കൊണ്ടു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽ വച്ച് അംഗീകരിക്കുകയായിരുന്നു. പൊതുഅപേക്ഷ ക്ഷണിക്കുകയോ അഭിമുഖം നടത്തുകയോ ഉണ്ടായില്ലെന്നും ഒറ്റ അപേക്ഷ മാത്രം പരിഗണിച്ചാണു ഡോ. ബാജു ജോർജിനെ എംഡി ആയി നിയമിച്ചതെന്നും വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു.

ബാജു ജോർജിന്റെ വ്യക്തിരേഖയും അപേക്ഷയും 2019 സെപ്റ്റംബർ 28നാണു നോർക്ക റൂട്‌സ് സിഇഒ നോർക്ക വകുപ്പിലേക്ക് അയച്ചത്. അപേക്ഷ മുഖ്യമന്ത്രി കണ്ട് 30നു ചേർന്ന മന്ത്രിസഭായോഗത്തിൽ നിയമനതീരുമാനവും എടുത്തു. വഴിയോര വിശ്രമകേന്ദ്രങ്ങൾക്കു ഭൂമി നൽകുന്നതു വിവാദമായപ്പോൾ സർക്കാർ നിയന്ത്രണത്തിലുള്ള സ്വകാര്യകമ്പനിയായാണ് 'ഓകിൽ' എന്നാണു മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ സർക്കാർനിയന്ത്രണത്തിലുള്ള സ്ഥാപനത്തിന്റെ എംഡി നിയമനത്തിൽ നടപടിക്രമങ്ങളൊന്നും പാലിച്ചില്ല.

പരമാവധി ഒരുവർഷമോ കൃത്യമായ മാർഗത്തിലൂടെ മറ്റൊരാളെ കണ്ടെത്തുന്നതുവരെയോ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതു പരിഗണിക്കാം എന്നായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവൻ ശുപാർശ ചെയ്തതെങ്കിലും 2019 സെപ്റ്റംബറിൽ എംഡി സ്ഥാനത്തു നിയമിക്കപ്പെട്ട ഡോ. ബാജു ജോർജ് ഇപ്പോഴും തുടരുകയാണ്. മറ്റൊരു ഉത്തരവ് ഇറങ്ങുന്നതുവരെ അദ്ദേഹത്തെ തുടരാൻ അനുവദിച്ചുകൊണ്ടു 2020 നവംബർ 4ന് ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്.