ലോസ് ഏഞ്ചല്‍സ്: 2028 ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ എല്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ നീക്കം. 2024 ലെ പാരീസ് ഒളിമ്പിക്സില്‍ ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം എന്നാണ് പറയപ്പെടുന്നത്. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം, ടെസ്റ്റോസ്റ്റിറോണ്‍ അളവ് ഒരു നിശ്ചിത പരിധിക്ക് താഴെയാണെങ്കില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ കഴിയുമോ എന്ന് തീരുമാനിക്കാന്‍ ഓരോ കായിക ഇനത്തിനും അധികാരമുണ്ട്.

എന്നാല്‍ പുതിയ പ്രസിഡന്റ് കിര്‍സ്റ്റി കോവെന്‍ട്രിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, ലോസ് ഏഞ്ചല്‍സ് ഗെയിംസിന് എല്ലാ കായിക ഇനങ്ങളിലും ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തുന്ന സുപ്രധാന നയമാറ്റത്തെക്കുറിച്ച് ചര്‍ച്ചയിലാണ്. പാരീസ് ഒളിമ്പിക്സില്‍ ബോക്സിംഗില്‍ പുരുഷ ക്രോമസോമുകള്‍ ഉണ്ടായിരുന്നിട്ടും അള്‍ജിരിയയുടെ ഇമാന്‍ ഖലീഫിനെ വനിതകളുടെ വിഭാഗത്തില്‍ മല്‍സരിപ്പിച്ചത് വിവാദമായിരുന്നു.

ഇമാന്‍ ഖലീഫിന്റെ പാസ്പോര്‍ട്ടില്‍ സ്ത്രീ എന്നെഴുതിയിരിക്കുന്നതിനാലാണ് വനിതകളുടെ 66 കി.ഗ്രാം വിഭാഗത്തില്‍ അവര്‍ മത്സരിക്കുന്നതെന്നായിരുന്നു പാരീസ് ഒളിമ്പിക്സിലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ വിശദീകരണം. എന്നാല്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് അസോസിയേഷന്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലാണ് എന്ന് പറയുമ്പോഴും അടുത്ത ഫെബ്രുവരിയില്‍ ഇറ്റലിയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സിന് മുമ്പ് ഇത് പ്രാബല്യത്തില്‍ വരാനുള്ള സാധ്യത കുറവാണ് എന്നാണ് പറയപ്പെടുന്നത്.

ഫെബ്രുവരിയില്‍ ഒരു നിയമ മാറ്റം പ്രഖ്യാപിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു എങ്കിലും ഇക്കാര്യം അംഗീകരിക്കാന്‍

ആറ് മാസത്തിനും ഒരു വര്‍ഷത്തിനും ഇടയില്‍ സമയം എടുത്തേക്കാമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്. ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പുകളില്‍ ഡൊണാള്‍ഡ് ട്രംപുമായുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും ഇത് ഒളിമ്പിക് അസോസിയേഷന് സഹായകരമാകും.

കഴിഞ്ഞ ഫെബ്രുവരിയില്‍, ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ വനിതാ കായിക ഇനങ്ങളില്‍ മത്സരിക്കുന്നത് തടയുന്നതിനുള്ള ഒരു എക്സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍് പ്രസിഡന്റ് ഒപ്പുവച്ചിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങല്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് ഐ.ഒ.സി പറയുന്നത്. ഡിസംബറില്‍ ചേരുന്ന എക്സിക്യൂട്ടീവ് ബോര്‍ഡിന് മുന്നില്‍ ഇക്കാര്യം ഇനിയും അവതരിപ്പിക്കുന്ന കാര്യത്തിലും തീരുമാനം ആയിട്ടില്ല.