- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയിൽ കെട്ടിവച്ച ഭൂമി പണയം വച്ച് വായ്പത്തട്ടിപ്പ് നടത്തിയത് ഏരിയ കമ്മിറ്റി അംഗം; പാർട്ടി പ്രവർത്തകർ പരാതി നൽകിയിട്ടും നടപടിയില്ല; പ്രതിയെ സിറ്റി സിറ്റി ടൗൺ ബാങ്ക് ഡയറക്ടറുമാക്കി; കരുവന്നൂരിന്റെ നാണക്കേടിനിടെ സിപിഎമ്മിന് ആഘാതമായി കോഴിക്കോട് നിന്ന് ഒരു തട്ടിപ്പ് വാർത്ത
കോഴിക്കോട്: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് അടക്കമുള്ള വായ്പ്പാ തട്ടിപ്പുകളിൽ പ്രതിസ്ഥാനത്ത് നിൽക്കെവേ, സിപിഎമ്മിന് ആഘാതമായി കോഴിക്കോട്നിന്ന് ഒരു വായ്പ്പാ തട്ടിപ്പ് വാർത്ത. കോടതിയിൽ കെട്ടിവച്ച ഭൂമി പണയം വച്ച് സിപിഎം നേതാവ് വായ്പത്തട്ടിപ്പു നടത്തിയെന്ന് പരാതി വലിയ വിവാദം ആവുകയാണ്.
സിപിഎം കോഴിക്കോട് നോർത്ത് ഏരിയ കമ്മിറ്റി അംഗവും അശോകപുരം ലോക്കൽ സെക്രട്ടറിയും കോഴിക്കോട് ടൗൺ ബാങ്ക് വൈസ് ചെയർമാനുമായ ഒ.എം.ഭരദ്വാജിനെതിരെയാണു പരാതി. പാർട്ടി പ്രവർത്തകർ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനും, തട്ടിപ്പിനിരയായ സഹകരണ സംഘം സെക്രട്ടറി സഹകരണ വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെയും ഒരു നടപടിയുണ്ടായിട്ടില്ല.
എരഞ്ഞിപ്പാലം സിറ്റി ജനത വെൽഫെയർ സഹകരണ സംഘം സെക്രട്ടറിയാണു ഭരദ്വാജിനെതിരെ പരാതി നൽകിയത്. 2016ൽ ഭരദ്വാജ് ആറര സെന്റ് സ്ഥലം പണയം വച്ചു 7 ലക്ഷം രൂപ സംഘത്തിൽ നിന്നു വായ്പയെടുത്തു. വായ്പ കുടിശികയായി സ്ഥലം ഏറ്റെടുക്കാൻ നടപടികൾ ആരംഭിച്ചപ്പോഴാണ് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ രണ്ടു കേസുകളിൽ വസ്തു ജാമ്യം ആയി ഈ ഭൂമി കെട്ടിവച്ചിട്ടുണ്ടെന്നു കണ്ടെത്തിയത്. ഭൂമിയിൽ ക്രയവിക്രയം തടഞ്ഞ് തഹസിൽദാറുടെ ഉത്തരവുണ്ടെന്നും കണ്ടെത്തി.
കുടിശ്ശിക നിലനിൽക്കെയാണ് ഭരദ്വാജ് സിറ്റി ടൗൺ ബാങ്ക് ഡയറക്ടർ ബോർഡിലേക്കു മൽസരിച്ചത്. ഒരു സ്ഥാപനത്തിൽ കുടിശികയുള്ളയാൾ മറ്റൊരു സംഘത്തിൽ മത്സരിക്കുന്നത് സഹകരണ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. അന്വേഷണം നടത്തിയ സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്റ്റ്രാർ പരാതി ശരിയാണെന്നു കണ്ടെത്തി. ഭരദ്വാജിനെ കാലിക്കറ്റ് ടൗൺ ബാങ്ക് വൈസ് ചെയർമാൻ സ്ഥാനത്തു നിന്ന് അയോഗ്യനാക്കുന്നതു സംബന്ധിച്ച നടപടികൾക്കായി പരാതി ടൗൺ ബാങ്ക് ഉൾപ്പെടുന്ന കോഴിക്കോട് യൂണിറ്റിലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്.
അഭിഭാഷകൻ കൂടിയായ ഭരദ്വാജ് പാർട്ടിയെയും കോടതിയെയും സൊസൈറ്റിയെയും മനഃപൂർവം കബളിപ്പിച്ചിരിക്കുകയാണെന്നു പാർട്ടി പ്രവർത്തകൻ സിപിഎം നേതൃത്വത്തിനു നൽകിയ പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് അന്വേഷിക്കാൻ ജില്ലാ നേതൃത്വത്തിനു നിർദ്ദേശം നൽകണമെന്നും സിപിഎം പ്രവർത്തകർ പാർട്ടിക്കു നൽകിയ പരാതിയിൽ പറയുന്നു.
ഇതുസംബന്ധിച്ച കത്തും ഇപ്പോൾ പുറത്തായിട്ടുണ്ട്. സംഘത്തിന്റെ ലീഗൽ അഡൈ്വസർ കൂടിയായിരുന്ന ഭരദ്വാജ് മനഃപൂർവം സംഘത്തിനെ വഞ്ചിച്ചതായി പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. കത്ത് പുറത്ത് വന്നിട്ടും നേതൃത്വം അനങ്ങുന്നില്ലെന്ന് കണ്ടതോടെയാണ് പാർട്ടി പ്രവർത്തകർ പേരു വച്ചും അല്ലാതെയും കത്തെഴുതാൻ തുടങ്ങിയത്. ഒരു സഹകരണ സംഘത്തിൽ ക്രമക്കേട് നടത്തിയ ആളെ മറ്റൊരു സഹകരണ സ്ഥാപനത്തിന്റെ വൈസ് ചെയർമാൻ ആക്കിയത് കോടതി ഉത്തരവുകൾക്കും സഹകരണ രജിസ്ട്രാറുടെ നിർദ്ദേശങ്ങൾക്കും വിരുദ്ധമാണെന്നും പാർട്ടി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ചെറെയാരു സംഘത്തിൽ ഇത്തരത്തിൽ ക്രമക്കേട് നടത്തിയ ഇയാൾ ജില്ലയിൽ പാർട്ടിയുടെ അഭിമാന സ്ഥാപനമായ ടൗൺ സർവീസ് സഹകരണ ബാങ്കിൽ വൈസ് ചെയർമാൻ ആയി പ്രവർത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നു എന്നും കത്തുകളിലുണ്ട്.
ഇത്രയെല്ലാമായിട്ടും ഭരദ്വാജിനെതിരെ പാർട്ടി നടപടികളിലേക്ക് കടന്നിട്ടില്ല. അതേസമയം, സാമ്പത്തിക പ്രയാസം വന്നതിനാലാണ് സംഘത്തിലെ തിരിച്ചടവ് മുടങ്ങിയതെന്നും കുടിശിക ഉടൻ അടച്ചു തീർക്കുമെന്നും അഡ്വ. ഭരദ്വാജ് പറയുന്നത്. കുടിശിക നിലനിൽക്കെ മറ്റൊരു ബാങ്കിന്റെ ഭരണ സമിതിയിൽ വന്നതിൽ നിയമപ്രശ്നങ്ങളില്ലെന്നാണ് തന്റെ ബോധ്യമെന്നും ഭരദ്വാജ് പറയുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ