തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തുമ്പ പോലീസാണ് ശനിയാഴ്ച രാത്രി ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, ഇയാള്‍ക്കെതിരേ പുതിയ കേസുകളില്ലെന്നും കരുതല്‍ കസ്റ്റഡി മാത്രമാണെന്നുമാണ് പോലീസിന്റെ വിശദീകരണം.

ശനിയാഴ്ച രാത്രി തുമ്പ സ്റ്റേഷന്‍ പരിധിയില്‍ ബൈപ്പാസ് റോഡില്‍ ഒരു വാഹനാപകടം നടന്നിരുന്നു. ബൈക്ക് യാത്രക്കാരനെ കാര്‍ ഇടിച്ചിട്ടതായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് സംഭവസ്ഥലത്ത് വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് അപകടമുണ്ടാക്കിയ കാറില്‍ ഡ്രൈവര്‍ക്കൊപ്പം ഓംപ്രകാശിനെയും കണ്ടത്.

കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യലഹരിയിലാണെന്നും കണ്ടെത്തി. ഇതോടെയാണ് ഓംപ്രകാശിനെയും കാറോടിച്ച സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഓംപ്രകാശിന്റെ സുഹൃത്തിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, ഓംപ്രകാശിനെതിരേ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ഇവരുടെ യാത്രയുടെ വിശദാംശങ്ങളും മറ്റും വിശദമായി ചോദിച്ചറിഞ്ഞശേഷം ഓംപ്രകാശിനെ വിട്ടയക്കുമെന്നും പോലീസ് പറഞ്ഞു. നേരത്തെ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിന്‍, സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ, ജഗതി സ്വദേശി പ്രവീണ്‍, പൂജപ്പുര സ്വദേശി ടിന്റു ശേഖര്‍ എന്നിവരെ വെട്ടിപ്പരിക്കേല്പിച്ച കേസില്‍ കുറച്ചുകാലം മുമ്പ് ഓംപ്രകാശ് അറസ്റ്റിലായിരുന്നു. അന്ന് ഗോവയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്താണ് ഓംപ്രകാശിനെ സ്ഥലത്ത് എത്തിച്ചത്.

11 മാസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഗോവയില്‍ അന്ന് ഓം പ്രകാശ് പിടിയിലായത്. അന്ന് ഓംപ്രകാശിനെ സ്റ്റേഷനിലെത്തിക്കും മുമ്പേ കൂട്ടാളികള്‍ തമ്പടിച്ചു പേട്ട സ്റ്റേഷനില്‍ ഓംപ്രകാശിനെ എത്തിച്ചപ്പോള്‍ ഇയാളുടെ കൂട്ടാളികളും ഇവിടെ തമ്പടിച്ചിരുന്നു. വിവധ കാറുകളിലായി പൊലീസ് സ്റ്റേഷന്റെ പല ഭാഗങ്ങളില്‍ ഇവരുണ്ടായിരുന്നു. ഇവര്‍ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷന് മുന്നില്‍ വന്‍ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു.