പത്തനംതിട്ട: ജീവിത ദുരിതങ്ങളിൽ മനം നൊന്താണ് ലോട്ടറി കച്ചവടം നടത്തി ഉപജീവനം കഴിച്ചിരുന്ന ഓമല്ലൂർ പഞ്ചായത്ത് നാലാം വാർഡിൽ പള്ളം ബിജുഭവനിൽ ഗോപി (70) തീ കൊളുത്തി മരിച്ചത്. ലൈഫ് പദ്ധതിയിൽ അനുവദിച്ച വീട് പൂർത്തിയാക്കാൻ കഴിയാതിരുന്നതും കാൽ മുറിച്ചു മാറ്റപ്പെട്ട ഭാര്യ ലീല അർധ ബോധാവസ്ഥയിൽ കഴിഞ്ഞു വരുന്നതും ജീവിത ദുരിതങ്ങളിൽ വലഞ്ഞ ഗോപിയെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നു വേണം കരുതാൻ. ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തതിൽ മനോവിഷമം ഉണ്ടായിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നു.

ഇന്നലെ രാവിലെ എട്ടു മണിയോടെ സന്തോഷ്മുക്ക്-മുട്ടുകുടുക്ക റോഡിൽ പള്ളം ഭാഗത്തെ സ്വന്തം വീടിന് മുന്നിലുള്ള റോഡിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്. ഇന്നലെ രാവിലെ മുതൽ ഗോപിയെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയ ബന്ധുവാണ് കത്തിക്കരിഞ്ഞ ശരീരം കണ്ടത്. വാർഡ് മെമ്പർ സ്മിത സുരേഷ് അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്ത് വന്ന് നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് സമീപത്തു നിന്ന് മണ്ണെണ്ണ, കന്നാസ്, തീപ്പെട്ടി, ടോർച്ച് എന്നിവ കണ്ടെത്തി. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് ആത്മഹത്യാ കുറിപ്പ് ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് മരിച്ചത് ഗോപിയാണെന്ന് ഉറപ്പിച്ചത്.

ചെറിയ വീട്ടിൽ താമസിച്ചിരുന്ന ഗോപിക്കും കുടുംബത്തിനും അടച്ചുറപ്പുള്ള വീടെന്നത് സ്വപ്നമായിരുന്നു. ഒരു വർഷം മുൻപ് ഓമല്ലൂർ പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇദ്ദേഹത്തിന് വീട് അനുവദിച്ചിരുന്നു. ഭിത്തി നിർമ്മാണം പൂർത്തിയാക്കിയെങ്കിലും മേൽക്കൂര വാർക്കാൻ കഴിഞ്ഞിരുന്നില്ല. പണി പൂർത്തിയാക്കി കഴിഞ്ഞ ഓണം വീട്ടിൽ ആഘോഷിക്കണം എന്നായിരുന്നു ആഗ്രഹം. പദ്ധതി തുക കൊണ്ട് വീട് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതിനിടെയുണ്ടായ നിർമ്മാണ സാമഗ്രികളുടെ വില വർധനവും തിരിച്ചടിയായി. പലരോടും പണം കടം വാങ്ങിയാണ് ഭിത്തി നിർമ്മാണം നടത്തിയത്.

ഇതിനിടെ രോഗബാധിതയായ ലീലയുടെ കാൽ മുറിച്ചു മാറ്റി. അവർ അർധബോധാവസ്ഥയിലാണ് ഇപ്പോൾ കഴിയുന്നത്. ഗോപിയുടെ വൃക്കകളിലൊന്ന് രോഗം ബാധിച്ച് നീക്കം ചെയ്തിരുന്നു. ശേഷിച്ചതിനും ഇപ്പോൾ രോഗമാണ്. പണമില്ലാത്തതിനാൽ തുടർ ചികിൽസ മുടങ്ങി. ചോർന്നൊലിക്കുന്ന ചെറിയ ചായ്പിൽ സൗകര്യം ഇല്ലാത്തതിനാൽ വാടകയ്ക്ക് താമസിക്കുന്ന മക്കളുടെ സംരക്ഷണയിലാണ് ലീല കഴിഞ്ഞിരുന്നത്. മകളുടെ വീട്ടിൽ രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് ഗോപി ജീവനൊടുക്കിയത്. പുന്നലത്ത്പടിയിൽ നടത്തുന്ന മാടക്കടയിലെ ലോട്ടറി വിൽപ്പനയായിരുന്നു ഏക വരുമാനം. ലോട്ടറി റിസൾട്ട് ഷീറ്റ് ഫോട്ടോ കോപ്പി എടുത്തതിന്റെ മറുവശത്താണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരുന്നത്.

ഓമല്ലൂർ പഞ്ചായത്തിൽ നിന്നും ലൈഫ് പദ്ധതി പ്രകാരം ഗോപിക്ക് വീട് അനുവദിച്ചിരുന്നുവെന്ന് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ പറഞ്ഞു. ആദ്യ ഗഡുവായ രണ്ടു ലക്ഷവും പിന്നീട് 80,000 രൂപയും കൈപ്പറ്റി വീടിന്റെ ബെൽറ്റ് നിരപ്പ് വരെ പണിതു. വാർക്കാനുള്ള പണം കൊടുത്തിരുന്നില്ല. ശേഷിച്ച ഗഡു മേൽക്കൂര വാർക്കുമ്പോഴാണ് നൽകുന്നത്. വായ്പ ലഭ്യമാക്കാൻ ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. പണം കിട്ടാത്തതിന്റെ പരാതി ഗോപി വാർഡ് മെമ്പറിനോടോ പഞ്ചായത്തിലോ പറഞ്ഞിരുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ലൈഫ് പദ്ധതി പ്രകാരമുള്ള വീട് നിർമ്മാണം എങ്ങും എത്തിയില്ല.

പണം കിട്ടാത്തത് വീടു പണി പൂർത്തിയാക്കാൻ തടസമുണ്ടായെന്നും അതിന്റെ മനോവിഷമം ഉണ്ടായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി സംസ്‌കരിച്ചു. ഭാര്യ: ലീല. മക്കൾ: ബിജു ,ബിന്ദു. മരുമക്കൾ: സനൽ, യശോദ.