- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറ്റാദായ നഷ്ടം 41 കോടി; നിക്ഷേപകർക്ക് പണം തിരിച്ച് നൽകുന്നില്ലന്നും പരാതി; സിപിഎം ഭരിക്കുന്ന ഓമല്ലൂർ സർവീസ് സഹകരണ ബാങ്കിനെതിരേ സഹകാരികൾ സമരത്തിന്; നവകേരള സദസിൽ പരാതി നൽകും
പത്തനംതിട്ട: സിപിഎം ഭരിക്കുന്ന ഓമല്ലൂർ സർവീസ് സഹകരണ ബാങ്ക് കോടികളുടെ നഷ്ടത്തിൽ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ഓമല്ലൂർ ശങ്കരൻ പ്രസിഡന്റായ ബാങ്കിനെതിരേ സഹകാരികളും നിക്ഷേപകരും സമരത്തിനൊരുങ്ങുന്നു. 17 ന് ജില്ലയിൽ നടക്കുന്ന നവകേരള സദസിൽ നിക്ഷേപകർ പരാതി നൽകും. 16 ന് ബാങ്കിന് മുന്നിൽ സമരത്തിന് തുടക്കം കുറിക്കും.
അടിയന്തരഘട്ടങ്ങളിൽ പോലും തങ്ങളുടെ നിക്ഷേപം തിരികെ നൽകാൻ ബാങ്കിനു കഴിയുന്നില്ലെന്നും അതിരൂക്ഷമായ പ്രതിസന്ധി മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ഭരണസമിതിയും ജീവനക്കാരും ഇപ്പോഴും നടത്തുന്നതെന്നും നിക്ഷേപകർ ആരോപിച്ചു.
നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിന്റെ പേരിൽ മക്കളുടെ വിവാഹം, വിദ്യാഭ്യാസം, രോഗികളുടെ തുടർ ചികിത്സ എന്നിവ മുടങ്ങിയ സാഹചര്യങ്ങളുണ്ട്. ജീവനക്കാരുടെ കെടുകാര്യസ്ഥതയും ഭരണസമിതിയുടെ ഉത്തരവാദിത്വക്കുറവുമാണ് പ്രതിസന്ധിക്കു കാരണമായത്. വ്യാജവായ്പ, ബിനാമി വായ്പ, അനധികൃത ഭൂമി വായ്പ, സ്വർണപ്പണയ വായ്പ, മുക്കുപണ്ടം പണയം എന്നിവയുടെ പണം തിരിമറി വ്യാപകമായി നടന്നു. നിക്ഷേപത്തുകയ്ക്ക് യാതൊരു ഗാരണ്ടിയും നിലവിൽ ഇല്ലാത്ത സാഹചര്യമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരനാണ് ബാങ്കിന്റെ പ്രസിഡന്റ്. അദ്ദേഹം ബാങ്കിലേക്ക് തിരിഞ്ഞു നോക്കാറില്ലെന്നും നിക്ഷേപകർ കുറ്റപ്പെടുത്തി.
ബാങ്കിന്റെ ഉടമസ്ഥതയിലുള്ള പല സ്ഥാപനങ്ങളും നിലവിൽ പ്രവർത്തിക്കുന്നില്ല. നഷ്ടം നികത്താനോ നിക്ഷേപത്തുക തിരികെ നൽകാനോ ഭരണസമിതി ശ്രമിക്കുന്നില്ലെന്നും നിക്ഷേപകർ കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം നിക്ഷേപകരുടെ യോഗം ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. 73 നിക്ഷേപകരാണ് പണം തിരികെ ആവശ്യപ്പെട്ടുള്ള നിവേദനത്തിൽ ഒപ്പുവച്ചത്. ഇവർക്കായി ലഭിക്കാനുള്ളത് 7.46 കോടി രൂപയാണ്.
17 ന് നവകേരള സദസിൽ ഈ വിഷയം പരാതിയായി ഉന്നയിക്കും. തുടർന്ന് നിരാഹാര സത്യഗ്രഹം അടക്കം നടത്താനാണ് ആക്ഷൻ കൗൺസിൽ തീരുമാമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ എ.വി. ചന്ദ്രശേഖരൻപിള്ള, ജോയിന്റ് സെക്രട്ടറി കെ.ആർ.അശോകൻ, കെ. സജീവ് എന്നിവർ പറഞ്ഞു.
സംസ്ഥാനത്തെ ഇതര സർവീസ് സഹകരണ ബാങ്കുകളെ പോലെ നിക്ഷേപകർക്ക് പണം തിരിച്ചു നൽകാൻ കഴിയാത്ത സ്ഥിതിയാണ് ഇവിടെയുമെന്ന് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് പറയുന്നു. 2021-22ലെ വാർഷിക റിപ്പോർട്ടിൽ ബാങ്കിന്റെ അറ്റാദായ നഷ്ടം 41 കോടി രൂപയാണ്. ഒരു രൂപ പോലും പ്രവർത്തന മൂലധന നിക്ഷേപം ഇല്ല. വായ്പകളുടെ തിരിച്ചടവിന് അനുസരിച്ച് മാത്രമേ നിക്ഷേപകർക്ക് പണം പിൻവലിക്കാനാകൂവെന്നുമാണ് വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
2007-08 മുതൽ ബാങ്ക് നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും റിപ്പോർട്ട് തുറന്നു സമ്മതിക്കുന്നു. കരുതൽ ധനം ഒന്നുമില്ലെന്നു പറയുന്ന ബാങ്കിന്റെ സ്റ്റേറ്റ്മെന്റിൽ 55 കോടി രൂപയാണ് നിക്ഷേപമായി കാണിച്ചിരിക്കുന്നത്. 26 കോടി രൂപ വായ്പ പറയുന്നു. ഈ തുക മുഴുവൻ തിരിച്ചടവ് വന്നാലും നിക്ഷേപകർക്ക് നൽകാൻ ബാക്കി 29 കോടി രൂപ ബാങ്ക് കണ്ടെത്തേണ്ടതായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വാർഷിക റിപ്പോർട്ടിൽ ഒരു സ്ഥലത്ത് ബാങ്ക് 41 കോടി രൂപ നഷ്ടം കാണിക്കുമ്പോൾ 2021-22 വർഷത്തെ ലാഭനഷ്ട കണക്കിൽ നാൽപത് കോടി എൺപത് ലക്ഷത്തി എൺപത്തിയോരായിരത്തി നാൽപ്പത്തിയെട്ട് രൂപ മാത്രമാണ് കാണിച്ചിരിക്കുന്നത്.
കഴിഞ്ഞ 16 വർഷമായി ബാങ്ക് ഗുരുതരമായ സാമ്പത്തിക നഷ്ടത്തിലും പ്രതിസന്ധിയിലുമാണ് പോകുന്നതെന്ന് ബന്ധപ്പെട്ടവർ സൂചിപ്പിക്കുമ്പോൾ അതിന്റെ കാരണം കണ്ടുപിടിക്കാൻ ജീവനക്കാർക്കോ ഭരണസമിതിക്കോ കഴിഞ്ഞിട്ടില്ല എന്നുള്ളത് ആശങ്കപ്പെടുത്തുന്നതാണെന്ന് സഹകാരികൾ പറയുന്നു. 2009-10 ൽ 2,60,67,560, 2010-11 ൽ 9,79,00,346, 2011-12 ൽ 10,56,68,770, 2012-13 ൽ 12,84,82,161, 2013-14 ൽ 15,83,74,381, 2014-15 ൽ 19,89,55,775, 2015-16 ൽ 23,03,66,067, 2016-17 ൽ 28,47,37,151, 2017-18 ൽ 32,43,23,651, 2018-19 ൽ 36,23,16,253, 2019-20 ൽ 37,97,64,578, 2020-21 ൽ 39,48,84,105 എന്നിങ്ങനെയാണ് ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ബാങ്കിന്റെ അറ്റാദായ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്.
ഓമല്ലൂരിലെ ഈ ആദ്യകാല ധനകാര്യസ്ഥാപനം 1962 മെയ് 19 നാണ് പ്രവർത്തനം ആരംഭിച്ചത്. 60-ാം വർഷം പൂർത്തിയാകുമ്പോൾ തുടക്കത്തിൽ ക്ലാസിഫിക്കേഷൻ ഒന്ന് ആയിരുന്ന ബാങ്ക് ഇപ്പോൾ സഹകരണ സംഘ നിയമപ്രകാരം ഏറ്റവും താഴത്തെ തട്ടായ ക്ലാസ് അഞ്ചിലേക്ക് പുനർനിർണ്ണയം ചെയ്തിരിക്കുകയാണ്. നിയമപ്രകാരം ക്ലാസ് അഞ്ചിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് പരമാവധി ഏഴു ജീവനക്കാരെയാണ് നിയമിക്കാൻ കഴിയുക എന്നാണ് അറിയുന്നത്. ഇവിടെ 17 പേരാണ് നിലവിൽ ജോലി നോക്കുന്നത്. തുടക്കം മുതൽ സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് ബാങ്ക് പ്രവർത്തിച്ചു വരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ പണാപഹരണ കേസുളുടെ അന്വേഷണം എങ്ങുമെത്താതെ വർഷങ്ങളായി തുടരുകയാണ്. കരുവന്നൂർ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിന് സമാനമായി ചെക്ക് കളക്ഷനിലെ തിരിമറി, പ്രമാണം മറിച്ച് വച്ച് പണാപഹരണം, സ്വർണ്ണപണയ വായ്പ തട്ടിപ്പ്, സ്ഥിരനിക്ഷേപകരുടെ തുക അവരറിയാതെ പിൻവലിക്കൽ, സ്വയം വർധിനി വായ്പയിലെ തിരിമറി തുടങ്ങി നിരവധി ഇടപാടിലൂടെ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ബാങ്കിന് വന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് കൺകറന്റ് ഓഡിറ്ററുടെ നിർദ്ദേശപ്രകാരം ജോയിന്റ് രജിസ്ട്രാർ 2010 നവംബർ 29 ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അത് മേൽ നടപടിക്കായി ഡിസംബർ 27 ന് തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ക്ഷൻ ബ്യൂറോയ്ക്ക് അയച്ചതായി പറയപ്പെടുന്നു. 12 വർഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താതെ തുടരുന്നു. പണാപഹരണവുമായി ബന്ധപ്പെട്ട് സെക്രട്ടറി ഹരിപ്രസാദ് ഉൾപ്പെടെ ആറ്പേർക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുത്തിരുന്നു. ഇതിൽ മൂന്ന് പേർ സർവീസിൽ നിന്ന് വിരമിച്ചു.
രണ്ട് പേരെ അന്വേഷണ വിധേയമായി പിരിച്ചു വിട്ടു. സെക്രട്ടറിക്കെതിരെ യാതൊരു നിയമനടപടിയും സ്വീകരിച്ചിട്ടില്ല. ബാങ്ക് നടത്തിപ്പ് സംബന്ധിച്ച് നിരവധി പരാതികളാണ് എല്ലാ വർഷവും ഓഡിറ്റ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ക്രമക്കേടുകളെ തുടർന്ന് 2013 ൽ ഭരണസമിതി പിരിച്ചു വിട്ടിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലും സിപിഎം. അധികാരത്തിൽ എത്തി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്