പത്തനംതിട്ട: ഓമല്ലൂരിൽ പേ വിഷബാധ ലക്ഷണങ്ങളോടെ വീട്ടുമുറ്റത്ത് കയറിയ തെരുവുനായ മണിക്കൂറുകളോളം നാടിനെ ആശങ്കയിലാഴ്‌ത്തി. റാന്നി അത്തിക്കയത്ത് നാട്ടുകാർ ഓടിച്ച് കിണറ്റിൽ ചാടിച്ച അക്രമസ്വഭാവമുള്ള നായയെ പൊലീസ് കരകയറ്റി വിട്ടു. കോന്നി അരുവാപ്പുലത്ത് തെരുവുനായ സംരക്ഷണ കേന്ദ്രം അടച്ചു പൂട്ടാൻ പഞ്ചായത്ത് നോട്ടീസ് നൽകി. പട്ടികളെ തുറന്നു നാട്ടിൽ വിടേണ്ടി വരുമെന്ന് സംരക്ഷണ കേന്ദ്രം നടത്തിപ്പുകാരൻ കൂടി അറിയിച്ചതോടെ ചൊവ്വാഴ്ച പത്തനംതിട്ടയിൽ സർവം പട്ടി മയമായി.

കഴിഞ്ഞ ദിവസം ഓമല്ലൂരിലെ തെരുവിൽ ഭീതി പടർത്തി ഓടി മറഞ്ഞ നായ ചൊവ്വാഴ്ച പുലർച്ചെയോടെ കുരിശടി ജങ്ഷനിലെ തറയിൽ വിജയന്റെ വീട്ടുവളപ്പിലേക്ക് ഓടിക്കയറി. ഉടൻ തന്നെ പ്രദേശവാസികൾ വീടിന്റെ ഗേറ്റ് അടക്കുകയും വീട്ടുകാരെ പുറത്തേക്ക് മാറ്റുകയും ചെയ്തു. വിജയന്റെ ഭാര്യ തുളസീ ഭായി വീടിനുള്ളിൽ മണിക്കുറുകളോളം കുടുങ്ങി. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പത്തനംതിട്ടയിൽ നിന്ന് പൊലീസും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും നായയ്ക്ക് പേവിഷബാധ സ്ഥിരീകരിക്കാത്തതിനാൽ ആശയക്കുഴപ്പത്തിലായി.

തുടർന്ന് പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് ക്യാച്ചേഴ്സും കോന്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആരോ എന്ന സംഘടനാ പ്രവർത്തകരും സ്ഥലത്തെത്തി. ജില്ലാ കലക്ടറുടെ നിർദേശപ്രകാരം ഡോഗ് ക്യാച്ചേഴ്സ് നായയെ വലയിലാക്കി മയക്കിയതോടെയാണ് മണിക്കൂറുകളോളം നീണ്ട ആശങ്കക്ക് വിരാമമായത്. നായയ്ക്ക് പേ വിഷബാധ ഉണ്ടോയെന്ന് അറിയണമെങ്കിൽ അത് ചാകണം. ചത്ത നായയുടെ തലച്ചോറിൽ നിന്നുള്ള സ്രവം പരിശോധിച്ചാണ് പേവിഷ ബാധ കണ്ടെത്തുന്നത്. നായയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. മൃഗ സംരക്ഷണ വകുപ്പ് നായയെ നിരീക്ഷണത്തിൽ വയ്ക്കും.

അത്തിക്കയത്ത് അറയ്ക്കമൺ പെരുനാട് റോഡിൽ വരുന്ന ഇരുചക്രവാഹനങ്ങൾക്കു പിന്നാലെയും കാൽനടയായി വരുന്നവരെയും കടിക്കാൻ ശ്രമിച്ച നായയാണ് നാട്ടുകാർ ഓടിച്ച്േപ്പാൾ കിണറ്റിൽ ചാടിയത്. കരകയറ്റാൻ ഫയർഫോഴ്സിനെയും പൊലീസിനെയും ബന്ധപ്പെട്ടു. ഫയർഫോഴ്സുകാർ തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ പെരുനാട് പൊലീസ് എത്തി നായയെ കരയ്ക്കു കയറ്റി വിട്ടതും പ്രശ്നമായി.

പഞ്ചായത്ത് സെക്രട്ടറിയുമായി ബന്ധപ്പെട്ടപ്പോൾ പട്ടിയെ കൊട്ടയിലാക്കി കൊണ്ടുവരാൻ പറഞ്ഞെന്ന് നാട്ടുകാർ പറയുന്നു. പേപ്പട്ടി ആണെന്ന് സ്ഥിരീകരിക്കാത്തത് :ൊണ്ട് കൊല്ലാൻ പാടില്ലെന്ന് പൊലീസും അറിയിച്ചു. സഹി കെട്ട തദ്ദേശവാസികൾ പഞ്ചായത്ത് ഓഫീസിരിക്കുന്ന അത്തിക്കയം കരയിലേക്ക് പാലം കടത്തി പട്ടിയെഓടിച്ചു വിട്ടു. നായ ഇപ്പോൾ അത്തിക്കയം കരയിലാണ്. ഇവിടെയുള്ളവർ ഭീതിയിലാണ്.

കൊക്കാത്തോട്ടിലെ തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന ഷെൽട്ടറിനു അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് സ്റ്റോപ്പ് മെമോ നൽകിയത് മറ്റൊരു പ്രശ്നത്തിന് വഴി തെളിക്കു. ഗ്രാമ പഞ്ചായത്തിന്റെ അനുവാദമോ സമ്മതമോ വാങ്ങാതെ അനധികൃതമായി നായകളെ പാർപ്പിച്ചിരിക്കുന്നതായി ചുണ്ടിക്കാട്ടിയാണ് പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 232 ,1998 പ്രകാരം സ്ഥലമുടമ വലഞ്ചുഴി ഇടവയ്ക്കൽ മേലേതിൽ ഷെരീഫിന് നോട്ടീസ് അയച്ചത്.

ഇദ്ദേഹത്തിന്റെ വസ്തു പാട്ടത്തിനെടുത്ത് കോന്നി ഷീജ മൻസിലിൽ അജാസ് തെരുവ് നായ്ക്കളുടെ സംരക്ഷണകേന്ദ്രം നടത്തി വരുകയായിരുന്നു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ തെരുവിൽ നിന്നും ലഭിക്കുന്ന നായ്ക്കളെ ഇവിടെ എത്തിച്ചിരുന്നു. ഇവിടെ നായ്ക്കളെ പാർപ്പിക്കുന്നതിനെതിരെ പഞ്ചായത്തിൽ ലഭിച്ച പരാതികളെ തുടർന്നാണ് ഗ്രാമപഞ്ചായത്ത് കമ്മറ്റി എടുത്ത തീരുമാനം അനുസരിച്ചാണ് സംരക്ഷണകേന്ദ്രം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയത്. ഗ്രാമപഞ്ചായത്തിന്റെ നടപടിയെ തുടർന്ന് സംരക്ഷണകേന്ദ്രത്തിലെ നായ്ക്കളെ തെരുവിൽ തുറന്നു വിടാനേ കഴിയുകയുള്ളുവെന്ന് സംരക്ഷണ കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ അജാസ് പറഞ്ഞു.