- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയുടെ ലേസർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി; ഒരാഴ്ചത്തെ പൂർണ വിശ്രമം വേണമെന്ന് മകൻ ചാണ്ടി ഉമ്മൻ; തൊണ്ടയിലെ അസുഖത്തിന് ചികിത്സ തേടിയത് ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ
ബർലിൻ: ഉമ്മൻ ചാണ്ടിയുടെ ലേസർ ശസ്ത്രക്രിയ ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ വിജയകരമായി പൂർത്തിയായി. ഒരാഴ്ചത്തെ പൂർണമായ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നതെന്ന് മകൻ ചാണ്ടി ഉമ്മൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
അപ്പയുടെ ലേസർ ശാസ്ത്രക്രിയ ബർലിനിലെ ചാരിറ്റി ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തിയായി. ഒരാഴ്ചത്തെ പൂർണമായ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. നിങ്ങളുടെ പ്രാർത്ഥനകൾക്കും സ്‌നേഹത്തിനും നന്ദി.
തൊണ്ടയിലെ അസുഖത്തിനാണ് ചികിത്സ. മൂന്നുദിവസം മുൻപാണ് ഉമ്മൻ ചാണ്ടി ബെർലിനിലെത്തിയത്. മകൾ മറിയ, മകൻ ചാണ്ടി ഉമ്മൻ, ബെന്നി ബെഹനാൻ എംപി, ജർമൻ ഭാഷ അറിയാവുന്ന കോൺഗ്രസ് പ്രവർത്തകൻ ജിൻസൺ എന്നിവരാണ് അദ്ദേഹത്തോടൊപ്പമുള്ളത്.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ബെർലിൻ ചാരിറ്റി ആശുപത്രി. 312 വർഷത്തെ പാരമ്പര്യമുള്ള ആശുപത്രിയിൽ 11 നൊബേൽ സമ്മാന ജേതാക്കൾ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ 13,200 ജീവനക്കാരാണ് ഇവിടെയുള്ളത്.
ബുധനാഴ്ച ഡോക്ടർമാർ വിശദപരിശോധന നടത്തിയശേഷമാണ് ശസ്ത്രക്രിയയ്ക്ക് തീരുമാനിച്ചത്. 78കാരനായ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില 2019 മുതൽ മോശമാണെന്ന് മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും കുടുംബാംഗങ്ങൾ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണെന്നും തരത്തിലുള്ള വാർത്തകൾ നിഷേധിച്ചുകൊണ്ടാണ് മകൻ ചാണ്ടി ഉമ്മൻ രംഗത്തെത്തിയത്. നേരത്തെ, ആരോഗ്യ പ്രശ്നങ്ങളാൽ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉമ്മൻ ചാണ്ടി. 79-ാം പിറന്നാൾ ദിനത്തിൽ ആലുവ പാലസിൽ വിശ്രമത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ നേരിൽകണ്ട് മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാക്കളും ജന്മദിനാശംസകൾ നേർന്നിരുന്നു.
കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉമ്മൻ ചാണ്ടിക്ക് സംസാരിക്കുന്നതിന് പ്രയാസമുണ്ടാകുകയും സംസ്ഥാനത്തെ രണ്ട് ആശുപത്രികളിൽ ചികിൽസ തേടുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ആശുപത്രികളിലും നടന്ന പരിശോധനകളിൽ വ്യത്യസ്ത റിപ്പോർട്ടുകൾ ലഭിച്ച സാഹചര്യത്തിലാണ് വിദഗ്ധ പരിശോധനകൾക്കായി ആദ്യം വിദേശത്തേക്കുപോയത്. തൊണ്ടയിൽ മുഴയാണ് പ്രശ്‌ന കാരണം. ഇത് മൂലം സംസാരത്തിനു ബുദ്ധിമുട്ട് ഉണ്ട്. ആയുർവേദം, ഹോമിയോ എന്നീ ചികിൽസകൾ നോക്കി. എന്നാൽ അതൊന്നും പൂർണ്ണമായും ഫലിച്ചില്ല.
യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി സംഭവിച്ചതോടെ നിയമസഭയിലെ നേതൃസ്ഥാനം ഉമ്മൻ ചാണ്ടി ഒഴിഞ്ഞു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി. ഇതിനിടെ കെപിസിസി അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ എത്തിക്കാനും ശ്രമിച്ചു. എന്നാൽ ഉമ്മൻ ചാണ്ടി വഴങ്ങിയില്ല. പിന്നീട് എഐസിസി ജനറൽ സെക്രട്ടറിയായി ഉമ്മൻ ചാണ്ടിയെ നിയമിച്ചു. ആന്ധ്രയിലെ ചുമതലയും കൊടുത്തു. നിരന്തര യാത്രകൾ ഉമ്മൻ ചാണ്ടിക്ക് ചെയ്യേണ്ടിയും വന്നു. ഇതിനിടെയാണ് അസുഖത്തിന്റെ സൂചനകൾ കണ്ടു തുടങ്ങിയത്. കേരളത്തിലെ ചികിൽസകളിൽ ആശ്വാസം കിട്ടുകയും ചെയ്തു. പക്ഷേ ശബ്ദം ഇടയ്ക്കിടെ പോയി. 2015ന് ശേഷം നാല് തവണ പ്രശ്നമുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ