- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില ഭദ്രം; അദ്ദേഹം സുഖം പ്രാപിക്കുന്നുവെന്ന് ബെംഗളൂരു എച്ച്സിജി കാൻസർ കെയർ സെന്റർ മെഡിക്കൽ ബുള്ളറ്റിൻ; പോഷകാഹാര കുറവിന്റെ പ്രശ്നം പരിഹരിക്കാൻ ശ്രമം; രോഗപ്രതിരോധ ശേഷി കുറയാത്തതും ആശ്വാസകരം; പ്രാരംഭ ചികിത്സയായി ഇമ്മ്യൂണോ തെറാപ്പിക്ക് വിധേയനാക്കും
ബെംഗളൂരു: ബെംഗളൂരുവിലെ എച്ച്‌സിജി കാൻസർ കെയർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില ഭദ്രമെന്നും അദ്ദേഹം സുഖം പ്രാപിക്കുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിൻ. ഞായറാഴ്ചയാണ് എച്ച്‌സിജിയിലേക്ക് മുൻ മുഖ്യമന്ത്രിയെ കുടുംബാംഗങ്ങൾ കൊണ്ടുവന്നത്.
' ബഹുമാനപ്പെട്ട മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില ഇപ്പോൾ ഭദ്രമാണ്. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു. അദ്ദേഹം തൊണ്ടയിലെ അർബുദ രോഗത്തിന് ചികിത്സയിലാണ്. വിശദമായ വിലയിരുത്തലിന് ശേഷം പ്രാരംഭ ചികിത്സാ നടപടിയെന്ന നിലയിൽ ഉമ്മൻ ചാണ്ടിയെ ഇമ്മ്യൂണോ തെറാപ്പിക്ക് വിധേയനാക്കും. വിദഗ്ധരായ ഓങ്കോളജിസ്റ്റുകളാണ് ചികിത്സാക്രമം നിശ്ചയിച്ചത്. ഈ ചികിത്സാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഭാവി ചികിത്സ നിർണയിക്കും' ആശുപത്രി പുറത്തിറക്കിയ ബുള്ളറ്റിനിൽ പറഞ്ഞു.
വിദഗ്ധരായ ഒരു സംഘം ഓങ്കോളജിസ്റ്റുകളെ കൂടാതെ, സർജന്മാരും, പാതോളജിസ്റ്റുകളും, ജീനോമിക് വിദഗ്ധരും, റേഡിയോളജിസ്റ്റുകളും അടക്കം മുതിർന്ന ഡോക്ടർമാരുടെ മെഡിക്കൽ സംഘത്തെയാണ് ചികിത്സയ്ക്ക് നിയോഗിച്ചിരിക്കുന്നത്.
എച്ച്സിജി കാൻസർ സെന്ററിലെ ഡോ. യു.എസ്. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമം തുടങ്ങി. ന്യൂമോണിയ മാറിയ ശേഷവും അദ്ദേഹത്തിന്റെ രോഗപ്രതിരോധശേഷി കുറഞ്ഞിട്ടില്ലെന്നും അത് ആശ്വാസകരമാണെന്നും ഡോക്ടർമാർ അറിയിച്ചെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.
ഞായറാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് കുടുംബത്തോടൊപ്പം ചാർട്ടേഡ് വിമാനത്തിലാണ് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിൽ എത്തിച്ചത്. ന്യൂമോണിയ ഭേദമായതിന് ശേഷമാണ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ മെഡിക്കൽ സംഘവും സർക്കാറിന്റെ മെഡിക്കൽ ബോർഡും തുടർ ചികിത്സയ്ക്കായുള്ള യാത്രയ്ക്ക് അനുമതി നൽകിയത്. മൊബൈൽ ഐസിയു അടക്കമുള്ള സൗകര്യങ്ങളുമായി ആംബുലൻസ് ഒരുക്കിയെങ്കിലും ഉമ്മൻ ചാണ്ടിയുടെ ആവശ്യപ്പെട്ടത് അനുസരിച്ച് കാറിലായിരുന്നു വിമാനത്താവളത്തിലേക്കുള്ള യാത്ര.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എയർ ആംബുലൻസിലാണ് അദ്ദേഹത്തെ കൊണ്ടുപോയത്. കുടുംബം തനിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം ഉമ്മൻ ചാണ്ടി നിഷേധിച്ചിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉയർന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അണുബാധ പൂർണമായും ഭേദമായതിന് ശേഷമാണ് തുടർ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്. മെഡിക്കൽ സംഘവും ഒപ്പമുണ്ടായിരുന്നു. ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മൻ, മറിയം ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരും ഉമ്മൻ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ