- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയെ എയർലിഫ്റ്റ് ചെയ്യാൻ എയർ ആംബുലൻസ് ഏർപ്പാടാക്കി കോൺഗ്രസ് നേതൃത്വം; ന്യൂമോണിയ മാറി ആരോഗ്യനില മെച്ചപ്പെട്ടാൽ ഇന്ന് തന്നെ ബെംഗളുരുവിലേക്ക് കൊണ്ടുപോയേക്കും; പനിയും ശ്വാസം മുട്ടലും കുറഞ്ഞെങ്കിലും ന്യൂമോണിയ ലക്ഷണങ്ങൾ നിലനിൽക്കുന്നു; മെഡിക്കൽ ബോർഡ് മുന്മുഖ്യമന്ത്രിയുടെ ആരോഗ്യനില വിലയിരുത്തും
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നു ബെംഗളൂരുവിലേക്കു കൊണ്ടുപോയേക്കും. ജർമനിയിൽ നടത്തിയ ചികിത്സയുടെ തുടർ ചികിത്സ നടത്തുന്ന ബെംഗളൂരുവിലെ എച്ച്‌സിജി കാൻസർ കെയർ സെന്ററിലേക്ക് എയർ എയർ ആംബുലൻസിലാണു കൊണ്ടു പോവുക. ശ്വാസകോശത്തിലെ അണുബാധ കുറവുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ചികിത്സയിൽ കഴിയുന്ന നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. പനിയും ശ്വാസം മുട്ടലും കുറഞ്ഞു. എങ്കിലും പൂർണമായും ഭേദമായെന്ന നിലയിൽ എത്തിയിട്ടില്ല.
ആരോഗ്യനില യാത്രയ്ക്ക് അനുയോജ്യമാണെങ്കിലേ ഇന്നു ബെംഗളൂരുവിലേക്കു പോവുകയുള്ളു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയെ തുടർന്നു കോൺഗ്രസ് നേതൃത്വമാണ് എയർ ആംബുലൻസ് ഏർപ്പാടാക്കിയത്. നിംസ് ആശുപത്രിയിൽ മെഡിക്കൽ അഡ്‌മിനിസ്‌ട്രേറ്റർ ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തിൽ 9 അംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചാണു ചികിത്സ. ഇതിനിടെ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നിലവിലയിരുത്താനും കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമുണ്ടോ എന്നു നിർദേശിക്കാനുമായി സർക്കാർ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചു.
ആരോഗ്യ മന്ത്രി വീണാ ജോർജ് ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ചതിന്റെ തുടർച്ചയായാണു തീരുമാനം. ഇവർ ആശുപത്രി സന്ദർശിച്ചു ചികിത്സാ വിവരങ്ങൾ ശേഖരിച്ചു. എന്നാൽ ബെംഗളൂരുവിൽ തുടർ ചികിത്സയ്ക്കു പോകുന്ന സാഹചര്യത്തിൽ മെഡിക്കൽ ബോർഡിന്റെ സേവനം ആവശ്യമില്ലെന്ന നിലപാടിലാണു കോൺഗ്രസ് നേതൃത്വം. മെഡിക്കൽ ബോർഡിനെ ഒഴിവാക്കി ബംഗളുരുവിൽ എത്രയും വേഗം ചികിത്സയ്ക്ക് എത്തിക്കുക എന്നതാണ് കോൺഗ്രസിന്റെ നിലപാട്.
അതേസമയം ഇന്ന് സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡും മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യനില വിലയിരുത്തും. ഉമ്മൻ ചാണ്ടിയെ ചികിത്സിക്കുന്ന നിംസിലെ ഡോക്ടർമാരുമായാകും മെഡിക്കൽ ബോർഡിലെ ഡോക്ടർമാർ കാര്യങ്ങൾ ചോദിച്ചറിയുക. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില വിലയിരുത്താൻ സർക്കാർ ഇന്നലെ ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. ഒടുവിലെ ആരോഗ്യാവസ്ഥ സംബന്ധിച്ച് പത്തുമണിയോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങും.
ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിംസിലെത്തി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ കണ്ടിരുന്നു. ആശുപത്രിയിൽ എത്തിയ സതീശൻ അദ്ദേഹത്തിന്റെ മക്കളും ഭാര്യയുമായും സംസാരിച്ചു. ശ്വാസ കോശ അണുബാധ കുറഞ്ഞ പശ്ചാത്തലത്തിൽ ബംഗളുരുവിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യണമെന്നാണ് മകൾ അച്ചു ഉമ്മൻ ആവശ്യപ്പെട്ടത്. ഇന്ന് രാവിലെ അച്ചു ഉമ്മൻ ആശുപത്രിയിൽ എത്തിയിരുന്നു. ഇതേ തുടർന്ന് വി ഡി സതീശൻ നേരിട്ട് ഇടപെട്ട് എയർലിഫ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കി. എയർ ആംബുലൻസ് അടക്കം ബുക്കു ചെയ്തിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയുടെ ചികിത്സാ ചിലവുകളെല്ലാം പാർട്ടി വഹിക്കും.
ബെംഗളൂരു എച്ച്.സി.ജി. കാൻസർ ആശുപത്രിയിൽ ഡോ. വിശാൽ റാവുവിന്റെ നേതൃത്വത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ചികിത്സ നടത്തിവരുന്നത്. ശ്വാസകോശസംബന്ധമായ അണുബാധയുള്ളതിനാൽ മെഡിക്കൽ ഐ.സി.യു.വിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ചികിത്സ തുടങ്ങിയതിനാൽ ആരോഗ്യനിലയിൽ പുരോഗതി ഉള്ളതായി മന്ത്രി വീണാജോർജ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മൻ, മറിയ ഉമ്മൻ, അച്ചു ഉമ്മൻ എന്നിവർ ആശുപത്രിയിലുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പ്, ഇ.എൻ.ടി. വിഭാഗം മേധാവി ഡോ. എം.വേണുഗോപാൽ, മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. എസ്.ശ്രീനാഥ്, ആർ.സി.സി. സർജിക്കൽ ഓങ്കോളജി അഡീഷണൽ പ്രൊഫസർ ഡോ. ഷാജി തോമസ്, റേഡിയേഷൻ ഓങ്കോളജി അഡീഷണൽ പ്രൊഫസർ ഡോ. രജനീഷ് കുമാർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് റെസ്പിറേറ്ററി മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ. കിരൺ വിഷ്ണു എന്നിവരാണ് മെഡിക്കൽബോർഡിലുള്ളത്.
അതേസമയം അതിനിടെ ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിരാശയുണ്ടെന്ന് പുതുപ്പള്ളിയിലെ പ്രദേശിക കോൺഗ്രസ് നേതാക്കാളും പ്രവർത്തകരും അഭിപ്രായപ്പട്ടു. നിരവധി ആളുകൾക്ക് ചികിത്സാസഹായവും മറ്റും ചെയ്തിട്ടുള്ള വ്യക്തിയാണ് ഉമ്മൻ ചാണ്ടി. അദ്ദേഹം ഈ അവസ്ഥയിൽ ആയിരിക്കുമ്പോൾ വിവാദം ഉണ്ടാകുന്നതിൽ വിഷമമുണ്ട്. അദേഹം വേഗത്തിൽ സുഖം പ്രാപിച്ചു തിരികെ യെത്തണമെന്ന പ്രാർത്ഥന മാത്രമാണുള്ളതെന്നും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ