റിയാദ്: 'എവിടെ പോയാലും ജനങ്ങൾക്കിടയിൽ അവരിൽ ഒരാളായി ഉമ്മൻ ചാണ്ടി മാറും. ജനങ്ങളുടെ പ്രശ്നം സ്വന്തം പ്രശ്നമായി കണ്ടാണ് പരിഹാരം കാണുക.' ആര്യാടൻ മുഹമ്മദ് ഒരിക്കൽ പറഞ്ഞ വാക്കുകൾ കുഞ്ഞൂഞ്ഞിനെ കുറിച്ച് പറഞ്ഞാൽ പുതുപ്പള്ളിക്കാർ ചിരിച്ചേക്കും. ഇതൊക്കെ ഞങ്ങൾ എത്ര കണ്ടിരിക്കുന്നു എന്ന ചിരി. എന്നും ആൾക്കൂട്ടത്തെ ഇഷ്ടപ്പെടുന്ന ജനകീയ നേതാവിന്റെ സുവർണകാലം കഴിഞ്ഞുവെന്നാണ് ചിലരൊക്കെ പറയുന്നത്. വിശേഷിച്ചും, വിവാദങ്ങളിലും കേസുകളിലും പെടുകയും, രോഗപീഡകൾ അലട്ടുകയും ചെയ്തതോടെ. ഏതുവേദിയിലും ഉമ്മൻ ചാണ്ടി എന്ന പേരുകേട്ടാൽ, ജനം കയ്യടിക്കുന്നതിന്റെ കാരണം, ആൾക്കൂട്ടത്തെ സ്വന്തമാക്കുന്ന ആ തനത് ശൈലി തന്നെ. ഇപ്പോൾ, വാർത്തകളിൽ നിറയുന്നത്, സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളികളെ രക്ഷിക്കാൻ സ്വന്തം കൈയിൽ നിന്ന് ബ്ലഡ് മണി കൊടുത്ത സംഭവമാണ്. ഒന്നല്ല, രണ്ടുസംഭവങ്ങൾ.

തലയിലേറ്റിയത് വലിയ ഭാരം

ഇസ്ലാമിക നിയമപ്രകാരം, ഇരയ്ക്ക് നഷ്ടപരിഹാരം നൽകുന്ന സമ്പ്രദായമാണ് ബ്ലഡ് മണി. പലപ്പോഴും ഇരയുടെ കുടുംബം ആവശ്യപ്പെടുന്ന വൻതുക നഷ്ടരപരിഹാരമായി നൽകാൻ പ്രതികളുടെ കുടുംബത്തിന് സാമ്പത്തിക ശേഷിയുണ്ടാവണമെന്നില്ല. എന്നാൽ, വധശിക്ഷ പോലെ രക്ഷ അനിവാര്യമായ ഘട്ടങ്ങളിൽ സന്നദ്ധ സംഘടനകളും, വ്യവസായികളും മറ്റും സഹായത്തിന് എത്താറുണ്ട്. മുഖ്യമന്ത്രിയായിരിക്കെ, മനുഷ്യത്വം കരുതി ഇടപെട്ട കേസിലാണ് സ്വന്തം കൈയിൽ നിന്ന് പണം നൽകി ഉമ്മൻ ചാണ്ടി ഏവരെയും അമ്പരിപ്പിച്ചത്.

സൗദി അറേബ്യയിൽ മലയാളി കൊല്ലപ്പെട്ട കേസിൽ പ്രതികളായ മൂന്നു പേരെ രക്ഷിക്കാനാണ് ഉമ്മന് ചാണ്ടി ഇടപെട്ടത്. ഇവരുടെ കുടുംബങ്ങൾക്ക് പണം കണ്ടെത്താനാകാതെ വന്നതോടെ ഉമ്മൻ ചാണ്ടി പണം നൽകുകയായിരുന്നു. 2008 ഒക്ടോബർ 18നായിരുന്നു കൊല്ലം പള്ളിമുക്ക് സ്വദേശി നൗഷാദ് കൊല്ലപ്പെട്ടത്. കൊല്ലം ജില്ലക്കാർ തന്നെയായ സുധീർ മുസ്തഫ, മൻസൂർ സൈനുൽ ആബിദീൻ, മുഹമ്മദ് റഫീഖ് എന്നിവരായിരുന്നു കേസിൽ പ്രതികൾ. ഇവർക്കെതിരെ സൗദി ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു.

പ്രതികൾ റിയാദിലെ അൽഹൈർ ജയിലിലായിരിക്കെയാണ് ബന്ധുക്കളുടെ അഭ്യർത്ഥനപ്രകാരം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി വിഷയത്തിൽ ഇടപെട്ടത്. മാപ്പ് ലഭിക്കുകയാണെങ്കിൽ ബ്ലഡ് മണി നൽകാമെന്ന് കാട്ടി കുടുംബങ്ങൾ ഇന്ത്യൻ എംബസിക്ക് കത്തയച്ചിരുന്നു. കൊല്ലപ്പെട്ട നൗഷാദിന്റെ കുടുംബം മാപ്പ് നൽകിയാൽ വധശിക്ഷ ഒഴിവാക്കുമെന്ന് അറിഞ്ഞതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസ് അഭിഭാഷകൻ വഴി അതിനുള്ള ശ്രമവും നടത്തി.

വധശിക്ഷ ഒഴിവാക്കണമെങ്കിൽ കൊല്ലപ്പെട്ട ആളുടെ കുടുംബം മാപ്പ് നൽകാൻ തയ്യാറാകണം. മാത്രമല്ല ദയാ ധനം അഥവാ ബ്ലഡ് മണിയും കൊല്ലപ്പെട്ട ആളുടെ കുടുംബത്തിന് നൽകണം. റിയാദിലെ സാമൂഹ്യ പ്രവർത്തകനായ ശിഹാബ് കൊട്ടുകാടിന്റെ സഹായത്തോടെ പ്രതികളിൽ ഒരാളുടെ സുഹൃത്തായ ഉനൈസ് ഇന്ത്യൻ എംബസ്സിയെ സമീപിച്ചു. 50 ലക്ഷം രൂപ ബ്ലഡ് മണിയായി നൽകിയാൽ ഭാര്യയും മക്കളും മാപ്പ് നൽകാമെന്ന് സമ്മതിക്കുകയായിരുന്നു.

സമ്മതപത്രം റിയാദിലെ ഇന്ത്യൻ എംബസി വഴി കോടതിയിൽ സമർപ്പിച്ചതോടെ വധ ശിക്ഷ ഒഴിവാകുകയും ചെയ്തു. പൊതുഅന്യായ നിയമപ്രകാരം ഒമ്പത് വർഷത്തെ തടവുശിക്ഷ കഴിഞ്ഞ ശേഷം പ്രതികൾ മൂന്ന് പേരെയും നാട്ടിലേക്ക് കയറ്റിവിട്ടു. എങ്കിലും ബ്ലഡ് മണി സ്വീകരിച്ചതായുള്ള രേഖ എത്താത്തതിനാൽ റിയാദിലെ കോടതി കേസ് നടപടികൾ അവസാനിപ്പിച്ചിരുന്നില്ല. മൂന്ന് പ്രതികളുടെയും കുടുംബങ്ങൾ 10 ലക്ഷം വീതം നൽകാമെന്നാണ് ആദ്യം ഉമ്മൻ ചാണ്ടിയെ അറിയിച്ചിരുന്നത്. എന്നാൽ അതിനുള്ള ശേഷി തങ്ങൾക്കില്ലെന്ന് പിന്നീട് കുടുംബങ്ങൾ അറിയിച്ചു.

ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലാവധി കഴിഞ്ഞെങ്കിലും ബ്ലഡ് മണി നൽകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. സ്വന്തം കയ്യിൽ നിന്നെടുത്തും മറ്റുള്ളവരോട് സഹായം തേടിയുമാണ് അദ്ദേഹം പണം കണ്ടെത്തിയത്. രണ്ട് തവണയായാണ് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പണം കൈമാറിയത്. ഇതോടെ റിയാദ് കോടതിയിലെ കേസ് നടപടികളും അവസാനിച്ചു. നാട്ടിലെത്തിയ പ്രവാസികളിൽ ഒരാളായ റഫീഖ് പിന്നീട് കോവിഡ് ബാധിച്ച് മരിച്ചു.

രണ്ടാമത്തെ സംഭവം

മറ്റൊരു സംഭവം, കോട്ടയം സ്വദേശി ദമ്മാമിൽ കൊല്ലപ്പെട്ട സംഭവം ആണ്. ഒരുമിച്ച് താമസിച്ചിരുന്നവർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ അവിചാരിതമായി ഉണ്ടായ കൊലപാതകമായിരുന്നു. പ്രതിയായ മലയാളിക്ക് വധശിക്ഷ കിട്ടി. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് കൊടുത്താൽ വധശിക്ഷ ഒഴിവാകും. പ്രതിയുടെ കുടുംബവും ഉമ്മൻ ചാണ്ടിയുടെ മുന്നിലെത്തുകയം, കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്കാൻ തയ്യാറാവുകയും ചെയ്തു. 15 ലക്ഷമാണ് ബ്ലഡ് മണിക്ക് ധാരണയായത്. ഈ പണം കൂടി കൊടുക്കാമെന്ന് ഏറ്റതോടെ, ആകെ 65 ലക്ഷം രൂപ തന്റെ കൈയിൽ നിന്നും കൊടുക്കാൻ ബാധ്യസ്ഥനായി പുതുപ്പള്ളിക്കാരുടെ കൂഞ്ഞൂഞ്ഞ്. ഒരുപക്ഷേ വേറൊരു രാഷ്ട്രീയ നേതാവും തലയിലേറ്റാത്ത ഭാരം.