തിരുവനന്തപുരം: കൊച്ചു കുഞ്ഞുകൾക്ക് പോലും പരിചിതനായ രാഷ്ട്രീയക്കാരനാകുക എന്നു പറഞ്ഞാൽ അതാണ് ഒരു രാഷ്ട്രീയ നേതാവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ലഭിക്കുന്ന വലിയ അംഗീകാരം. ആ അംഗീകാരം വേണ്ടുവോളം ലഭിച്ച നേതാവായിരുന്നു വിട പറഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയെ മിമിക്രിക്കാർ അനുകരിക്കും പോലെ ഒരു കൊച്ച് ആരാധകനും അനുകരിച്ചിരുന്നു. ആ വീഡിയോ മുൻപ് സൈബറിടങ്ങളിൽ വൈറലാകുകയും ചെയത്ിരുന്നു.

ഉമ്മൻ ചാണ്ടിയുടെ മുഖഭാവങ്ങൾ കാണിച്ചുള്ള കുഞ്ഞിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ അന്ന് പങ്കുവെച്ചത് ഉമ്മൻചാമ്ടി തന്നെയായിരുന്നു. 'പൊതുപ്രവർത്തകനെന്ന നിലയിൽ ഒത്തിരിപ്പേർ എന്നെ അനുകരിക്കാറുണ്ട്; വിമർശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്. അതെല്ലാം ആസ്വദിച്ചതിനേക്കാൾ എത്രയോ മടങ്ങാണ് ഈ നിഷ്‌കളങ്കമായ പ്രകടനം.'. വിഡിയോ പങ്കുവച്ച് ഉമ്മൻ ചാണ്ടി കുറിച്ചു. വിഡിയോ ടിവി സ്‌ക്രീനിൽ കണ്ട് ഉമ്മൻ ചാണ്ടി പൊട്ടിച്ചിരിക്കുന്നതും കാണാം.

ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ നിരവധിപ്പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ആ കൊച്ചു കുട്ടി നിഷ്‌കളങ്കമായി ചിരിക്കുമ്പോൾ അതിലേറെ നിഷ്‌കളങ്കമായി ഉമ്മൻ ചാണ്ടി ചിരിക്കുന്നു, കൊച്ചുകുട്ടികളുടെ മനസ്സിൽ പോലും ഇടംപിടിക്കുന്ന ജനകീയനായ നേതാവ് എന്നായിരുന്നു അന്ന് സൈബറിടത്തിലെ വിലയിരുത്തലുകൾ.

ഇന്ന് ഉമ്മൻ ചാണ്ടി വിട പറയുമ്പോൾ ആ പഴയ വീഡിയോ സൈബറിടങ്ങളിൽ വീണ്ടും വൈറലാണ്. കോൺഗ്രസ് ഗ്രൂപ്പുകൾ പങ്കുവെച്ചിട്ടുണ്ടുണ്ട് ഈ പഴയ വീഡിയോ. യൂത്ത് കോൺഗ്രസ് നേതാവ് രാഹൂൽ മാങ്കൂട്ടത്തിലും ഈ വിഡിയോ പങ്കുവെച്ചു. 'എന്തോരം ഇഷ്ടമാണ് സാറിനെ എല്ലാർക്കും' എന്നു പറഞ്ഞാണ് രാഹുൽ വീഡിയോ പോസ്റ്റു ചെയ്തത്. നിരവധി പേർ രാഹുൽ പങ്കുവെച്ച വീഡിയോയൽ കമന്റുകളുമായി എത്തി.