തിരുവനന്തപുരം : കേരള സർക്കാരിന്റെ ഓണംബമ്പർ ലോട്ടറി വിൽപന അവസനാ ലാപ്പിൽ അതിവേഗത്തിൽ. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുടെ ബംപർ നറുക്കെടുപ്പ് നാളെ. 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന, 500 രൂപ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 2നു നടക്കും. ഇതുവരെ 63.81 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ആകെ അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ബാക്കി 3.69 ലക്ഷം ടിക്കറ്റുകൾ ഇന്നു വിറ്റുതീരുമെന്നാണു വകുപ്പിന്റെ പ്രതീക്ഷ. 319 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. 12 കോടി രൂപ ഒന്നാം സമ്മാനമുണ്ടായിരുന്ന കഴിഞ്ഞ വർഷത്തെ ഓണം ബംപറിന്റെ 54 ലക്ഷം ടിക്കറ്റുകളാണു വിറ്റഴിച്ചത്. ഒന്നാം സമ്മാനമായി 10 കോടി രൂപ നൽകുന്ന, 250 രൂപ ടിക്കറ്റ് വിലയുള്ള പൂജാ ബംപർ നാളെ പുറത്തിറക്കും.

ഇക്കുറി ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കു ലഭിക്കും. ഏജൻസി കമ്മിഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാണ് സർക്കാരിന് യഥാർത്ഥവരുമാനം. ടിക്കറ്റ് വില 300രൂപയിൽ നിന്ന് 500രൂപയാക്കി കൂട്ടിയത് വിൽപനയെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും എന്നാൽ കേരളീയർ ഭാഗ്യം പരീക്ഷിക്കാൻ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് ഈ വില്പന. ഓണക്കാലത്ത് മാത്രം 33ലക്ഷം ടിക്കറ്റാണ് വിറ്റത്.

രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്ക് ലഭിക്കും. ഒന്നാം സമ്മാനം വിറ്റ ഏജന്റിനു രണ്ടര കോടിയാണ് കമ്മിഷനായി കിട്ടുക. ഈ വർഷം ഒരു ടിക്കറ്റിന് 96 രൂപയാണ് കമ്മിഷനായി കിട്ടുക. കഴിഞ്ഞ വർഷം 58 രൂപയായിരുന്നു. ഇത്തവണ ആകെ സമ്മാനത്തുക 72 കോടിയായി ഉയർത്തിയിട്ടുണ്ട്. ഈ വർഷം പത്താം സമ്മാനം വരെയുണ്ട്. അത്യാധുനിക പ്രിന്റിങ് സാങ്കേതിക വിദ്യയും തിരുവോണം ബമ്പറിന്റെ പ്രത്യേകതയാണ്. സുരക്ഷ പരിഗണിച്ച് വേരിയബിൾ ഡാറ്റ ടിക്കറ്റിൽ ഒന്നിലേറെ ഭാഗങ്ങളിൽ അച്ചടിച്ചിട്ടുണ്ട്. ഫ്ളൂറസെന്റ് മഷിയിൽ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റു കൂടിയാണു തിരുവോണം ബമ്പർ. കൃത്രിമം നടക്കുന്നുവെന്ന പരാതികൾ ഒഴിവാക്കാനാണ് ആധുനിക സംവിധാനങ്ങൾ ലോട്ടറി വകുപ്പ് ക്രമീകരിച്ചത്.

ടിക്കറ്റെടുക്കുന്നവരിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം എന്ന നിലയിൽ ആകെ നാല് ലക്ഷത്തോളം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഇത്തവണ വകുപ്പ് ഓണം ബമ്പർ ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് വാങ്ങിയാലുടൻ ടിക്കറ്റിന്റെ മറുവശത്ത് സ്വന്തം പേരും ഒപ്പും മേൽവിലാസവും രേഖപ്പെടുത്തണം. ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ ബാക്കി 9 പരമ്പരകളിലുള്ള അതേ നമ്പർ ടിക്കറ്റുകൾക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.1 മുതൽ 4 വരെ സമ്മാനാർഹമായ ടിക്കറ്റുകൾ, സമാശ്വാസ സമ്മാനാർഹമായ ടിക്കറ്റുകൾ എന്നിവയുടെ സമ്മാനത്തുകയിൽ നിന്ന് 10 ശതമാനം കിഴിവ് ചെയ്ത് പ്രസ്തുത ടിക്കറ്റുകൾ വിറ്റ ഏന്റിന് സമ്മാനമായി നൽകും.

5 മുതൽ 8 വരെ സമ്മാനാർഹമായ ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ പത്ത് ശതമാനം വീതം പ്രസ്തുത ടിക്കറ്റ് വിറ്റ ഏജന്റിന് സമ്മാനമായി സർക്കാർ ഫണ്ടിൽ നിന്ന് നൽകും.സമ്മാനാർഹർ നറുക്കെടുപ്പ് തിയതി മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റുകൾ നേരിട്ടോ ദേശോത്കൃത /ഷെഡ്യൂൾഡ്/ കേരള ബാങ്ക് വഴിയോ ആവശ്യമായ രേഖകൾ സഹിതം ഭാഗ്യക്കുറി ഓഫിസിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റണം. ലോട്ടറിയിൽ നിന്നുള്ള 5,000 രൂപ വരെ സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്.

5000 രൂപയ്ക്ക് മുകളിലാണ് നിങ്ങൾ അടിച്ച സമ്മാനത്തുകയെങ്കിൽ ലോട്ടറി ഓഫ്സുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി മാറ്റിയെടുക്കണം. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.

ബംപർ പോലെ കൂടുതൽ ടിക്കറ്റ് വിലയുള്ള ഭാഗ്യക്കുറികൾ പങ്കിട്ടു വാങ്ങുന്നവരുണ്ട്. എന്നാൽ ടിക്കറ്റിനു പിന്നിൽ പേരെഴുതി ഒപ്പിടുന്നയാൾ ആരോ, അയാൾക്കു സമ്മാനത്തുകയിൽ അവകാശവാദമുന്നയിക്കാമെന്നു ലോട്ടറി വകുപ്പ് പറയുന്നു. ഒന്നിലധികം പേർ ചേർന്നാണു ടിക്കറ്റ് എടുക്കുന്നതെങ്കിൽ എല്ലാവർക്കും പേരെഴുതി ഒപ്പിടാം. സമ്മാനമടിച്ചാൽ സമ്മാനത്തുകയിൽ അവകാശവാദമുന്നയിച്ചു ലോട്ടറി ഡയറക്ടർക്ക് അപേക്ഷ നൽകി, ഒറിജിനൽ ടിക്കറ്റ് ബാങ്ക് മുഖേനയോ, നേരിട്ടോ സമർപ്പിക്കണം.

ടിക്കറ്റിനു പിന്നിൽ ഒപ്പിട്ടവരിൽ ഒരാളുടെ അക്കൗണ്ടിലേക്കാണോ, നിശ്ചിത തുക വീതം എല്ലാവരുടെയും അക്കൗണ്ടിലേക്കാണോ നിക്ഷേപിക്കേണ്ടതെന്ന് അപേക്ഷയിൽ രേഖപ്പെടുത്തണം. ഈ അപേക്ഷ പ്രകാരമാണു തുക അനുവദിക്കുക. ഒരാളുടെ അക്കൗണ്ടിലേക്കു വാങ്ങി പിന്നീട് പങ്കിട്ടെടുക്കുന്നവരും, ജോയിന്റ് അക്കൗണ്ടിലേക്കു വാങ്ങുന്നവരും, പല അക്കൗണ്ടുകളിലേക്കു വാങ്ങുന്നവരുമുണ്ട്.

ഇതിനെല്ലാമുള്ള സൗകര്യം ലോട്ടറി വകുപ്പിന്റെ സോഫ്റ്റ്‌വെയറിലുണ്ട്. 25 കോടി രൂപ സമ്മാനത്തുകയുള്ള ഓണം ബംപറാണ് ഇത്തവണത്തേത്. ഒട്ടേറെപ്പേർ പങ്കിട്ടാണു ടിക്കറ്റ് എടുത്തിരിക്കുന്നത്.