- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണം ബംബർ ഭാഗ്യവാനെ കണ്ടെത്തി; 25 കോടിയുടെ ലോട്ടറി അടിച്ചത് ശ്രീവരാഹം സ്വദേശി അനൂപിന്; പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്ന് ഓട്ടോഡ്രൈവറായ അനൂപ് ടിക്കറ്റെടുത്തത് ഇന്നലെ രാത്രി എട്ടിന്; പിതൃസഹോദരിയുടെ മകൾ സുജയയുടെ പക്കൽ നിന്നെടുത്ത ടിക്കറ്റ് ഭാഗ്യം കൊണ്ടു വന്നു
തിരുവനന്തപുരം: 25 കോടിയുടെ ഓണം ബംബർ അടിച്ചത് ശ്രീവരാഹം സ്വദേശി അനൂപിന്. 30 വയസ്സുള്ള അനൂപ് ഓട്ടോറിക്ഷാ തൊഴിലാളിയാണ്്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജൻസിയിൽനിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്. അനൂപിന്റെ പിതൃസഹോദരിയുടെ മകൾ സുജയ പഴവങ്ങാടി ഭഗവതി ഏജൻസിയിലെ ജീവനക്കാരിയാണ്. സഹോദരിയിൽ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അനൂപ് ടിക്കറ്റെടുത്തത്. അനൂപിന്റെ വട്ടിൽ ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്.
തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടിയിൽ വിറ്റ ടിക്കറ്റാണിത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണു പഴവങ്ങാടിയിൽ ടിക്കറ്റ് കൊടുത്തത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും.
തിരുവനന്തപുരം ഗോർഖി ഭവനിൽ, ഞായറാഴ്ച ഉച്ചയ്ക്ക് 2നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഓണം ബംപർ നറുക്കെടുത്തത്. TG 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 5 കോടി രൂപ. കോട്ടയം മീനാക്ഷി ഏജൻസിയുടെ പാലായിലുള്ള ബ്രാഞ്ചിൽനിന്നാണ് ഈ ടിക്കറ്റ് വിറ്റത്. പാലായിൽ ലോട്ടറി വിൽപന നടത്തുന്ന പാപ്പച്ചൻ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്നാണ് വിവരം.
മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കു ലഭിക്കും. TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നീ ടിക്കറ്റുകൾക്കാണു മൂന്നാം സമ്മാനം. ഇതിൽ TD 545669 എന്ന ടിക്കറ്റും വിറ്റത് കോട്ടയത്തുനിന്നാണ്. ഭാഗ്യലക്ഷി ലക്കി സെന്റ്റിൽനിന്നാണ് ടിക്കറ്റ് വിറ്റത്.
അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റുപോയി. 500 രൂപയായിരുന്നു വില. ടിക്കറ്റ് വിൽപനയിൽ ഏറ്റവും മുന്നിൽ പാലക്കാട് ജില്ലയാണ്. പാലക്കാട് മാത്രം 10 ലക്ഷം ടിക്കറ്റുകളാണു വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്. തൃശൂരിൽ 8,79,200 ടിക്കറ്റുകളാണ് വിറ്റത്. ടിക്കറ്റ് നിരക്ക് കൂട്ടി 500 രൂപയാക്കിയിട്ടും ടിക്കറ്റ് വിൽപന കഴിഞ്ഞ വർഷത്തെ കണക്കുകൾ മറികടന്നു. 10 സീരീസുകളിലാണു ടിക്കറ്റുകൾ പുറത്തിറക്കിയത്. ജൂലൈ 18 മുതലായിരുന്നു വിൽപന.
ജൂലൈ 18 മുതലാണ് ബമ്പർ ടിക്കറ്റിന്റെ വില്പന തുടങ്ങിയത്. ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം അഞ്ച് കോടി രൂപയാണ്. പത്ത് പേർക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനവും പത്ത് വരെയുള്ള ആകർഷകമായ സമ്മാനങ്ങളും തിരുവോണം ബമ്പറിലുണ്ട്. ഫ്ളൂറസെന്റ് മഷിയിൽ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ തിരുവോണം ബമ്പർ. സുരക്ഷ പരിഗണിച്ച് വേരിയബിൾ ഡാറ്റ ടിക്കറ്റിൽ ഒന്നിലേറെ ഭാഗങ്ങളിൽ ചേർത്തിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റായ keralalotteries.comൽ ഫലം പ്രസിദ്ധീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ