തുറവൂര്‍: ജീവിതത്തില്‍ ആദ്യമായി എടുത്ത ബമ്പര്‍ ടിക്കറ്റിനു തന്നെ ഒന്നാം സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് തുറവൂര്‍ സ്വദേശി ശരത് എസ്. നായരും കുടുംബവും. സമ്മാനം കിട്ടിയെന്ന് മനസിലായപ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും ഒന്നുകൂടി ഉറപ്പിച്ചിട്ട് എല്ലാവരോടും പറയാമെന്നാണ് കരുതിയതെന്നും ശരത് വ്യക്തമാക്കി. നെട്ടൂര്‍ നിപ്പോണ്‍ പെയിന്റ്സ് ജീവനക്കാരനായ ശരത്, ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയാണ് കടയില്‍ നിന്ന് ടിക്കറ്റ് എടുത്തത്. തുറവൂര്‍ തൈക്കാട്ടുശേരി എസ്ബിഐ ശാഖയില്‍ ടിക്കറ്റ് ഹാജരാക്കിയെന്നും ശരത് പ്രതികരിച്ചു.

സമ്മാനം കിട്ടിയെന്ന് മനസിലായപ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും ഒന്നുകൂടി ഉറപ്പിച്ചിട്ട് എല്ലാവരോടും പറയാമെന്നാണ് കരുതിയതെന്നും ശരത് വ്യക്തമാക്കി. ഫോണില്‍ ലോട്ടറിയുടെ ഫോട്ടോ എടുത്തുവെച്ചിരുന്നു. ഫലം വന്നപ്പോള്‍ ഫോണില്‍ ടിക്കറ്റിന്റെ ചിത്രം നോക്കി സമ്മാനം കിട്ടിയെന്ന് ഉറപ്പിച്ചു. ആദ്യം അത് വിശ്വസിക്കാന്‍ സാധിച്ചില്ല. അതിനു ശേഷം വീട്ടില്‍ പോയി രണ്ടുമൂന്ന് തവണ ഒന്നുകൂടി പരിശോധിച്ചു. ആദ്യം സഹോദരനോടാണ് പറഞ്ഞത്. വിവരം അറിഞ്ഞ് വീട്ടില്‍ എല്ലാവരും സന്തോഷത്തിലാണെന്നും ശരത് പറഞ്ഞു. 12 വര്‍ഷത്തോളമായി നെട്ടൂരിലാണ് ഇദ്ദേഹം ജോലിചെയ്യുന്നത്.

നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി. ലതീഷാണ് ടിക്കറ്റ് വിറ്റത്. ബംപര്‍ അടിച്ച നമ്പര്‍ ഉള്ള മറ്റ് സീരീസുകളിലെ ഒമ്പതു ടിക്കറ്റുകളും ലതീഷ് വഴിയാണു വിറ്റത്. ഇവയ്ക്ക് അഞ്ചു ലക്ഷം രൂപവീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരം ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സീസിന്റെ വൈറ്റില ശാഖയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് വാങ്ങിയത്.

ഓണം ബംപര്‍ നറുക്കെടുത്ത ദിവസവും ശരത് എസ്.നായര്‍ പതിവു പോലെ നെട്ടൂരിലുള്ള പെയിന്റ് സ്ഥാപനത്തില്‍ ജോലിക്കു പോയിരുന്നു. നറുക്കെടുപ്പ് കഴിഞ്ഞയുടന്‍ ഫോണിലുണ്ടായിരുന്ന ടിക്കറ്റിന്റെ ഫോട്ടോയില്‍ നോക്കിയ ശരത് ഞെട്ടി. പക്ഷേ ഒന്നും പുറത്തുകാണിച്ചില്ല. ഒന്നാം സമ്മാനം കിട്ടിയ ടിക്കറ്റ് തന്റെ കയ്യിലുള്ളതു തന്നെയെന്ന് ഉറപ്പിച്ചു. പിന്നാലെ ആലപ്പുഴ തുറവൂരിലെ വീട്ടിലുള്ള ഭാര്യയെ വിളിച്ച് ടിക്കറ്റ് നോക്കി നമ്പര്‍ ഒന്നുകൂടി ഉറപ്പിക്കാന്‍ പറയുന്നു. അതോടെ, വീട്ടില്‍ എത്തേണ്ട അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് പെയിന്റ് സ്ഥാപനത്തില്‍ നിന്ന് ഇറങ്ങി.

സമ്മാനം അടിച്ച കാര്യം ജോലി സ്ഥലത്തും ആരോടും പറഞ്ഞില്ല. വീട്ടിലെത്തിയ പാടേ ടിക്കറ്റെടുത്ത് വീണ്ടും പരിശോധന. സീരിയല്‍ നമ്പരും അക്കങ്ങളുമൊക്കെ വീണ്ടും പരിശോധിച്ച് ഉറപ്പാക്കല്‍. പിന്നെ ഇളയ സഹോദരനെ വിളിച്ചു കാര്യം പറഞ്ഞു. അച്ഛനും അമ്മയും സഹോദരനും ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം ഹാപ്പി. ഇന്ന് ഉച്ചയോടെ തുറവൂര്‍ ആലയ്ക്കാപറമ്പ് എസ്ബിഐ ശാഖയില്‍ ശരത് എസ്.നായരും അനുജന്‍ രഞ്ജിത്തും ചേര്‍ന്ന് സമ്മാനര്‍ഹമായ TH 577825 എന്ന ടിക്കറ്റ് ബാങ്ക് മാനേജര്‍ക്ക് കൈമാറി.

എസ്ബിഐ മണിയാത്യങ്കില്‍ അക്കൗണ്ടുള്ള ശരത് എസ്.നായര്‍ ബാങ്കിന്റെ ശാഖ തുറവൂരിലേക്ക് മാറ്റിയതോടെ തുറവൂരിലെ ബ്രാഞ്ചില്‍ ടിക്കറ്റു സമര്‍പ്പിക്കുകയായിരുന്നു. തല്‍ക്കാലം ആരോടും പറയേണ്ടെന്ന് തീരുമാനിച്ചു. ''ചെറിയ തുകയുടെ ലോട്ടറി ഒക്കെ എടുത്തിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ബംപര്‍ എടുക്കുന്നത്. ഫോണില്‍ ലോട്ടറിയുടെ ചിത്രമെടുത്തു വച്ചിരുന്നു. ബംപര്‍ ഫലം വന്നപ്പോള്‍ ഫോണില്‍ നോക്കി. വിശ്വസിക്കാന്‍ പറ്റിയില്ല. പിന്നീട് വീട്ടില്‍ പോയും രണ്ടു മൂന്നു തവണ നോക്കി. സീരിയല്‍ നമ്പര്‍ ഒക്കെ ഉള്ളതുകൊണ്ട് തെറ്റു വരാന്‍ പാടില്ലല്ലോ'', ശരത് പറയുന്നു.

ലോട്ടറി അടിച്ച പണം കൊണ്ട് എന്തു ചെയ്യും എന്ന ചോദ്യത്തോട് വളരെ ലളിതമായി, എന്നാല്‍ പക്വതയോടെയുള്ള മറുപടി. ''ആലോചിച്ചു ചെയ്യാം എന്നു തീരുമാനിക്കുന്നു. വീടുണ്ട്. അത് വച്ചതിന്റെ കുറച്ചു കടങ്ങള്‍ വീട്ടാനുണ്ട്'', ശരത് പറയുന്നു. ബംപറടിച്ച കാര്യം ശരത് പറഞ്ഞിട്ടു പോകാത്തതില്‍ ചെറിയ വിഷമമുണ്ടെങ്കിലും തങ്ങളുടെ സുഹൃത്തിന് ഇത്തരമൊരു ഭാഗ്യം ലഭിച്ചതില്‍ സഹപ്രവര്‍ത്തകരും സന്തോഷത്തിലാണ്. 12 വര്‍ഷമായി നിപ്പോണ്‍ പെയിന്റ്‌സ് എന്ന സ്ഥാപനത്തില്‍ ശരത് ജോലി ചെയ്യുന്നു.

ടിക്കറ്റ് വിറ്റ ലോട്ടറി നെട്ടൂരിലെ ഏജന്റ് എം.ടി.ലതീഷിനെ പരിചയമില്ലെന്നും ശരത് പറയുന്നു. ജോലി ചെയ്യുന്നിടത്തേക്കു പോകുന്ന വഴി ടിക്കറ്റ് എടുക്കുകയായിരുന്നു. ബംപര്‍ അടിച്ച നമ്പര്‍ ഉള്ള മറ്റ് സീരീസുകളിലെ 9 ടിക്കറ്റുകളും ലതീഷാണ് വിറ്റത്. ഇവയ്ക്ക് അഞ്ചു ലക്ഷം രൂപവീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരം ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സീസിന്റെ വൈറ്റില ശാഖയില്‍ നിന്ന് ലതീഷ് എടുത്ത 800 ടിക്കറ്റിലൊന്ന് ശരത് എസ്.നായര്‍ക്ക് ഭാഗ്യം കൊണ്ടുവന്നത്.

ശരത് ലോട്ടറി എടുത്ത അതേ ഏജന്‍സിയില്‍ നിന്നു ടിക്കറ്റെടുത്ത എരമല്ലൂരിലെ മത്സ്യ സംസ്‌കരണ ശാലയില്‍ ജോലി നോക്കുന്ന സ്ത്രീക്കാണ് സമ്മാനം കിട്ടിയതെന്നാണ് ഏജന്‍സിയില്‍ നിന്നാദ്യം ലഭിച്ച വിവരം. ഇതേ തുടര്‍ന്ന് ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനോട് ചേര്‍ന്നുള്ള ബാങ്കുകളിലായിരിക്കും ടിക്കറ്റ് സമര്‍പ്പിക്കുമെന്ന് കരുതി രാവിലെ മുതല്‍ അരൂരിലുള്ള പ്രമുഖ ബാങ്കുകളില്‍ മാധ്യമ സംഘം നിലയുറപ്പിച്ചിരുന്നു. എന്നാല്‍ ഉച്ചയോടെ പലരും മടങ്ങാനിരിക്കെ അപ്രതീക്ഷിതമായ തുറവൂരിലെ ശാഖയില്‍ ടിക്കറ്റുമായി ശരത് എസ്.നായരും സഹോദരനും എത്തുകയായിരുന്നു.