- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്രാടത്തിനെത്തിയിട്ടും കിറ്റു കിട്ടിയില്ലേ? കിറ്റുകിട്ടാൻ 'സത്യപ്രസ്താവന' നൽകണമെന്ന് സർക്കാർ; സെപ്റ്റംബർ ഏഴിന് രാത്രി എട്ടിനകം റേഷൻകടകളിലെത്തി ആവശ്യപ്പെട്ടിട്ടും കിറ്റ് ലഭിച്ചില്ലെന്ന് പ്രസ്താവന നൽകണം; പ്രസ്താവന ലഭിച്ചാൽ എന്തുനടപടിയാണ് സ്വീകരിക്കേണ്ടതെന്നറിയാതെ ഉദ്യോഗസ്ഥരും
കോഴിക്കോട്: കിറ്റ് വിതരണത്തെക്കുറിച്ച് അഭിപ്രായങ്ങൾ പലതുണ്ടെങ്കിലും അർഹതപ്പെട്ടവർക്ക് കിറ്റ് ലഭിച്ചില്ലെങ്കിൽ അത് വഴിവെക്കുന്നത് വൻ വിവാദത്തിന് തന്നെയാണ്. സംസ്ഥാന സർക്കാരിന്റെ ഓണം കിറ്റ് ലഭിക്കാത്തവർ നിരവധിയുണ്ടെന്നാണ് വിതരണത്തിന് പിന്നാലെ പുറത്ത് വന്ന വിവരം.ഉത്രാടദിനത്തോടെ വിതരണം അവസാനിപ്പിച്ചതോടെ ലഭിക്കാത്തവർ ഇനി എന്തുചെയ്യണമെന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി ലഭിക്കാത്തത് വിവാദത്തിന് വഴിവെച്ചിരുന്നു.
ഈ സാഹചര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സർക്കാർ. ഉത്രാടദിനത്തിൽ രാത്രി എട്ടിനകം റേഷൻകടകളിലെത്തിയിട്ടും കിറ്റ് കിട്ടാതെ മടങ്ങിയവർക്ക് അത് ലഭ്യമാക്കാൻ 'സത്യപ്രസ്താവന' നൽകണമെന്നാണ് സർക്കാർ നിർദ്ദേശം.രാത്രി എട്ടിനകം കടകളിലെത്തിയിട്ടും കിറ്റ് കിട്ടാത്തവരാണെന്ന് റേഷനിങ് ഇൻസ്‌പെക്ടർ, താലൂക്ക് സപ്ലൈഓഫീസർ, ജില്ലാ സപ്ലൈഓഫീസർ എന്നിവർ ഉറപ്പാക്കി ഒപ്പിട്ടുനൽകാനുള്ള ഒരു സത്യപ്രസ്താവനയാണ് സർക്കാർ പുറത്തിറക്കിയത്.
ഉത്രാടദിനത്തിൽ രാത്രി എട്ടിനകം റേഷൻകടകളിലെത്തിയിട്ടും കിറ്റ് കിട്ടാതെ മടങ്ങിപ്പോയവരുടെ പേര്, ഫോൺനമ്പർ, കാർഡ്‌നമ്പർ എന്നിവ കടയുടമകൾ എഴുതിവെക്കണമെന്ന് മന്ത്രി ജി.ആർ. അനിൽ പത്രസമ്മേളനത്തിൽ നിർദ്ദേശിച്ചിരുന്നു. ഇങ്ങനെ മടങ്ങിയവർക്ക് കിറ്റെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണിപ്പോൾ സത്യപ്രസ്താവനയിറക്കിയിരിക്കുന്നത് എന്നാണറിയുന്നത്.
'' ....എന്ന വ്യക്തി സർക്കാർ നിർദ്ദേശ പ്രകാരം നൽകുന്ന ഓണക്കിറ്റ് സെപ്റ്റംബർ ഏഴിന് രാത്രി എട്ടിനകം റേഷൻകടകളിലെത്തി ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും എന്നാൽ, കിറ്റ് നൽകാൻ കഴിയാത്തതിനാൽ ആയതിനുള്ള ടോക്കൺ നൽകിയിട്ടുള്ള വിഭാഗത്തിൽപ്പെട്ട വ്യക്തിയുമാണെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു'' എന്നാണ് സത്യപ്രസ്താവനയിലുള്ളത്. ഇതിനുതാഴെ റേഷനിങ് ഇൻസ്‌പെക്ടർ, താലൂക്ക് സപ്ലൈഓഫീസർ, ജില്ലാ സപ്ലൈഓഫീസർ എന്നിവർ ഒപ്പിടുകയും ചെയ്യണം.
എന്നാൽ നിർദ്ദേശം വന്നതോടെ തലവേദന ഉദ്യോഗസ്ഥർക്കാണ്.കാരണം ഇതിനുശേഷം ഇവർക്ക് കിറ്റെത്തിക്കാൻ എന്തുനടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഇപ്പോഴും ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടില്ല. സത്യപ്രസ്താവന മാത്രമാണ് ചൊവ്വാഴ്ച ഉദ്യോഗസ്ഥർക്ക് ലഭിച്ചത് ഇത്തരത്തിൽ കിറ്റ് ലഭിക്കാത്തവരുടെ എണ്ണം കണക്കാക്കാനാണ് സർക്കാർ ആദ്യം ഉദ്ദേശിക്കുന്നത് എന്നാണറിയുന്നത്.
മറുനാടന് മലയാളി ബ്യൂറോ