- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ സമ്മതം അറിയിച്ചാൽ 250 കോടിയുടെ പ്രത്യേക പാക്കേജ്; അല്ലാത്ത പക്ഷം അധിക ബാധ്യതയൊന്നും സർക്കാർ ഏറ്റെടുക്കില്ല; ഓണം അഡ്വാൻസ് നീക്കത്തെ കെടിഡിഎഫ് സി എതിർത്തതും സർക്കാർ തീരുമാന പ്രകാരം; ഓണത്തിന് കെ എസ് ആർ ടി സി ജീവനക്കാരുടെ വീടുകളിൽ അടുപ്പെരിയുമോ? പിണറായിയുടെ ചർച്ച നിർണ്ണായകം
തിരുവനന്തപുരം: ഓണക്കാലത്ത് നിത്യച്ചെലവുകൾക്കു പോലും പണമില്ലാതെ ഹൃദയവേദനയോടെ സംസ്ഥാനത്തെ കാൽ ലക്ഷം കെഎസ്ആർടിസി ജീവനക്കാരും അവരുടെ കുടുംബങ്ങളും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ ചേരുന്ന യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. സിംഗിൾ ഡ്യൂട്ടി അംഗീകരിച്ചാൽ കെഎസ്ആർടിസിക്ക് രക്ഷാ പാക്കേജായി 250 കോടി അനുവദിച്ചേക്കാം. ഇത് യൂണിയൻ നേതാക്കൾക്ക് മുമ്പിൽ മുഖ്യമന്ത്രി നേരിട്ട് അവതരിപ്പിച്ചേക്കും. സിഐടിയുവിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം അംഗീകരിക്കേണ്ടി വരും. മറ്റ് യൂണിയനുകളുടെ നിലപാട് നിർണ്ണായകമാകും. ഇതു സംബന്ധിച്ച് നേരത്തേ 3 തവണ ചർച്ച നടന്നെങ്കിലും തീരുമാനമായില്ല.
പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടിയെന്നത് കെ എസ് ആർ ടി സിയുടെ നിലനിൽപ്പിന് അനിവാര്യമാണ്. തിരിക്കില്ലാ സമയത്ത് ബസ് സർവ്വീസ് കുറച്ച് തിരക്കുള്ള സമയത്ത് പരമാവധി ജീവനക്കാരെ ഒരുക്കാൻ വേണ്ടിയാണ് ഇത്. 12 മണിക്കൂർ ഡ്യൂട്ടിയിൽ നാലു മണിക്കോറോളം ജീവനക്കാർക്ക് വിശ്രമവും കിട്ടും. എന്നാൽ ഇതിനെ യൂണിയനുകൾ എതിർത്തു. ഇതോടെയാണ് കെ എസ് ആർ ടി സിയിൽ സർക്കാർ നിലപാട് കടുപ്പിച്ചത്. ഓണക്കാലത്ത് പണം നൽകാതെ സമ്മർദ്ദം ശക്തമാക്കുകയാണ് സർക്കാരെന്ന വിലയിരുത്തലും സജീവമാണ്. കെ എസ് ആർ ടി സിയെ രക്ഷിച്ചെടുക്കാൻ ജീവനക്കാർ വിട്ടു വീഴ്ച ചെയ്താൽ മാത്രം ശമ്പളത്തിന് സഹായം എന്നതാണ് സർക്കാർ നിലപാട്.
ജീവനക്കാർക്കെല്ലാം 20,000 രൂപ വീതം ഓണം അഡ്വാൻസ് നൽകാനുള്ള ശ്രമവും നടക്കുമെന്ന് ഉറപ്പില്ല. കെടിഡിഎഫ്‌സിയുടെ (കേരള ട്രാൻസ്‌പോർട് ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ) എതിർപ്പു മൂലം തടസ്സപ്പെട്ടു. ഓണം അഡ്വാൻസ് വിതരണത്തിനായി 75 കോടി രൂപ നൽകാമെന്ന് എസ്‌ബിഐ സമ്മതിച്ചിരുന്നു. തുടർന്ന്, കെ എസ്ആർടിസിക്കു വായ്പ നൽകിയ എല്ലാ ബാങ്കുകളോടും സ്ഥാപനങ്ങളോടും എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ടു. സർക്കാർ സ്ഥാപനമായ കെടിഡിഎഫ്‌സി മാത്രം എതിർത്തു. ഇത് കിട്ടിയാൽ മാത്രമേ എസ് ബി ഐയിൽ നിന്ന് പണം കിട്ടൂ. ഗതാഗത വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് കെടിഡിഎഫ് സി എന്നതും ശ്രദ്ധേയമാണ്.
സിംഗിൾ ഡ്യൂട്ടിയിൽ ജീവനക്കാരുടെ സംഘടനയുടെ കടുംപിടിത്തമാണ് ഇതിനെല്ലാം കാരണമെന്ന വിലയിരുത്തലുമുണ്ട്. സമരത്തിലേക്ക് നീങ്ങിയാൽ കെ എസ് ആർ ടി സി പൂർണ്ണ പ്രതിസന്ധിയിലാകും. അടച്ചു പൂട്ടലിന്റെ അവസ്ഥയിലേക്കും വരും. ഇതെല്ലാം ജീവനക്കാരെ സർക്കാർ അറിയിക്കും. സ്ഥാപനത്തെ രക്ഷപ്പെടുത്താനുള്ള നീക്കത്തിൽ പിന്തുണയും ആവശ്യപ്പെടും. അല്ലാത്ത പക്ഷം എല്ലാ മാസവും സർക്കാരിന് ശമ്പള ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന നിലപാടാണുള്ളത്.
2 മാസത്തെ ശമ്പളക്കുടിശിക ഓണത്തിന് കിട്ടുമെന്നായിരുന്നു ജീവനക്കാരുടെ പ്രതീക്ഷ. സർക്കാർ അനുവദിച്ച 50 കോടിയും കയ്യിലുള്ള 10 കോടിയും ചേർത്ത് കുടിശികത്തുകയുടെ മൂന്നിലൊന്ന് നൽകാനാണ് ഇപ്പോൾ കെഎസ്ആർടിസിയുടെ തീരുമാനം. ഇത് ഒരു മാസത്തെ ശമ്പളത്തിന്റെ 70% വരും. നാളെ വിതരണം തുടങ്ങും. അതുകൊണ്ട് ജീവനക്കാർക്ക് ഒന്നും ആകില്ല. മാസങ്ങളുടെ ചെലവ് കടവും പല കുടുംബങ്ങളേയും പ്രതിസന്ധിയിലാക്കുന്നു. കൃത്യമായി ശമ്പളം നൽകിയിരുന്ന ടോമിൻ തച്ചങ്കരിയെ കെ എസ് ആർ ടി സിയിൽ നിന്ന് പുകച്ച് പുറത്തു ചാടിച്ചത് യൂണിയനുകളാണ്. അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് ജീവനക്കാർ തിരിച്ചറിയുന്നുണ്ട്.
ഓണ ആവശ്യങ്ങൾ നിറവേറ്റാൻ തൽക്കാലം സിവിൽ സപ്ലൈസ് കോർപറേഷന്റെ 5000 രൂപയുടെ കൂപ്പൺ നൽകാമെന്ന് കോർപറേഷൻ അറിയിച്ചു. ഇതിനു പുറമേ കൺസ്യൂമർഫെഡ് (5000 രൂപ), ഹോർട്ടികോർപ് (2000 രൂപ), ഹാൻവീവ്, ഹാൻടെക്‌സ് (2500 രൂപ വീതം) എന്നിവയിൽ നിന്നു സാധനങ്ങൾ വാങ്ങാനും സൗകര്യമൊരുക്കും. ഈ തുക പിന്നീട് ശമ്പളക്കുടിശിക നൽകുമ്പോൾ കുറവു ചെയ്യും. ഇങ്ങനെ വിചിത്രമായ തീരുമാനങ്ങൾ നടപ്പാക്കാനാണ് ശ്രമം. ഹൈക്കോടതിയുടെ കൂടെ നിർദ്ദേശം പരിഗണിച്ചാണ് ഇതെല്ലാം.
എന്നാൽ, കൂപ്പൺ സൗകര്യം സ്വീകരിക്കില്ലെന്നും ശമ്പളക്കുടിശിക തന്നെ വേണമെന്നുമുള്ള നിലപാടിലാണ് ഭരണ പക്ഷത്തുള്ളവയടക്കം ജീവനക്കാരുടെ എല്ലാ സംഘടനകളും. വേതനത്തിനു പകരം ഭക്ഷണക്കൂപ്പൺ നൽകുന്നത് ജീവനക്കാരെ അധിക്ഷേപിക്കുന്നതിനു തുല്യമാണെന്നു സിപിഐ സംഘടനയായ ജോയിന്റ് കൗൺസിൽ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ