- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഓണക്കാലത്തെ മദ്യവിൽപ്പന ഇക്കുറിയും പൊടിപൊടിച്ചു; എട്ടുദിവസത്തിനിടെ വിറ്റത് 665 കോടിയുടെ മദ്യം; കഴിഞ്ഞ വർഷത്തേക്കാൾ 41 കോടിയുടെ അധിക വരുമാനം; ഏറ്റവും കൂടുതൽ മദ്യവിൽപ്പന ഇരിങ്ങാലക്കുടിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപ്പന. ഉത്രാടം വരെയുള്ള എട്ടുദിവസത്തിനിടെ ബെവ്കോ വഴി 665 കോടി രൂപയുടെ മദ്യമാണ് വിറ്റത്. മുൻവർഷം സമാന കാലയളവിൽ ഇത് 624 കോടിയായിരുന്നു. 41 കോടിയുടെ അധിക വരുമാനമാണ് ഇത്തവണ ഉണ്ടായത്. മദ്യത്തിന്റെ വില വർധിപ്പിച്ചതിന് ശേഷമുള്ള ആദ്യ ഓണമാണിത്. ഉത്രാട ദിനത്തിൽ മാത്രം 116 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവർഷം ഇതേദിവസം വിറ്റതിനേക്കാൾ നാലുകോടിയുടെ മദ്യം അധികമായി വിറ്റു. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്.
ഇനി ഓണക്കാലവുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ കണക്കുകൾ കൂടി പുറത്തുവരാനുണ്ട്. ഇതും കൂടി ലഭിക്കുന്നതോടെ, വിൽപ്പന 770 കോടിയാവുമെന്നാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം ഓണക്കാലത്തെ പത്തുദിവസം കൊണ്ട് 700 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.
ഏറ്റവും കുറച്ച് വിൽപ്പന നടന്നത് ഇടുക്കിയിലെ ചിന്നക്കനാലിലുള്ള ഔട്ട്ലെറ്റിലാണ്. 6.31 ലക്ഷത്തിന്റെ വിൽപ്പന മാത്രമാണ് ഇവിടെ നടന്നത്. കൊല്ലം ആശ്രാമത്തുള്ള ഔട്ട്ലെറ്റ് 1.1 കോടിയുടെ മദ്യമാണ് വിറ്റത്. ഇവരാണ് മദ്യവിൽപ്പനയിൽ രണ്ടാമതുള്ളത്. അതേസമയം ചങങാനശ്ശേരിയിൽ 95 ലക്ഷത്തിന്റെ മദ്യമാണ് വിറ്റത്. മദ്യവിൽപ്പന ഇനിയും ഉയരുമെന്നാണ് ബെവ്കോ വ്യക്തമാക്കിയത്.
അതേസമയം കേരളത്തിൽ ഉത്സവ സീസണുകളിൽ എല്ലാ കാലത്തും റെക്കോർഡ് മദ്യവിൽപ്പനയാണ് നടക്കാറുള്ളത്. സംസ്ഥാനത്ത് മദ്യവിൽപ്പന വർധിച്ച് വരുന്നതായി നേരത്തെ തന്നെ കണക്കുകളിൽ വ്യക്തമായിരുന്നു. ഇതിന് സമാനമാണ് നാട്ടിലെ മദ്യപാനം റെക്കോർഡ് വേഗത്തിൽ ഓണക്കാലത്ത് ഉയർന്നിരിക്കുന്നത്.
നേരത്തെ ഓണക്കാലത്ത് മദ്യക്കച്ചവടം പൊടിപൊടിക്കാൻ ഒരു പിടി നിർദ്ദേശങ്ങളുമായി ബെവ്‌കോ രംഗത്തുവന്നിരുന്നു. ജനപ്രിയ ബ്രാന്റുകൾ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ഒപ്പം ബ്രാന്റ് നിർബന്ധം ഇല്ലാത്തവർക്ക് ജവാൻ തന്നെ നൽകണമെന്നും എംഡി പ്രത്യേകം നിർദ്ദേശിക്കുന്നു. നിർദ്ദേശങ്ങൾ ലംഘിച്ച് നഷ്ടം വരുത്തുന്ന ജീവനക്കാർക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ലെന്നും മുന്നറിയിപ്പു നൽകിയിരുന്നു. മദ്യം വാങ്ങാൻ ഔട്‌ലെറ്റിലെത്തുന്നവർക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നാണ് വെയ്‌ർഹൗസ് -ഔട്ട് ലെററ് മാനേജർമാർക്കുള്ള നിർദ്ദേശം.
ജനപ്രിയ ബ്രാന്റുകളടക്കം ആവശ്യമുള്ള മദ്യം വെയർഹൗസിൽ നിന്നും കരുതണം. സ്റ്റോക്ക് ഉപഭോക്താക്കൾ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം. പ്രത്യേകിച്ചൊരു ബ്രാന്റും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കിൽ സർക്കാരിന്റെ സ്വന്തം ബ്രാന്റായ ജവാൻ റം നൽകണം. ഡിജിറ്റൽ പണം ഇടപാട് പ്രോത്സാഹിപ്പിക്കാൻ പ്രത്യേക കരുതൽ വേണമെന്നും നിർദ്ദേശമുണ്ട്. ഡിജിറ്റൽ ഇടപാടിൽ മുന്നിൽ വരുന്ന മൂന്ന് ഔട്ട് ലൈറ്റുകൾക്ക് അവാർഡ് നൽകും.
തിക്കിത്തിരക്കും നീണ്ട ക്യൂവും ഒഴിവാക്കി ഔട്ട് ലെററുകൾ വൃത്തിയായി സൂക്ഷിക്കണം. വിൽപ്പന കൂടുതലുള്ള ഓണം സീസണിൽ ജീവനക്കാർ അവധിയെടുക്കാൻ പാടില്ല. ബാങ്ക് അവധിയായ ദിവസങ്ങളിൽ പ്രതിദിന കളക്ഷൻ മൂന്നു മണിക്കു മുമ്പ് വെയ്‌ർ ഹൗസുകളിൽ എത്തിക്കണം. നിർദ്ദേശങ്ങൾ തെറ്റിക്കുന്ന ഉദ്യോഗസ്ഥർക്ക് ബോണസുണ്ടാവില്ല. വിൽപ്പനയില്ലാതെ ഔട്ട് ലെറ്റുകളിൽ ഏതെങ്കിലും ബ്രാന്റ് കെട്ടികിടക്കുന്നുണ്ടെങ്കിൽ, വിൽപ്ന തീയതി കഴിഞ്ഞവയല്ലെങ്കിൽ ശാസ്ത്രീയ പരിശോധന നടത്തി മാത്രമേ വിൽക്കാൻ പാടുള്ളുവെന്നുമായിരുന്നു നിർദ്ദേശം.




