- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
512 കിലോ ഉള്ളി വിറ്റ കർഷകന് കിട്ടിയത് 2 രൂപ! ഉള്ളിവിലയുടെ ഇടിവ് കർഷകരെ കരയിക്കുന്നു; വിലയിടിവിൽ പ്രതിഷേധിച്ച് ഒന്നരയേക്കർ പാടം കത്തിച്ച് കർഷകൻ; ചോര കൊണ്ട് മുഖ്യമന്ത്രിക്ക് കത്തും; ഒന്നരലക്ഷത്തിലേറെ രൂപ മുടക്കിയാണ് കൃഷി ചെയ്ത കർഷകർക്ക് വിറ്റാൽ കിട്ടുക ആകെ 25000 രൂപ!
നാസിക്: പാക്കിസ്ഥാനിൽ ഉള്ളിക്ക് പൊള്ളുന്ന വിലയാണ്. അതേസമയം ഇന്ത്യയിയിൽ ഉള്ളിയുടെ വിലയിടിവ് കാരണം കർഷകർ കണ്ണീരിലും. മഹാരാഷ്ട്രയിൽ കാർഷിക വിലത്തകർച്ചയിൽ നട്ടംതിരിയുമ്പോഴും സർക്കാറിന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളത്. സോലാപുരിൽ 512 കിലോ ഉള്ളി വിറ്റ കർഷകന് കിട്ടിയത് വെറും രണ്ടു രൂപയയിരുന്നു. ബർഷി തഹസിൽ സ്വദേശിയായ രാജേന്ദ്ര ചവാനാ (63)ണ് ഹതഭാഗ്യനായ കർഷകൻ. സ്വന്തം ഭൂമിയിൽ വിളവെടുത്ത 512 കിലോ ഉള്ളി 70 കിലോമീറ്റർ ദൂരം വാഹനത്തിൽ കൊണ്ടുപോയി സോലാപുരിലെ കാർഷിക വിള മാർക്കറ്റ് കമ്മിറ്റി (എപിഎംസി)യിലാണ് വിറ്റത്.
കിലോയ്ക്ക് ഒരു രൂപ നിരക്കിലാണ് സംഘം ഉള്ളി വാങ്ങിയത്. അതിൽനിന്ന് തൂക്കക്കൂലി, കയറ്റിറക്ക് കൂലി എന്നയിനത്തിൽ 509.51 രൂപ എപിഎംസി കൈക്കലാക്കി. ബാക്കി 2.49 രൂപ രണ്ടു രൂപയായി തട്ടിക്കിഴിച്ച് ചെക്ക് നൽകി. ചെക്ക് മാറി രണ്ട് രൂപ കൈയിൽ കിട്ടാൻ ഇനിയും 15 നാൾ കഴിയണം. കഴിഞ്ഞ വർഷം 20 രൂപ നിരക്കിൽ ഉള്ളി വിറ്റിടത്താണ് ഇത്തവണ ഒരു രൂപ നിരക്കിൽ വിൽക്കേണ്ടി വന്നത്. വളത്തിന്റെയും കീടനാശിനിയുടെയും വില കൂടിയെന്നും ഇത്തവണ കൃഷിക്കായി നാൽപ്പതിനായിരത്തോളം രൂപ തനിക്ക് ചെലവായെന്നും രാജേന്ദ്ര ചവാൻ പറഞ്ഞു.
നാസിക്കിൽ ഒരു കർഷകൻ വിളവെടുപ്പിന് പോലും നിൽക്കാനെ ഒന്നരയേക്കർ ഉള്ളിപ്പാടത്ത് തീയിട്ടു. കിലോയ്ക്ക് രണ്ടു രൂപ മുതൽ നാലുരൂപ വരെയായി വില ഇടിഞ്ഞതോടെയാണ് മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കൃഷ്ണ ഡോംഗ്രേ എന്ന കർഷകൻ ഇത്തരത്തിൽ തന്റെ പ്രതിഷേധം സർക്കാരിനെ അറിയിച്ചത്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളാണു പ്രശ്‌നങ്ങൾക്കു കാരണമെന്നു കർഷകൻ വാദിക്കുന്നു. ''നാലുമാസം കൊണ്ട് ഒന്നരലക്ഷത്തിലേറെ രൂപ മുടക്കിയാണ് കൃഷി ചെയ്തത്. വിളവെടുക്കുന്ന ഉള്ളി മർക്കറ്റിൽ എത്തിക്കാൻ 30,000 രൂപയുടെ ചെലവുണ്ട്. എന്നാൽ ആകെ ലഭിക്കുന്നത് 25,000 രൂപയിൽ താഴെയാണ്'' കർഷകൻ പറഞ്ഞു. ഉള്ളിപ്പാടം കത്തിക്കുന്നതു കാണാൻ വരണമെന്നു ക്ഷണിച്ച് മുഖ്യമന്ത്രിക്കു ചോര െകാണ്ടു കത്തെഴുതി അയച്ചതായും കർഷകൻ പറഞ്ഞു.
കഴിഞ്ഞയാഴ്ച കർഷകൻ 20 ടൺ ഉള്ളികൃഷി നശിപ്പിച്ചിരുന്നു.നാസിക്കിലെ നൈതാലെ ഗ്രാമത്തിലെ കർഷകനായ 33കാരൻ സുനിൽ ബൊർഗുഡെ വിളവെടുക്കാൻ പാകമായ 20 ടൺ ഉള്ളികൃഷി യന്ത്രമുപയോഗിച്ച് നശിപ്പിച്ചത്. കൃഷിച്ചെലവും കുടുംബത്തിന്റെ മൂന്നുമാസത്തെ കൃഷിപ്പണിയുടെ അധ്വാനവും പാഴായെന്നും ഉള്ളി വിറ്റാൽ കൂലി പോലും കിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു. കൃഷിയിറക്കാനായി ഏകദേശം 1.5 ലക്ഷം രൂപ ചെലവഴിച്ചു. എന്നാൽ വിളവെടുപ്പ് സമയമായപ്പോൾ ഉള്ളിയുടെ വിപണി വില ക്വിന്റലിന് 550 രൂപയായി കുറഞ്ഞു. ഞങ്ങളുടെ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ലഭിക്കുന്ന വരുമാനം തുച്ഛമാണ്. വിള നശിപ്പിക്കുക മാത്രമായിരുന്നു മുന്നിലുള്ള പോംവഴി.
2022 ഡിസംബർ മുതൽ വിത്തിനും മറ്റുമായി 1.5 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിളവെടുപ്പിന് 30,000 രൂപ ചെലവ് വരുമെന്നും കർഷകൻ പറഞ്ഞു. 13 ട്രാക്ടർ ട്രോളികൾ വാടകക്കെടുക്കണം. ഓരോന്നിനും 15 ക്വിന്റൽ ഉള്ളി കൊണ്ടുപോകാനേ സാധിക്കൂ. ഇതിന് രണ്ട് ലക്ഷം രൂപ ചെലവാകും. കമ്മീഷനും തൊഴിലാളികൾക്കുള്ള കൂലിക്കുമായി 7,000 രൂപ കൂടി നൽകണം. മാർക്കറ്റ് വില കണക്കിലെടുക്കുമ്പോൾ, ഉള്ളിക്ക് 80,000 രൂപ മാത്രമാണ് ലഭിക്കുക. എന്നാൽ, രണ്ട് ലക്ഷം രൂപ ചെലവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ പ്രശ്‌നങ്ങൾ പരിശോധിക്കാൻ സർക്കാരിന് സമയമില്ലെന്നും കർഷകൻ പറഞ്ഞു.
മറുനാടന് ഡെസ്ക്