ലണ്ടൻ: ഓൺലൈൻ ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട് ചതിക്കപ്പെട്ട ബ്രിട്ടനിലെ 84 കാരിയായ മുത്തശി ഇത്തരം ഓൺലൈൻ തട്ടിപ്പുകാർക്കെതിരെ യുദ്ധപ്രഖ്യാപനവുമായി രംഗത്ത്. ഐറിസ് ജോൺസ് എന്ന ഈ മുത്തശി ഓൺലൈനിലൂടെ പരിചയപ്പെട്ട ഈജിപ്തുകാരനായ മുഹമ്മദ് ഇബ്രാഹിം എന്ന 37 കാരനെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ ഇയാൾ മുത്തശിയിൽ നിന്ന് വൻ തുക തട്ടിയെടുത്ത ശേഷം മുങ്ങുകയായിരുന്നു. പാവപ്പെട്ട സ്ത്രീകളെ ഇത്തരത്തിൽ പറ്റിച്ച് വിവാഹം കഴിച്ച് പണവുമായി മുങ്ങുന്ന വിരുതന്മാരെ പിടികൂടാൻ മുത്തശി സജീവമായി ഇപ്പോൾ കളത്തിലിറങ്ങിയിരിക്കുകയാണ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഐറിസ് ജോൺസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെ തുടർന്ന് തട്ടിപ്പുകാർ മുത്തശിയെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരാൾ ഇവരെ ബോംബാക്രമണം നടത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്

യെമനിൽ അമേരിക്കൻ എയർഫോഴ്‌സിൽ ജോലി ചെയ്യുന്ന ഡേവിഡ് എന്നയാളാണ് ഭീഷണിക്കത്ത് അയച്ചത് എന്ന് വെളിപ്പെടുത്തിയ ഐറിസ് എന്നാൽ ഇയാൾ ശരിക്കും അമേരിക്കക്കാരൻ ആകാൻ സാധ്യതയില്ലെന്നാണ് പറയുന്നത്. അതിന്റെ കാരണവും മുത്തശി പറയുന്നുണ്ട്. പ്രണയ സല്ലാപങ്ങൾക്കിടയിൽ ഇഷ്ടഭക്ഷണം ഏതാണെന്ന് മുത്തശി ചോദിച്ചപ്പോൾ ചോറാണ് തന്റെ പ്രിയ ഭക്ഷണം എന്ന് ഇയാൾ പറഞ്ഞു. അമേരിക്കക്കാരൻ ആണെങ്കിൽ ഒരിക്കലും ചോറാണ് ഇഷ്ട ഭക്ഷണം എന്ന് പറയുകയില്ലായിരുന്നു എന്നും പകരം ഹാംബർഗറോ, ഹോട്ട് ഡോഗോ, പോപ്പ് കോണോ ആണ് തന്റെ ഇഷ്ടഭോജ്യം എന്ന് പറയുമായിരുന്നു എന്നാണ് ഐറിസിന്റെ കണ്ടെത്തൽ.

3500 ഡോളർ തനിക്ക് അയച്ചു തരാൻ ഇയാൾ ഐറിസിനോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യപ്പെട്ട പണം അയയ്ക്കാൻ താൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയത്. ഐറിസിന്റെ വീടിന്റെ ലൊക്കേഷൻ അയച്ചു തരാൻ ആവശ്യപ്പെട്ട ഇയാൾ താൻ അവിടെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത്തരം തട്ടിപ്പുവീരന്മാരുടെ പൊതുലക്ഷണങ്ങളും മുത്തശി ഫേസ്‌ബുക്കിൽ പങ്ക് വെയ്ക്കുന്നുണ്ട്. തങ്ങളുടെ സുന്ദരമായ ചിത്രങ്ങളായിരിക്കും ഇവർ ഇരകളായ സ്ത്രീകൾക്ക് അയച്ചു കൊടുക്കുന്നത്.

പലപ്പോഴും വിദേശരാജ്യങ്ങളിലെ എണ്ണക്കമ്പനികളിലോ സൈന്യത്തിലോ ഉദ്യോഗസ്ഥനാണെന്ന് തോന്നിപ്പിക്കുന്ന വേഷവിധാനങ്ങൾ ഉള്ളവരും ആയിരിക്കും. മറ്റാരുടേയെങ്കിലും ചിത്രങ്ങളാണ് ഈ വിരുതന്മാർ സ്വന്തം ചിത്രം എന്ന പേരിൽ അയയ്ക്കുന്നത്. ആദ്യം ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെടുന്ന തട്ടിപ്പുകാർ പിന്നീട് വാട്‌സാപ്പ് ചാറ്റിലേക്ക് ഇരകളെ ക്ഷണിക്കുന്ന പതിവും ഉണ്ട്. തട്ടിപ്പിൽ സ്വകാര്യത ഉറപ്പ് വരുത്തുന്നതിനാണ് ഇത്തരം വിദ്യകൾ ഇവർ പ്രയോഗിക്കുന്നത്. ഇവരുടെ ഇംഗ്ലീഷും പലപ്പോഴും നിലവാരമില്ലാത്തതായിരിക്കും എന്ന് ചൂണ്ടിക്കാട്ടുന്ന മുത്തശി സ്ഥിരമായി ഇവർ ചോദിക്കാറുള്ള ചോദ്യങ്ങളും പറയുന്നുണ്ട്.

രാത്രി എങ്ങനെ ഉണ്ടായിരുന്നു, എന്ത് ഭക്ഷണമാണ് കഴിച്ചത് എന്നിവയാണ് ഇവരുടെ മുറി ഇംഗ്ലീഷിലുള്ള സ്ഥിരം ചോദ്യങ്ങൾ. സ്ത്രീകളോട് പണം ആവശ്യപ്പെടുമ്പോൾ ബാങ്കിൽ പോകരുത് ഓൺലൈൻ വഴി അയച്ചാൽ മതി എന്നൊക്കെ ഇവരുടെ തട്ടിപ്പിന്റെ സ്ഥിരം രീതികളാണെന്നും ഐറിസ് മുത്തശി മുന്നറിയിപ്പ് തരുന്നു.