കൊച്ചി: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമാണ് ഒക്ടോബർ 31. ഈ ദിവസമാണ് ഉമ്മൻ ചാണ്ടിയെന്ന കോൺഗ്രസ് നേതാവിന്റെ പിറന്നാളും. പ്രിയ നേതാവിന്റെ വിടവാങ്ങൽ ദിനമായതു കൊണ്ടു തന്നെ 1984ൽ ഇന്ദിരാ ഗാന്ധി മരിച്ച ശേഷമുള്ള പിറന്നാളൊന്നും ഉമ്മൻ ചാണ്ടി ആഘോഷിക്കുന്ന പതിവില്ല. എന്നാൽ ഇത്തവണ ആ പതിവി തെറ്റിച്ചു. വീട്ടുകാരുടേയും പാർട്ടിക്കാരുടേയും നിർബന്ധത്തിന് വഴങ്ങി ചാനൽ ക്യാമറയ്ക്ക് മുമ്പിൽ തൽസമയം പിറന്നാൾ ദിനം ഉമ്മൻ ചാണ്ടി എത്തി. പറയുന്നതു പോലുള്ള ആരോഗ്യ പ്രശ്‌നമില്ലെന്ന് ചിരിച്ച മുഖത്തോടെ ഉമ്മൻ ചാണ്ടി പറഞ്ഞു. ശബ്ദത്തിന് കുറവുണ്ട്. അത്രമാത്രമേ പ്രശ്‌നമുള്ളൂവെന്നും കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്തോ പുതുപ്പള്ളിയിലോ ആയിരുന്നില്ല ആഘോഷം. ആലുവയിലായിരുന്നു കേക്ക് മുറിച്ചത്. ചികിൽസാർത്ഥം കൊച്ചിയിലാണ് ഉമ്മൻ ചാണ്ടിയുള്ളത്. അടുത്ത ദിവസങ്ങളിൽ ജർമനിയിൽ വിദഗ്ധ ചികിൽസയ്ക്ക് പോകും. വിസ ശരിയായെന്നും ആശുപത്രിയിലെ അപ്പോയിന്റ്‌മെന്റ് കിട്ടിയാൽ ഉടൻ പോകുമെന്നും ഉമ്മൻ ചാണ്ടി തന്നെ പറഞ്ഞു. കുറച്ചു ദിവസമായി ശബ്ദം പോയിട്ട്. മുമ്പൊക്കെ പോയാലും പെട്ടെന്ന് തിരിച്ചു വരും. അതു തിരിച്ചു കിട്ടാത്ത സാഹചര്യത്തിലാണ് വിദേശത്ത് ചികിൽസയ്ക്ക് പോകുന്നത്. മറ്റൊരു ആരോഗ്യ പ്രശ്‌നവും തനിക്കില്ല. ഭാര്യയേയും മകനേയും മകളേയും ചേർത്ത് നിർത്തി മാധ്യമങ്ങളോട് പറഞ്ഞു. എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ചോദിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലുവ എംഎൽഎ അൻവർ സാദത്താണ് കേക്കുമായി ഉമ്മൻ ചാണ്ടിയുടെ അടുത്ത് എത്തിയത്.

ഉമ്മൻ ചാണ്ടിക്ക് കുടുംബാംഗങ്ങൾ ചികിൽസ നിഷേധിക്കുന്നുവെന്ന ആരോപണം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങൾക്ക് മുമ്പിൽ ഉമ്മൻ ചാണ്ടി പിറന്നാൾ ദിനത്തിൽ എത്തിയത്. 79-ാം ജന്മദിനമാണ് ആലുവയിൽ ഉമ്മൻ ചാണ്ടി ആഘോഷിക്കുന്നത്. ആശുപത്രിയിൽ നിന്നും അറിയിപ്പ് കിട്ടിയാൽ ഉടൻ ഉമ്മൻ ചാണ്ടി ജർമനിക്ക് പറക്കും. ചികിൽസാ ചെലവ് വഹിക്കാൻ കോൺഗ്രസും തയ്യാറാണ്. തൊണ്ടയിലെ അസ്വസ്ഥതകളെ തുടർന്നാണ് ഉമ്മൻ ചാണ്ടിക്ക് ശബ്ദ തടസ്സം ഉണ്ടാകുന്നത്. പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞ് പിന്നീട് കേരളത്തിന്റെ സ്വന്തം കുഞ്ഞൂഞ്ഞായത് ജനങ്ങളുമായി ചേർന്ന് നിന്നാണ്. ഇതു തന്നെയാണ് ജന്മദിനത്തിലും ഉമ്മൻ ചാണ്ടിക്ക് കരുത്തായത്.

വലിയ ആഘോഷമൊന്നുമില്ലെന്നായിരുന്നു ജന്മദിനത്തിൽ കുടുംബം നൽകിയ സന്ദേശം. എന്നാൽ പ്രവർത്തകർ ആവേശത്തോടെ എത്തിയപ്പോൾ ഉമ്മൻ ചാണ്ടിയും ആവേശത്തിലായി. അവർക്കൊപ്പം കേക്ക് മുറിക്ക് ഉമ്മൻ ചാണ്ടിയും കൂടി. അതിന് ശേഷം ശബ്ദത്തിലെ കുഴപ്പങ്ങൾ മനസ്സിൽ വച്ച് ആവേശത്തോടെ മാധ്യമങ്ങളോടും സംസാരിച്ചു. പ്രവർത്തകരാണ് തനിക്കെല്ലാം എന്ന സന്ദേശം നൽകുന്നതായിരുന്നു 79-ാം ജന്മദിനത്തിലെ ഇടപെടലും.