- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബ്ദം തിരിച്ചു കിട്ടി തുടങ്ങി; ദിവസങ്ങൾക്കുള്ളിൽ എല്ലാം പഴയതു പോലെയാകുമെന്ന് പ്രതീക്ഷ; ശസ്ത്രക്രിയ പൂർണ്ണ വിജയം; ഇനി വേണ്ടത് കരുതലുകൾ എടുക്കേണ്ട തുടർ ചികിൽസ; ഓടിയെത്തി സുഖവിവരം തിരിക്കി സിപിഎം സെക്രട്ടറി എംവി ഗോവിന്ദനും; ഇനി സന്ദർശകർക്ക് കർശന വിലക്ക്; ഉമ്മൻ ചാണ്ടി അതിവേഗം ആരോഗ്യം വീണ്ടെടുക്കുമ്പോൾ
തിരുവനന്തപുരം: ജർമനിയിലെ ചികിത്സയ്ക്കുശേഷം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നില തൃപ്തികരം. അതിവേഗ ചികിൽസ പൂർത്തിയാക്കിയാണ് ഉമ്മൻ ചാണ്ടി ഇന്നലെ തിരിച്ചെത്തിയത്. പുലർച്ചെ മൂന്നുമണിയോടെ ഖത്തർ എയർവേസിലാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ജർമനിയിൽ ലേസർ ശസ്ത്രക്രിയയാണ് അദ്ദേഹത്തിനു നൽകിയത്. വിദഗ്ധചികിത്സ തുടരേണ്ടതുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇത് എവിടെ വേണമെന്നു തീരുമാനിച്ചിട്ടില്ല. ജർമ്മനിയിലുള്ള ഡോക്ടർമാരുമായി ആശയ വിനിമയം നടത്തി ഇക്കാര്യത്തിൽ തീരുമാനം എടുക്കും.
ഉമ്മൻ ചാണ്ടിയുടെ ശബ്ദം പൂർണ്ണമായും തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷ. ശസ്ത്രക്രിയ പൂർണ്ണ വിജയമായിരുന്നു. എങ്കിലും തുടർ ചികിൽസ അത്യാവശ്യമാണ്. അതിവേഗം നാട്ടിലെത്തണമെന്ന ഉമ്മൻ ചാണ്ടിയുടെ ആഗ്രഹ പ്രകാരമാണ് അതിവേഗം മടങ്ങിയെത്തിയത്. ചികിത്സയ്ക്കുശേഷം തിരുവനന്തപുരത്തെ 'പുതുപ്പള്ളി ഹൗസി'ലാണ് അദ്ദേഹമുള്ളത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സന്ദർശകരെ ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അദ്ദേഹത്തെ സന്ദർശിച്ചു.
ലേസർ ശസ്ത്രക്രിയയ്ക്കുശേഷം ഉന്മേഷവാനായുള്ള ഉമ്മൻ ചാണ്ടിയുടെ ചിത്രം മകൻ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. ബെന്നി ബെഹനാൻ എംപി., മക്കളായ ചാണ്ടി ഉമ്മൻ, മറിയ, അച്ചു എന്നിവരാണ് ഉമ്മൻ ചാണ്ടിക്കൊപ്പം ജർമനിയിലുണ്ടായിരുന്നത്. ഈ മാസം ആറിനാണ് ഉമ്മൻ ചാണ്ടി ജർമനിയിൽ ചികിത്സയ്ക്കായി പോയത്. ജർമനിയിൽ ഒപ്പമുണ്ടായിരുന്ന ബെന്നി ബഹനാൻ ദോഹയിൽ നിന്ന് കൊച്ചിയിലേക്കു പോയി. കഴിഞ്ഞ വ്യാഴാഴ്ച ബർലിൻ ചാരിറ്റി ആശുപത്രിയിൽ ലേസർ ശസ്ത്രക്രിയയ്ക്കു വിധേയനായ ഉമ്മൻ ചാണ്ടി ആശുപത്രി വിട്ടശേഷം ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം അവിടെ തന്നെ 3 ദിവസം വിശ്രമത്തിലായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ഉമ്മൻ ചാണ്ടിയുടെ ശബ്ദ തടസ്സത്തിനു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്.
ഏതാനും ആഴ്ച കൂടി അദ്ദേഹം തിരുവനന്തപുരത്തെ വസതിയിൽ വിശ്രമിക്കും. ദിവസങ്ങൾക്കുള്ളിൽ തന്നെ ശബ്ദം പൂർണ്ണമായും വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാലകളിലൊന്നായ ബർലിനിലെ ചാരിറ്റി ആശുപത്രിയിലായിരുന്നു ചികിത്സ. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ളതാണ് ചാരിറ്റി ആശുപത്രി. 11 നോബൽ സമ്മാന ജേതാക്കൾ ഇവിടെ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട്.
നേരത്തെ ഉമ്മൻ ചാണ്ടിയുടെ ആരോ?ഗ്യനിലയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നു. ഇതേത്തുടർന്ന് പുതുപ്പള്ളിയിലെ നാട്ടുകാർ ആകെ വിഷമത്തിലായിരുന്നു. പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. ഒക്ടോബർ 31-ാം തിയതിയായിരുന്നു ഉമ്മൻ ചാണ്ടിയുടെ 79-ാം പിറന്നാൾ.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തി ആശംസ അറിയിച്ചിരുന്നു. ചികിത്സാർത്ഥം ആലുവയിൽ തങ്ങിയ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച പിണറായി കുറച്ച് നേരം സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ശേഷമാണ് ഷാളണിയിച്ച് ആശംസ അറിയിച്ച ശേഷമാണ് മടങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ