തിരുവനന്തപുരം: മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അണുബാധ നിയന്ത്രണ വിധേയം. ബൈപാപ്പ് ഉപകരണത്തിന്റെ സഹായമില്ലാതെയാണ് ഇന്നലെ രാത്രി ഉമ്മൻ ചാണ്ടി ഉറങ്ങിയത്. ന്യുമോണിയയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ വിവരങ്ങൾ ബംഗ്ലൂരുവിലെ ഡോക്ടറെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ക്യാൻസർ തുടർ ചികിൽസയ്ക്ക് ഉമ്മൻ ചാണ്ടി സജ്ജമാണെന്ന സന്ദേശമാണ് ബംഗ്ലൂരുവിലേക്ക് കൈമാറിയത്. ഈ സാഹചര്യത്തിൽ താമസിയാതെ ഉമ്മൻ ചാണ്ടിയെ ബംഗ്ലൂരുവിലേക്ക് മാറ്റിയേക്കും. രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ ബംഗ്ലൂരുവിലേക്ക് മാറ്റാനാകുമെന്നാണ് പ്രതീക്ഷ.

സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡും ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നുണ്ട്. നിംസ് ആശുപത്രിയിൽ നിന്നും കൃത്യമായ ഇടവേളകളിൽ മെഡിക്കൽ ബോർഡിനെ കാര്യങ്ങൾ അറിയിക്കുന്നുണ്ട്. അണുബാധയിൽ കുറവുണ്ടായതോടെ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് കുറഞ്ഞു. ഈ സാഹചര്യത്തിലാണ് ബൈപാപ്പിൽ നിന്നും ഉമ്മൻ ചാണ്ടിയെ മാറ്റിയത്. ഉപകരണങ്ങളുടെ സഹായമില്ലാതെ ഉമ്മൻ ചാണ്ടിക്ക് ശ്വസിക്കാൻ കഴിയുന്നുവെന്നത് അതിവേഗ ചികിൽസാ പുരോഗതിയാണ്. ആന്റി ബയോട്ടിക്കുകളോട് കൃത്യമായി തന്നെ ശരീരം പ്രതികരിച്ചതാണ് ഈ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ബംഗ്ലൂരുവിൽ കാൻസർ ചികിൽസയ്ക്കുള്ള ആരോഗ്യാവസ്ഥയിലേക്ക് ഉമ്മൻ ചാണ്ടി മടങ്ങിയെത്തി. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കാതെ തന്നെ ഉമ്മൻ ചാണ്ടിയുടെ ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളെ മറികടക്കാൻ നിംസ് ആശുപത്രിയിലെ ചികിൽസയ്ക്ക് കഴിഞ്ഞു.

അദ്ദേഹം മരുന്നകളോട് നല്ലരീതിയിൽ പ്രതികരിക്കുന്നതായി നിംസ് ആശുപത്രി പുറത്തിറക്കിയ കുറിപ്പിൽഅറിയിച്ചു.ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ശ്വാസകോശത്തിലെ അണുബാധ പൂർണ്ണമായി ഭേദപ്പെടുമെന്നും വ്യക്തമാക്കി. യന്ത്രത്തിന്റെ സഹായമില്ലാതെ തന്നെ രക്തത്തിലെ ഓക്‌സിജൻ അളവ് സാധാരണ പോല നിലനിൽക്കുന്നുണ്ട്. കുടുംബാംഗങ്ങളോടും മെഡിക്കൽ സംഘത്തോടും സാധാരണ നിലയിൽ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബംഗ്ലൂരിലെ ആശുപത്രിയിലേക്ക് തുടർ ചികിൽസയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഇമെയിൽ അയച്ചത്.

ചൊവ്വാഴ്ച മന്ത്രി വീണാജോർജും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു. ഇവർ ഡോക്ടർമാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബെംഗളൂരുവിലേക്ക് കൊണ്ടുപോകാൻ ധാരണയായത്. സർക്കാർ ആറംഗ മെഡിക്കൽബോർഡിന് രൂപംനൽകിയിരുന്നു. ഇവരും കാര്യങ്ങൾ വിലയിരുത്തി. ബെംഗളൂരു എച്ച്.സി.ജി. കാൻസർ ആശുപത്രിയിൽ ഡോ. വിശാൽ റാവുവിന്റെ നേതൃത്വത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ചികിത്സ നടത്തിവരുന്നത്. യാത്രയ്ക്കായുള്ള എയർ ആംബുലൻസിന്റെ ചെലവ് കോൺഗ്രസ് വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എച്ച് സി ജി ആശുപത്രിയിൽ നിന്ന് മറുപടി കിട്ടിയാൽ ബംഗ്ലൂരു യാത്രയിൽ അന്തിമ തീരുമാനമുണ്ടാകും.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പ്, ഇ.എൻ.ടി. വിഭാഗം മേധാവി ഡോ. എം.വേണുഗോപാൽ, മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. എസ്.ശ്രീനാഥ്, ആർ.സി.സി. സർജിക്കൽ ഓങ്കോളജി അഡീഷണൽ പ്രൊഫസർ ഡോ. ഷാജി തോമസ്, റേഡിയേഷൻ ഓങ്കോളജി അഡീഷണൽ പ്രൊഫസർ ഡോ. രജനീഷ് കുമാർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് റെസ്പിറേറ്ററി മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ. കിരൺ വിഷ്ണു എന്നിവരാണ് മെഡിക്കൽബോർഡിലുള്ളത്.

ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണവുമായി സഹോദരൻ അലക്‌സ് വി.ചാണ്ടി രംഗത്തെത്തിയിരുന്നു. ചികിത്സ നടത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അലക്‌സ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ മുതിർന്ന നേതാക്കളായ എ.കെ ആന്റണിയും എം.എം ഹസനും ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ വീട്ടിലെത്തി സന്ദർശിച്ചു. പിന്നാലെയാണ് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.