- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രത്യേക വിമാനം വേണ്ടെന്ന നിലപാടിൽ ഉമ്മൻ ചാണ്ടി; ബംഗ്ലൂരുവിൽ തുടർ ചികിൽ വേണമെന്ന ഹൈക്കമാണ്ട് തീരുമാനം കുടുംബത്തെ അറിയിച്ച് കെസി വേണുഗോപാൽ; വിദഗ്ധ ചികിൽസയ്ക്കായി മുൻ മുഖ്യമന്ത്രിയെ ബംഗ്ലൂരുവിലേക്ക് കൊണ്ടു പോകാൻ സാധ്യത; എന്തു സഹായവും നൽകാമെന്ന സന്ദേശം കൈമാറി കോൺഗ്രസ് ഹൈക്കമാണ്ടും
തിരുവനന്തപുരം: ന്യുമോണിയ ബാധയെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബംഗ്ലൂരുവിലേക്ക് മാറ്റണമെന്ന നിലപാടിൽ കോൺഗ്രസ് ദേശീയ നേതൃത്വവും. ഇക്കാര്യം ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ എഐസിസി അറിയിച്ചിട്ടുണ്ട്. ചികിൽസയ്ക്ക് എല്ലാ സഹായവും കോൺഗ്രസ് ദേശീയ നേതൃത്വം നൽകും. എന്നാൽ തനിക്ക് ബംഗ്ലൂരുവിലേക്ക് പോകാൻ ചാർട്ടർ വിമാനം വേണ്ടെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി. സാധാരണ മാർഗ്ഗത്തിലൂടെ ബംഗ്ലൂരുവിലേക്ക് പോകാനുള്ള ആരോഗ്യം തനിക്കുണ്ടെന്നാണ് ഉമ്മൻ ചാണ്ടി പറയുന്നത്. നാളെ ഉമ്മൻ ചാണ്ടി ബംഗ്ലൂരുവിലേക്ക് പോകാൻ സാധ്യത ഏറെയാണ്.
ഇന്നലെ കോൺഗ്രസ് നേതാവ് ബെന്നി ബെഹന്നാന്റെ നേതൃത്വത്തിൽ ബാംഗ്ലൂരു ചികിൽസയിൽ ചർച്ചകൾ നടന്നു. കുടുംബാഗങ്ങളെ ബെന്നി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. എയർ ആംബുലൻസോ ചാർട്ടർ വിമാനമോ എത്തിക്കാൻ ശ്രമിച്ചു. ബംഗ്ലൂരുവിൽ ചാർട്ടർ വിമാനം ലഭ്യമല്ലാത്തതു കൊണ്ട് ഹൈദരാബാദിൽ നിന്നും വിമാനം എത്തിക്കാനും ശ്രമിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനായിരുന്നു ഇതിന് ശ്രമങ്ങൾ നടത്തിയത്. ഇതിനിടെ ചികിൽസയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചാണ്ടി ഉമ്മനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തു വന്നു. ഇതിനിടെയാണ് പ്രത്യേക വിമാനമൊന്നും ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി നിലപാട് എടുത്തത്.
കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഉമ്മൻ ചാണ്ടിയുടെ കുടുംബത്തോട് സംസാരിച്ചിട്ടുണ്ട്. ബംഗ്ലൂരുവിൽ ചികിൽസയ്ക്ക് കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ടു. എങ്ങനെ കൊണ്ടു പോകണമെന്നതിൽ കുടുംബവും ഉമ്മൻ ചാണ്ടിയും തീരുമാനമെടുക്കട്ടേ എന്നതാണ് അവരുടെ നിലപാട്. അതിനിടെ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില പൂർണ്ണമായും മെച്ചപ്പെട്ടതായി നിംസ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. തുടർചികിത്സയ്ക്കായി ബംഗുളൂരുവിലേക്ക് കൊണ്ടുപോകുന്നതിന് തടസമില്ലെന്ന് ചികിത്സയുടെ മേൽനോട്ടം വഹിച്ച ഡോ.മഞ്ജു തമ്പി അറിയിച്ചു. എന്നാൽ, ഡിസ്ചാർജ് ചെയ്യുന്നത് തീരുമാനിച്ചിട്ടില്ല. പനി മാറി. ശ്വാസ തടസമില്ല. ഓക്സിജൻ സഹായം ഇപ്പോൾ ആവശ്യമില്ല.
ചെറിയ തോതിൽ പിടിച്ചു നടക്കുന്നുണ്ട്. കുടുംബാംഗങ്ങളുമായി സംസാരിക്കുന്നുണ്ട്. ഐ.സി.യു ഐസൊലേഷൻ വാർഡിലാണ് വിശ്രമിക്കുന്നത്.ആരോഗ്യവകുപ്പ് നിയോഗിച്ച പ്രത്യേക മെഡിക്കൽ സംഘവും അദ്ദേഹത്തെ വിശദമായി പരിശോധിച്ചു. തുടർചികിത്സയ്ക്ക് പോകണമെന്ന അഭിപ്രായം ഉമ്മൻ ചാണ്ടിയും കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. നിംസിൽ നിന്ന് നേരിട്ട് ബംഗളൂരുവിലേക്ക് കൊണ്ടുപോവുകയാണെങ്കിൽ രണ്ട് ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സേവനം ആശുപത്രിയും നൽകും.
അതിനിടെ തന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നടക്കുന്നത് വ്യാജ പ്രചാരണം ആണെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. വ്യാജ പ്രചാരണങ്ങളുടെ ഭാഗമായി പുതുപ്പള്ളിയിൽ നിന്നടക്കം നിരവധി ആളുകൾ ഇവിടെ എത്തി. ചികിത്സയുടെ എല്ലാ വിവരങ്ങളും എന്റെ കയ്യിലുണ്ട്. അത് ഞാൻ നേതാക്കളെ അറിയിച്ചിട്ടുണ്ട്. പാർട്ടിയുടെ പിന്തുണ കൂടെ ഉള്ളതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. മികച്ച ചികിത്സതന്നെയാണ് നൽകിക്കൊണ്ടിരിക്കുന്നത്, പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് 2015 മുതൽ വ്യാജ പ്രചാരണം നടക്കുകയാണ്. അദ്ദേഹം തന്നെയാണ് അദ്ദേഹത്തിന്റെ ചികിത്സ തീരുമാനിക്കുന്നത്. അദ്ദേഹത്തിന് പിടിപ്പെട്ട ന്യൂമോണിയ മാറി. പിതാവ് ക്ഷീണിതനാണ് ചാണ്ടി ഉമ്മൻ പറഞ്ഞു.
പാർട്ടിയുടെ സഹായത്തോടെയാണ് ജർമനിയിൽ പോയത് നാളെ പോകുന്നതും പാർട്ടി സഹായത്തോടെയാണ്. പല കാര്യങ്ങളും വ്യാജമാണ്, പലതും പറയാൻ ഉണ്ട് , സമയമാകുമ്പോൾ അത് പറയും. എച്ച് സി ജി ആശുപതിയുടെ പേരിൽ വ്യാജ ഡോക്യുമെന്റ് വരെ ചിലർ ഉണ്ടാക്കിയിരുന്നു. എന്തിനാണ് തന്റെ കുടുംബത്തോട് ഈ ക്രൂരത എന്ന് അറിയില്ലെന്നും ഇത് ശരിയായ സമീപനമല്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ