ബംഗ്ലൂരു: ഉമ്മൻ ചാണ്ടിയുടെ ബംഗ്ലൂരു ചികിൽസയിൽ നിർണ്ണായകമായത് രാഹുൽ ഗാന്ധിയുടെ ഇടപെടൽ. കഴിഞ്ഞ ആഴ്ച കോഴിക്കോട് രാഹുൽ എത്തിയപ്പോൾ നടത്തിയ നീക്കമാണ് ഉമ്മൻ ചാണ്ടിക്ക് ബംഗ്ലൂരുവിൽ ചികിൽസ ഉറപ്പാക്കിയത്. അതിനിടെ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ബംഗ്ലുരുവിലെ ആശുപത്രിയും അറിയിച്ചു. സ്വയം എല്ലാം ചെയ്യാൻ ഉമ്മൻ ചാണ്ടിക്ക് കഴിയുന്നുണ്ട്. ശ്വാസ കോശത്തിലെ അണുബാധയും മാറി. ബംഗ്ലൂരുവിലെ ചികിൽസയിൽ മുൻ മുഖ്യമന്ത്രിക്ക് ഏറെ ആശ്വാസമുണ്ടാകുന്നതിന് തെളിവാണ് ആശുപത്രിയുടെ അറിയിപ്പ്. ആദ്യ ഘട്ട ചികിൽസ ഉമ്മൻ ചാണ്ടി വിജയകരമായി പൂർത്തിയാക്കുകയാണ്.

ശ്വാസകോശത്തിലെ അണുബാധ മാറിയതായി ബംഗളൂരുവിലെ എച്ച്‌സിജി ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ ഇമ്മ്യൂണോതെറാപ്പി ചികിത്സയുടെ ആദ്യറൗണ്ട് പൂർത്തിയായി. രണ്ടാം റൗണ്ട് ഇമ്മ്യൂണോതെറാപ്പി മാർച്ച് ആദ്യവാരം തുടങ്ങും. ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാകും തുടർ ചികിത്സാ നടപടികളെന്നും ആശുപത്രി അറിയിച്ചു. ഉമ്മൻ ചാണ്ടി സ്വന്തമായി ദൈനംദിന പ്രവൃത്തികൾ ചെയ്യാൻ തുടങ്ങിയിരിക്കയാണ്. സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. യുഎസ് വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള വൈദ്യ സംഘമാണ് ഉമ്മൻ ചാണ്ടിയുട തുടർ ചികിത്സ നടത്തുന്നത്.

ന്യുമോണിയ ബാധയെ തുടർന്ന് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നാണ് ബംഗ്ലൂരുവിലേക്ക് പോയത്. പ്രത്യേക മെഡിക്കൽ സംഘം പരിശോധിച്ചാണ് തുടർ ചികിൽസയിൽ തീരുമാനമെടുത്തത്. ഉമ്മൻ ചാണ്ടിയെ ബംഗ്ലൂരുവിൽ എത്തിച്ച ദിവസങ്ങളിൽ രാഹുൽ ഗാന്ധി കോഴിക്കോടും വയനാടും പര്യടനത്തിലായിരുന്നു. ഈ സമയം ഉമ്മൻ ചാണ്ടിയുടെ അടുത്ത ബന്ധു രാഹുലിനെ സന്ദർശിച്ചിരുന്നു. ബംഗ്ലൂരുവിൽ നിന്നെത്തിയ ഈ ബന്ധു ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ചികിൽസയുടെ ആവശ്യമില്ലെന്ന തരത്തിലുമാണ് പ്രതികരിച്ചത്. ഇതോടെ വിഷയത്തിൽ രാഹുൽ ഗാന്ധി സജീവമായി ഇടപെട്ടു. ബംഗ്ലൂരുവിൽ ഉമ്മൻ ചാണ്ടിയെ ചികിൽസിക്കുന്ന ഡോക്ടറെ തന്നെ രാഹുൽ ഗാന്ധി നേരിട്ട് വിളിച്ചു.

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തിൽ ആശങ്ക വേണ്ടെന്നും എന്നാൽ തുടർ ചികിൽസ അനിവാര്യമാണെന്നും ഡോക്ടർ നേരിട്ട് രാഹുലിനെ അറിയിച്ചു. ഇതോടെ ഒരു കാരണവശാലും ബംഗ്ലൂരുവിൽ നിന്നും ഉമ്മൻ ചാണ്ടിയെ ഉടൻ നാട്ടിലേക്ക് കൊണ്ടു വരരുതെന്ന നിർദ്ദേശം എഐസിസി ജനറൽ സെക്രട്ടറി കെസി വേണഗോപാലിന് അടക്കം രാഹുൽ നൽകി. ഇക്കാര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഡോക്ടറുമായി ഏറെ വിശദമായി തന്നെ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സ്ഥിതിയിൽ രാഹുൽ ആശയ വിനിമയം നടത്തിയിരുന്നു. ഉമ്മൻ ചാണ്ടിക്ക് ചികിൽസ മെച്ചപ്പെട്ട ചികിൽസ ഉറപ്പിക്കാൻ എല്ലാം ചെയ്യുമെന്ന് ഡോക്ടർക്ക് രാഹുൽ ഉറപ്പും നൽകി.

ഇതിന് ശേഷമാണ് വിശദ പരിശോധനകൾക്കും ചികിൽസയ്ക്കും ഉമ്മൻ ചാണ്ടി വിധേയനായത്. രാഹുൽ ഇടപെട്ടതു കൊണ്ടു തന്നെ മുൻ മുഖ്യമന്ത്രിക്ക് മെച്ചപ്പെട്ട ചികിൽസയും ഉറപ്പായി. ഡോക്ടർ വിശാൽ റാവുവുമായാണ് രാഹുൽ ഫോണിൽ വിശദമായി സംസാരിച്ചത്. അതിന് ശേഷം ചികിൽസ നല്ല രീതിയിൽ മുമ്പോട്ട് പോകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന നിർദ്ദേശം ബന്ധപ്പെട്ട നേതാക്കൾക്കും രാഹുൽ നൽകിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങൾ ബംഗളൂരുവിൽ അദ്ദേഹത്തോടൊപ്പമുണ്ട്.

കുടുംബം ചികിത്സ നിഷേധിക്കുന്നതായി പ്രചാരണമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ട് മെഡിക്കൽ സംഘത്തെ നിയമിക്കുകയായിരുന്നു. തുടർന്നാണ്, ബംഗളൂരുവിലേക്ക് മാറ്റിയത്. ചികിത്സ നിഷേധിക്കുന്നതായുള്ള പ്രചാരണം ഉമ്മൻ ചാണ്ടി തന്നെ തള്ളിയിരുന്നു.