ബംഗ്ലൂരു: കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടേയും നേതാക്കളുടേയും ആശങ്ക തിരിച്ചറിഞ്ഞ് ഉമ്മൻ ചാണ്ടിക്ക് ചികിൽസ ഉറപ്പാക്കാൻ വീണ്ടും രാഹുൽ ഗാന്ധി. ന്യുമോണിയ ബാധയെ തുടർന്ന് ബംഗ്ലൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് രാഹുൽ ഗാന്ധി ഉറപ്പു വരുത്തുന്നത് തുടർ ചികിൽസയാണ്. ഉമ്മൻ ചാണ്ടിയുടെ യഥാർത്ഥ രോഗാവസ്ഥയെ കുറിച്ച് ആർക്കും അറിയില്ലായിരുന്നു. പല പ്രമുഖ നേതാക്കൾ ബംഗ്ലൂരുവിൽ എത്തിയെങ്കിലും ആർക്കും ഉമ്മൻ ചാണ്ടിയുടെ അടുത്ത് പോലും എത്താനായില്ല. ഈ സാഹചര്യത്തിലാണ് രാഹുൽ നേരിട്ടെത്തിയത്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുൽ ബെംഗളൂരുവിലെ ഹെൽത്ത് കെയർ ഗ്ലോബൽ ആശുപത്രിയിലെത്തിയത്. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ബെന്നി ബെഹനാൻ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയോട് രാഹുൽ ഗാന്ധി നേരിട്ട് സംസാരിച്ചു. മക്കളോടും ഭാര്യയോടും അദ്ദേഹം ആരോഗ്യ വിവരങ്ങൾ ആരാഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നിലവിൽ പുരോഗതിയുണ്ടെന്നും ഐസിയുവിൽ നിന്നും മാറ്റിയതായും ആശുപത്രി അധികൃതർ അറിയിച്ചു. ഡോക്ടർമാരുമായും രാഹുൽ സംസാരിച്ചു. ആരോഗ്യ കാര്യങ്ങൾ അപ്പോഴപ്പോൾ പാർട്ടിയെ അറിയിക്കണമെന്ന് രാഹുൽ നിർദ്ദേശിച്ചിട്ടുണ്ട്. ചികിൽസയുടെ മേൽനോട്ട ഉത്തരവാദിത്തം കെസി വേണുഗോപാലിനേയും എൽപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ പല കോൺഗ്രസ് നേതാക്കളും ഉമ്മൻ ചാണ്ടിയെ കാണാൻ ബംഗ്ലൂരുവിൽ എത്തിയിരുന്നു. ഇവർക്കൊന്നും പല കാരണങ്ങളാൽ ഉമ്മൻ ചാണ്ടിയുടെ അടുത്ത് എത്താനായില്ല. ഉമ്മൻ ചാണ്ടി കൈവീശി കാണിച്ചെന്ന കൊടിക്കുന്നിൽ സുരേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റും ചർച്ചയായി. ഉമ്മൻ ചാണ്ടിയുടെ കുടുംബമാണ് ചികിൽസയിൽ എല്ലാം ചെയ്തിരുന്നത്. ഈ സാഹചര്യത്തിലാണ് യഥാർത്ഥ വസ്തുത മനസ്സിലാക്കാൻ രാഹുൽ നേരിട്ട എത്തിയത്. നേരത്തേയും ബംഗ്ലൂരുവിൽ ഉമ്മൻ ചാണ്ടിയെ ചികിൽസിക്കുന്ന ഡോക്ടറുമായി രാഹുൽ ഫോണിൽ സംസാരിച്ചിരുന്നു. ബംഗ്ലൂരുവിൽ ഉമ്മൻ ചാണ്ടി എത്തിയതിന് പിന്നാലെയായിരുന്നു അത്. അതിന് ശേഷം ഉമ്മൻ ചാണ്ടി ആരോഗ്യം വീണ്ടെടുത്തുവെന്നായിരുന്നു പൊതു ധാരണ.

ബംഗ്ലൂരുവിൽ തുടർന്ന ഉമ്മൻ ചാണ്ടിയെ കാണാൻ പല പ്രമുഖരും കേരളത്തിൽ നിന്നും എത്തിയിരുന്നു. പക്ഷേ അവരിൽ ബഹുഭൂരിഭാഗത്തിനും ഉമ്മൻ ചാണ്ടിയുടെ അടുത്തേക്ക് എത്താൻ കഴഞ്ഞിരുന്നില്ല. ഉമ്മൻ ചാണ്ടിയുടെ ബംഗ്ലൂരു ചികിൽസയിൽ നിർണ്ണായകമായതും രാഹുൽ ഗാന്ധിയുടെ ഇടപെടലായിരുന്നു. ഫെബ്രുവരിയിൽ കോഴിക്കോട് രാഹുൽ എത്തിയപ്പോൾ നടത്തിയ നീക്കമാണ് ഉമ്മൻ ചാണ്ടിക്ക് ബംഗ്ലൂരുവിൽ ചികിൽസ ഉറപ്പാക്കിയത്. ന്യുമോണിയ ബാധയെ തുടർന്ന് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നാണ് ബംഗ്ലൂരുവിലേക്ക് പോയത്. പ്രത്യേക മെഡിക്കൽ സംഘം പരിശോധിച്ചാണ് തുടർ ചികിൽസയിൽ തീരുമാനമെടുത്തത്.

ഉമ്മൻ ചാണ്ടിയെ ബംഗ്ലൂരുവിൽ എത്തിച്ച ദിവസങ്ങളിൽ രാഹുൽ ഗാന്ധി കോഴിക്കോടും വയനാടും പര്യടനത്തിലായിരുന്നു. ഈ സമയം ഉമ്മൻ ചാണ്ടിയുടെ അടുത്ത ബന്ധു രാഹുലിനെ സന്ദർശിച്ചിരുന്നു. ബംഗ്ലൂരുവിൽ നിന്നെത്തിയ ഈ ബന്ധു ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ചികിൽസയുടെ ആവശ്യമില്ലെന്ന തരത്തിലുമാണ് പ്രതികരിച്ചത്. ഇതോടെ വിഷയത്തിൽ രാഹുൽ ഗാന്ധി സജീവമായി ഇടപെട്ടു. ബംഗ്ലൂരുവിൽ ഉമ്മൻ ചാണ്ടിയെ ചികിൽസിക്കുന്ന ഡോക്ടറെ തന്നെ രാഹുൽ ഗാന്ധി നേരിട്ട് വിളിച്ചു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തിൽ ആശങ്ക വേണ്ടെന്നും എന്നാൽ തുടർ ചികിൽസ അനിവാര്യമാണെന്നും ഡോക്ടർ നേരിട്ട് രാഹുലിനെ അറിയിച്ചു. ഇതോടെ ഒരു കാരണവശാലും ബംഗ്ലൂരുവിൽ നിന്നും ഉമ്മൻ ചാണ്ടിയെ ഉടൻ നാട്ടിലേക്ക് കൊണ്ടു വരരുതെന്ന നിർദ്ദേശം എഐസിസി ജനറൽ സെക്രട്ടറി കെസി വേണഗോപാലിന് അടക്കം രാഹുൽ നൽകി. ഇക്കാര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

ഡോക്ടറുമായി ഏറെ വിശദമായി തന്നെ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സ്ഥിതിയിൽ രാഹുൽ ആശയ വിനിമയം നടത്തിയിരുന്നു. ഉമ്മൻ ചാണ്ടിക്ക് ചികിൽസ മെച്ചപ്പെട്ട ചികിൽസ ഉറപ്പിക്കാൻ എല്ലാം ചെയ്യുമെന്ന് ഡോക്ടർക്ക് രാഹുൽ ഉറപ്പും നൽകി. അതിന് ശേഷം വീണ്ടും കഴിഞ്ഞ ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തിൽ ആശങ്ക എത്തി. ഈ സാഹചര്യത്തിലാണ് കർണ്ണാടകയിൽ പ്രചരണ തിരിക്കിനിടയിലും രാഹുലിനെ ഉമ്മൻ ചാണ്ടിക്ക് അടുത്ത് എത്തിച്ചത്.