തിരുവനന്തപുരം: ആൾക്കൂട്ടത്തിന്റെ ഊർജ്ജമാണ് എന്നും ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവിന്റെ ഊർജ്ജം. ആൾകൂട്ടത്തിന് നടുവിൽ നിൽക്കുമ്പോൾ അദ്ദേഹം ഇരട്ടി ഊർജ്ജവാനായി മാറും. നേതാക്കളുടെയും അണികളുടെയും നിർബന്ധം മൂലം ഇടക്കാലം കൊണ്ട് ആൾക്കൂട്ടത്തിൽ നിന്നും മാറി ചികിത്സയിലായിരുന്നു അദ്ദേഹം. ശബ്ദം കുറഞ്ഞതിനൊപ്പം ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയ നേതാവിന് ജർമ്മനിയിൽ പോയി ചികിത്സ നടത്തിയിരുന്നു. ഇതിന് ശേഷം ബംഗളുരുവിൽ വിശ്രമത്തിലായിരുന്നു ജനങ്ങളുടെ പ്രിയങ്കരനായ നേതാവ്.

ബംഗളുരുവിൽ വീട്ടിൽ കഴിയുമ്പോഴും നാട്ടിൽ നിന്നും നേതാക്കൾ എത്തുമ്പോൾ അത്യത്സാഹവനായിരുന്നു ഉമ്മൻ ചാണ്ടി. വി ഡി സതീശൻ അടക്കം ഉമ്മൻ ചാണ്ടിയെ സന്ദർശിക്കാൻ എത്തിയിരുന്നു. എന്തായാലും ചികിത്സയിലൂടെ ഓജസ്സും തേജസ്സും വീണ്ടെടുത്തു ആൾക്കൂട്ടത്തിന്റെ ഊർജ്ജമാകാൻ കേരളത്തിന്റെ ജനകീയ നേതാവ് വേണ്ടും നാട്ടിലെത്തി കഴിഞ്ഞു. ദ്വീർഘകാലത്തിന് ശേഷം ഉമ്മൻ ചാണ്ടി അടുത്തിടെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല. ഇനി അടുത്ത നിയമസഭാ സമ്മേളനത്തിൽ അടക്കം പങ്കെടുത്ത് കേരളത്തിൽ സജീവമാകാനാണ് ഉമ്മൻ ചാണ്ടി ഒരുങ്ങുന്നത്.

സോളാർ കേസിൽ നിന്നും വിടുതൽ നേടി ഇരട്ടി ഊർജ്ജത്തോടെയാണ് ഉമ്മൻ ചാണ്ടിയുടെ മടങ്ങിവരവ്. തന്നെ രാഷ്ട്രീയമായി ദ്രോഹിച്ചവർക്കുള്ള മറുപടിയാണ് സിബിഐ നൽകിയ ക്ലീൻചിറ്റും. നാട്ടിലെത്തി ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചതും ഇതേക്കുറിച്ചായിരുന്നു. സോളാർ കേസിൽ ആശങ്കയില്ലായിരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സത്യം ജയിക്കും സത്യം വിട്ടൊരു തീരുമാനം ഉണ്ടാവില്ല എന്ന് വിശ്വാസമുണ്ടായിരുന്നു. തെളിവുകളില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതിനെ കുറിച്ച് നീതിബോധമുള്ള ജനങ്ങൾ ചിന്തിക്കും. അന്വേഷണ ഉദ്യോഗസ്ഥർ ശുപാർശ ചെയ്യാതെ പരാതിക്കാരിയുടെ വാക്കുകേട്ട് സിബിഐ അന്വേഷണത്തിന് പോയതിൽ മാത്രം സർക്കാരിനോട് പരിഭവമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഇതോടൊപ്പം, താൻ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നും രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകുമെന്നും സ്ഥാനമാനങ്ങൾ ഏറ്റെടുക്കില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ജർമനിയിലെ ചികിത്സയും ബെംഗളുരുവിലെ വിശ്രമവും അദ്ദേഹത്തെ കൂടുതൽ ഊർജ്ജവാനാക്കിയിട്ടുണ്ട്. തൊണ്ടയിലെ ലേസർ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിരുന്നു. തുടർന്ന് വിശ്രമത്തിന് ശേഷമാണ് അദ്ദേഹം ബംഗളുരുവിൽ എത്തിയത്.

ഉമ്മൻ ചാണ്ടിയെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ഉമ്മൻ ചാണ്ടി ഉന്മേഷവാനാണെന്നും ലേസർ ശസ്ത്രക്രിയ ആയതിനാൽ മറ്റു പ്രയാസങ്ങളില്ലെന്നും അതിവേഗം അദ്ദേഹം പൂർണ ആരോഗ്യത്തിലേക്കു മടങ്ങുമെന്നും ബെന്നി ബെഹനാനും വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിക്കൊപ്പം, മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ബർലിനിൽ എത്തിയിരുന്നു.

ബംഗളുരുവിൽ വിശ്രമത്തിൽ കഴിയവേയാണ് സോളാർ കേസിൽ സിബിഐ ഉമ്മൻ ചാണ്ടിക്ക് ക്ലീൻചിറ്റ് നൽകിയത്. ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കുട്ടിക്കെതിരായ പരാതിയും സിബിഐ തള്ളി. ഇതോടെ മുഴുവൻ സോളാർ പീഡന കേസുകളിലെയും പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.

നേരത്തെ കെസി വേണുഗോപാൽ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, ഹൈബി ഈഡൻ എന്നിവരെയും വിവിധ കേസുകളിൽ കുറ്റവിമുക്തരാക്കിയായിയിരുന്നു സിബിഐ റിപ്പോർട്ട്. കെ സി വേണുഗോപാലിനെതിരെ വ്യാജതെളിവുണ്ടാക്കാൻ പരാതിക്കാരി ശ്രമിച്ചെന്നും റിപ്പോർട്ടിലുണ്ട്. കേസെടുക്കാൻ കെ സി അര ലക്ഷം രൂപ നൽകിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. പരാതിക്കാരിയുടെ മുൻ മാനേജറുടെ കയ്യിൽ നിന്നും അരലക്ഷം രൂപ കണ്ടെത്തിയിരുന്നു.

വേണുഗോപാലിന്റെ സെക്രട്ടറി തന്ന പണമാണെന്നായിരുന്നു ആരോപണം. എന്നാൽ പണം നൽകിയത് പരാതിക്കാരി തന്നെയാണെന്നാണ് സിബിഐ കണ്ടെത്തൽ. ആറ് കേസുകളിലും പരാതിക്കാരിയുടെ മുഴുവൻ വാദങ്ങളും ഹാജരാക്കിയ തെളിവുകളും തള്ളിയാണ് സിബിഐ റിപ്പോർട്ടുകൾ.