- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയുടെ കോലം കേരള ഹൗസില്‍ കത്തിയത് സോളാറിലെ പ്രതിഷേധം; പ്രധാന ബ്ലോ്ക് തീയിടാനുള്ള ശ്രമമെന്ന് പോലീസ് കേസ്; അന്ന് കണ്ടവരെ ആരേയും തിരിച്ചറിയാന്‍ കഴിയാത്ത ആഭ്യന്തര സെക്രട്ടറി; ബിശ്വനാഥ് സിന്‍ഹയുടെ മൊഴിയില്‍ എസ് എഫ് ഐക്കാര്‍ രക്ഷപ്പെടുമോ?
ന്യൂഡല്‍ഹി : യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ ഡല്‍ഹി കേരള ഹൗസില്‍ പ്രതിഷേധിച്ചവരെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ. നിലവില്‍ രാജ്യസഭാ എംപി കൂടിയായ വി ശിവദാസന്‍ ഉള്‍പ്പടെയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരെ തിരിച്ചറിയാനാകുന്നില്ലെന്ന് ബിശ്വനാഥ് സിന്‍ഹ കോടതിയെ അറിയിച്ചു. ഡല്‍ഹിയില്‍ റൗസ് അവന്യു കോടതിയില്‍ നേരിട്ട് ഹാജരായാണ് ഇക്കാര്യം ബിശ്വനാഥ് സിന്‍ഹ വ്യക്തമാക്കിയത്.
എസ്എഫ്‌ഐ നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും എതിരായ കേസില്‍ ഡല്‍ഹി റൗസ് അവന്യു കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദിവ്യ മല്‍ഹോത്ര മുമ്പാകെ ഹാജരായാണ് മൊഴി നല്‍കിയത്. കേസിലെ പ്രതികളായ വി ശിവദാസന്‍ ഉള്‍പ്പടെയുള്ളവര്‍ കോടതി നടപടികളില്‍ ഓണ്‍ലൈന്‍ ആയി പങ്കെടുത്തു. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കണ്ട മുഖങ്ങള്‍ നോക്കിയ ശേഷം ഇവരാണോ ഉമ്മന്‍ ചാണ്ടിക്ക് എതിരായ പ്രതിഷേധ സമരം നടത്തിയതെന്ന് ബിശ്വനാഥ് സിന്‍ഹയോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആരാഞ്ഞു. തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നായിരുന്നു മറുപടി.
സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ആരെയും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നായിരുന്നു വിശദീകരണം. സംഭവം നടക്കുമ്പോള്‍ കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മീഷ്ണര്‍ ആയിരുന്നു സിന്‍ഹ. പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കിലും താന്‍ നല്‍കിയ പരാതിയില്‍ ഉറച്ച് നില്‍ക്കുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എസ്എഫ്‌ഐ നേതാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ ബിശ്വനാഥ് സിന്‍ഹയെ വിസ്തരിച്ചു. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷക എല്‍ ആര്‍ കൃഷ്ണയും ഹാജരായി
കേസില്‍ ഓണ്‍ലൈന്‍ ആയി മൊഴി നല്‍കാന്‍ ബിശ്വനാഥ് സിന്‍ഹക്ക് കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ആ ദിവസം ഓണ്‍ലൈന്‍ ആയി ഹാജരാകാതിരുന്നതിനാല്‍ നേരിട്ട് ഹാജരായി മൊഴി നല്‍കണം എന്ന് കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ സാക്ഷികളായി ഡല്‍ഹി പോലീസ് സിവില്‍ പോലീസ് ഓഫീസര്‍മാരും ഉണ്ട്. ഇവരുടെ മൊഴിയാകും ഇനി കേസിന്റെ ഗതി നിര്‍ണ്ണയിക്കുക.
സോളാര്‍ അഴിമതിക്ക് എതിരായ സമരത്തിന്റെ ഭാഗമായാണ് വി ശിവദാസന്‍ ഉള്‍പ്പടെയുള്ള എസ്എഫ്‌ഐ നേതാക്കളും, പ്രവര്‍ത്തകരും ഡല്‍ഹിയിലെ കേരള ഹൗസില്‍ എത്തിയ ഉമ്മന്‍ ചാണ്ടിക്ക് എതിരെ പ്രതിഷേധ സമരം നടത്തിയത്. പ്രതിഷേധ സമരത്തിന്റെ ഭാഗമായി കേരള ഹൗസില്‍ ഉമ്മന്‍ ചാണ്ടിയുടെ കോലവും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു. കോലം കത്തിച്ചതിലൂടെ കേരള ഹൗസിന്റെ പ്രധാന ബ്ലോക്ക് തീയിടാന്‍ ആണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചത് എന്നാണ് ആരോപണം. ഈ കേസിലാണ് ആഭ്യന്തര സെക്രട്ടറിയുടെ മൊഴി നല്‍കല്‍.